ഗെയില്‍ പൈപ്പ്‌ലൈന്‍; കൊച്ചി-മംഗളൂരു ലൈന്‍ ഉദ്ഘാടനം ജനുവരി അഞ്ചിന്

ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി–-മംഗളുരു പ്രകൃതി വാതക പൈപ്പ്‌ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്‌ച രാഷ്ട്രത്തിനു സമർപ്പിക്കും.

പകൽ 11ന്‌ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ്‌ ഉദ്‌ഘാടനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഗവർണർ വാജഭായ് വാല, കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുക്കുമെന്ന്‌ ഗെയിൽ അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതുവൈപ്പിലെ ടെർമിനലിൽനിന്ന്‌ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകൾവഴിയാണ്‌ പൈപ്പ്‌ലൈൻ കർണാടകത്തിലെ മംഗളുരുവിലെത്തിയത്‌.

ബംഗളൂരുവിലേക്ക്‌ പൈപ്പ്‌ലൈൻ ഉൾപ്പെടെ 510 കിലോമീറ്ററാണ്‌ കേരളത്തിലൂടെ പോകുന്നത്‌. മുൻ യുഡിഎഫ്‌ സർക്കാർ‌ പൂർത്തിയാക്കിയത്‌ 40 കിലോമീറ്റർമാത്രം. പദ്ധതിക്ക് സിംഗിൾ വിൻഡോ ക്ലിയറൻസ്‌ കൊടുത്തത് മുൻ എൽഡിഎഫ് ‌സർക്കാരാണ്.

ആദ്യഘട്ടം 2010ൽ തുടങ്ങി 2013 ആഗസ്‌ത്‌ 25ന് കമീഷൻ ചെയ്തു. രണ്ടാംഘട്ടം 2012 ജനുവരിയിൽ തുടങ്ങി. സ്ഥലമെടുപ്പിലെ തടസ്സംമൂലം 2013 നവംബറിൽ പണിനിലച്ചു. എൽഡിഎഫ്‌ അധികാരത്തിൽ എത്തിയപ്പോൾ ഭൂമിയുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി സ്ഥലമേറ്റെടുത്തു.

തുടർന്ന് കൊച്ചി–-മംഗളുരുവരെയുള്ള ഏഴ്‌ സെക്ഷനിൽ ഗെയിൽ പുതിയ കരാർ കൊടുത്ത്‌ നിർമാണം പുനരാരംഭിക്കുകയായിരുന്നുവെന്ന്‌ ഗെയിൽ അധികൃതർ പറഞ്ഞു. ഗെയിൽ ചെയർമാൻ മനോജ് ജയിൻ, ഗെയിൽ മാർക്കറ്റിങ് ഡയറക്ടർ ഇ എസ് രംഗനാഥൻ, ഗെയിൽ ബിസിനസ് ഡെവലപ്‌‌മെന്റ് ഡയറക്ടർ എം വി അയ്യർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News