ആനക്കാംപൊയിലിൽ കിണറിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു

കോഴിക്കോട് ആനക്കാംപൊയിലിൽ കിണറിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. കിണറിന്റെ 100 മീറ്റർ സമീപത്തായി വനത്തോട് ചേർന്നാണ് ചരിഞ്ഞ നിലയിൽ കണ്ടത്. അവശനിലയിലായ ആനയ്ക്ക് നൽകിയ ചികിത്സ ഫലം കണ്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

ആനക്കാംപോയില്‍ തേൻപാറ മലമുകളിൽ കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. രാവിലെ പരിശോധനയ്ക്ക് എത്തിയ വനപാലകർ ആണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. കിണറിൽ വീണപ്പോൾ ഉണ്ടായ ഗുരുതര പരിക്കാവും മരണകാരണമെന്നാണ് സൂചന.

വെറ്റിനിറി സര്‍ജ്ജന്‍റെ നേതൃത്വത്തിലുള്ള സംഘം ചികില്‍സ നല്‍കിയെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിയില്ല. താഴേക്കുള്ള വീഴ്ചയിൽ കാലിന് സാരമായ പരിക്കേറ്റിരുന്നു. മൂന്ന് ദിവസമായി ആഹാരം കഴിക്കാത്തതും ആനയുടെ ആരോഗ്യസ്ഥിതി വഷളാക്കി.

വെള്ളിയാഴ്ചയാണ് ആള്‍ താമസം ഇല്ലാത്ത കൃഷിസ്ഥലത്തെ കിണറില്‍ കാട്ടാനയെ കണ്ടത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനംവകുപ്പ് സംഘം’ കിണറില്‍ നീന്നും പുറത്തെത്തിച്ചെങ്കിലും ആനക്ക് വനത്തിനുള്ളിലേക്ക് തിരികെ പോകാനായിരുന്നില്ല.

ശനിയാഴ്ച ആനയെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ചശേഷം പരിശോധന നടത്തിയിരുന്നു. ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തി. മൂന്നു ദിവസത്തോളമായി ഭക്ഷണം ലഭിക്കാത്തതിനെത്തുടർന്നുണ്ടായ ക്ഷീണവും കാലുകള്‍ക്കേറ്റ പരിക്കും ആരോഗ്യനില വഷളാക്കിയെന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here