വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം കോണ്‍ഗ്രസിന്‍റെ മതേതര മുഖം നഷ്ടമാക്കി; യുഡിഎഫിനെതിരെ സിറോ മലബാര്‍ സഭ

യു ഡി എഫിനെതിരെ സിറോമലബാര്‍ സഭ. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം കോണ്‍ഗ്രസ്സിന്‍റെ മതേതര മുഖം നഷ്ടമാക്കിയെന്ന് സഭാപ്രസിദ്ധീകരണത്തില്‍ വിമര്‍ശനം.

കോണ്‍ഗ്രസ്സ് ലീഗിന് കീ‍ഴടങ്ങിയെന്നും സത്യദീപം മാസികയിലെ ലേഖനത്തിലൂടെ സഭ വിമര്‍ശിച്ചു. സര്‍ക്കാരിന് അനുകൂലമായ പൊതുവികാരമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയത്തിന് കാരണമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സിറോ മലബാര്‍ സഭയ്ക്ക് കീ‍ഴിലെ എറണാകുളം അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യദീപത്തിലാണ് യു ഡി എഫിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ്സ് സഖ്യമുണ്ടാക്കിയത് ക്രൈസ്തവ വോട്ടുകള്‍ ചോരാനിടയാക്കിയെന്ന് ലേഖനത്തില്‍ പറയുന്നു.

വര്‍ഗ്ഗീയ കക്ഷികളുമായുള്ള ബാന്ധവം കോണ്‍ഗ്രസ്സിന്‍റെ മതേതര മുഖം നഷ്ടമാക്കിയെന്ന തോന്നലിന് കാരണമായി.കോണ്‍ഗ്രസ്സ് ലീഗിന് കീ‍ഴടങ്ങിയെന്ന് പോതുവില്‍ വിമര്‍ശനമുയര്‍ന്നതായും സത്യദീപത്തിന്‍റെ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന രാഷ്ടീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി വീണ്ടും ചുവട് മാറുമ്പോള്‍ യു ഡി എഫിന്‍റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണ്ണമാകുമെന്ന രാഷ്ട്രീയ നിരീക്ഷണം പ്രധാനപ്പെട്ടതാണെന്നും ലേഖനത്തില്‍ പറയുന്നു.

ക്രൈസ്തവസഭകള്‍ പ്രതികൂല നിലപാട് സ്വീകരിച്ചത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് യു ഡി എഫ് നേരത്തെ വിലയിരുത്തിയിരുന്നു.ഇതെത്തുടര്‍ന്ന് സഭകളുടെ തെറ്റിദ്ധാരണ നീക്കാന്‍ മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങുകയും ചെയ്തു.

ഇതിന്‍റെ ഭാഗമായി അരമനകളില്‍ കയറി സഭാധ്യക്ഷന്‍മാരെ സന്ദര്‍ശിച്ച് തെറ്റിദ്ധാരണ നീക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെങ്കിലും അത് ഫലം കണ്ടിട്ടില്ലെന്നാണ് സത്യദീപത്തിലെ വിമര്‍ശനത്തില്‍ നിന്ന് വ്യക്തമാകുന്നത്. സാമ്പത്തിക സംവരണ വിഷയത്തിലടക്കം ഉള്ള കടുത്ത വിയോജിപ്പാണ് മുസ്ലീലീഗ് അപ്രമാദിത്തം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന യു ഡി എഫില്‍ നിന്ന് സഭയെ അകറ്റുന്നത്.

ബി ജെ പിയെയും സത്യദീപത്തിലെ ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കേരളത്തില്‍ ബി ജെ പി യുടെ മതേതരമമത കാപട്യമാണന്നും ബി ജെ പിയുടെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഈ തദ്ദേശതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം സര്‍ക്കാര്‍ അനുകൂല വികാരമാണ് എല്‍ ഡി എഫ് വിജയത്തിന് ആധാരമായതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News