“അവിടെ അടയ്ക്കാന്‍ എന്റെ പക്കല്‍ പണമില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, നീയത് അടയ്ക്കേണ്ട”; മണിയുടെ ജന്മദിനത്തില്‍ വെെകാരികമായി കുറിപ്പ് പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

മലയാളികളുടെ മനസ്സില്‍ അനശ്വരനായി ജീവിക്കുന്ന കലാകാരനാണ് നടന്‍ കലാഭവന്‍ മണി. മണിയുടെ ഓര്‍മ്മകളെല്ലാം മലയാളികള്‍ നെഞ്ചോട് ചേര്‍ക്കാറുണ്ട്.

അകാലത്തില്‍ വിടവാങ്ങിയ പ്രിയപ്പെട്ട കലാകാരന്‍റെ 50-ാം പിറന്നാള്‍ ദിനത്തില്‍ യുവനടന്‍ ഉണ്ണി മുകുന്ദന്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ആദ്യമായും അവസാനമായും മണിയുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയുടെ അനുഭവമാണ് ഉണ്ണി പങ്കുവച്ചിരിക്കുന്നത്. തന്റെ അഭിനയ ജീവിതത്തിന്‍റെ തുടക്കക്കാലത്ത് വിമാനത്താവളത്തില്‍ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാനാവാതെ വന്നപ്പോള്‍ മണിചേട്ടന്‍ സഹായിച്ചതിനെപ്പറ്റിയായിരുന്നു ഉണ്ണിയുടെ വികാര നിര്‍ഭരമായ ഫെയ്സ്ബുക്ക് കുറിപ്പ്.

ഉണ്ണിമുകുന്ദന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ;

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നാമെല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാ നന്മകളും ഈ വര്‍ഷം കൊണ്ടുവരട്ടെ !! അതോടൊപ്പം എന്റെ പ്രിയപ്പെട്ട നടന്‍ മണിചേട്ടനും ജന്മദിനാശംസകള്‍ നേരുകയാണ്. !!!

മണിച്ചേട്ടനും ഞാനുമായി ഉണ്ടായ അദ്യത്തേതും അവസാനത്തേതുമായ ഏക കൂടിക്കാഴ്ചയുടെ അനുഭവം ഇവിടെ പങ്കു വയ്ക്കുകയാണ്. എന്റെ ആദ്യത്തെ മലയാള ചിത്രം റിലീസ് ചെയ്തതിനെത്തുടര്‍ന്ന് ഇന്ത്യക്ക് പുറത്തുള്ള ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. തിരികെ വരുമ്ബോള്‍ അവിടുത്തെ കുടുംബങ്ങള്‍ എനിക്ക് കൈനിറയെ ഒത്തിരി സമ്മാനങ്ങളുമായി വന്നു. സമ്മാനങ്ങളുടെ കൂട്ടത്തില്‍ ഒരു വലിയ ടിവി ഉണ്ടായിരുന്നു, ആദ്യം ഞാന്‍ സ്വീകരിച്ചില്ല. എന്നിരുന്നാലും, സുഹൃത്തുക്കളുടെയും മറ്റും നിര്‍ബന്ധത്തിനു മുന്നില്‍ അവരുടെ സ്നേഹത്തിന്റെ അടയാളമായി അത് സ്വീകരിക്കാന്‍ ഞാന്‍ സമ്മതിക്കുകയായിരുന്നു. പക്ഷേ, ഞാന്‍ കേരളത്തിലെത്തിയപ്പോള്‍ കസ്റ്റംസ് ഓഫീസര്‍മാര്‍ എന്നെ പിടിച്ച്‌ ഡ്യൂട്ടി ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടു, ആ സമയത്ത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തവിധത്തിലൂള്ള തുകയാണ് അവര്‍ ആവശ്യപ്പെട്ടത്.. ഇതൊരു സമ്മാനമാണെന്നും എനിക്ക് പണമില്ലാത്തതിനാല്‍ അത് അവര്‍ തന്നെ പിടിച്ചെടുക്കുന്നതാണ് നല്ലതെന്നും ഞാന്‍ അവരോട് പറഞ്ഞു.

അതു പറഞ്ഞ് ഞാന്‍ തിരിയുമ്ബോഴേക്കും ആരോ എന്റെ പേര് ഡാ ഉണ്ണിയേ,,,,,,,,,, എന്ന് വിളിക്കുന്നതായി കേട്ടു, ആ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം അടുത്തുവന്ന് എന്റെ തോളില്‍ കൈ വച്ചു, എന്നെ ഒരു വശത്തേക്ക് തള്ളിമാറ്റി, മറ്റുള്ളവരോടൊപ്പം പോയി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഞാന്‍ കാണുന്നത്. ടിവിയുമായി എന്റെ അടുത്തേക്ക് നടക്കുന്ന മണി ചേട്ടന്റെ പുഞ്ചിരിക്കുന്ന മുഖമാണ്. മണി ചേട്ടന്‍ സ്വന്തം പൈസ കൊണ്ട് അതിന്റെ ഫീസ് അടച്ചിരിക്കുന്നു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച്‌ ഒരു കൈ കുലുക്കി, അത് എന്റെ കൈത്തണ്ട ഏതാണ്ട് തകര്‍ത്തു, എന്നാല്‍ ഏറ്റവും ശക്തമായ കൈകളുണ്ടെന്നും എന്നാല്‍ ഹൃദയത്തിലെ ഏറ്റവും മധുരമുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു . അവിടെ അടയ്ക്കാന്‍ എന്റെ പക്കല്‍ പണമില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, നീയത് അടയ്ക്കേണ്ട.

എന്നെപ്പോലുള്ള ധാരാളം പേര്‍ക്ക് ആ മനുഷ്യനെക്കുറിച്ച്‌ പറയാന്‍ ഇതുപോലെ നിരവധി കഥകളും ഓര്‍മ്മകളും ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഐ മിസ് യു ഏട്ടാ! നിങ്ങള്‍ എവിടെയായിരുന്നാലും, നിങ്ങളാണെന്റെ സൂപ്പര്‍സ്റ്റാര്‍

മണിചേട്ടനെ പോലെ തന്നെ, ഈ വര്‍ഷം മറ്റൊന്നും ചിന്തിക്കാതെ തിരിച്ച്‌ എന്തെങ്കിലും കിട്ടുമെന്ന് അറിയാതെ മറ്റുള്ളവരെ സഹായിക്കാനുള്ള ഈ മനോഭാവം നമ്മളില്‍ ഉണ്ടാകട്ടെ. 2020 നമ്മളെ പഠിപ്പിച്ചത്‌ ബുദ്ധിമുട്ടുകള്‍‌ വരുമ്ബോള്‍ കൂടെ നില്‍ക്കാന്‍ ആണ്, 2021ലും അത്‌ മുന്നോട്ട്‌ കൊണ്ടുപോകാന്‍ നമുക്ക്‌ എല്ലാവര്‍ക്കും സാധിക്കട്ടെ.

സ്നേഹപൂര്‍വം, ഉണ്ണി മുകുന്ദന്‍.

Happy New Year everyone May this year bring all the goodness that all of us have been desperately waiting for !! Also…

Posted by Unni Mukundan on Thursday, 31 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News