‘എക്സെൽ ഷീറ്റ് റീവാല്യുവേഷനിലും യുഡിഎഫിന് തോൽവി തന്നെയാണ് കുഴൽനാടാ..’ ; മാത്യൂ കുഴൽനാടന് മന്ത്രി തോമസ് ഐസകിന്‍റെ മറുപടി

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുകൾ എക്‌സൽ ഷീറ്റിൽ കണക്കെടുത്ത്‌ മാത്യൂ കുഴൽനാടൻ ജയിപ്പിക്കാൻ നോക്കിയാലും യുഡിഎഫിന്‌ തോൽവി തന്നെയാണെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌.

തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട യുഡിഎഫിനെ മൈക്രോസോഫ്റ്റ് എക്സെൽ ഉപയോഗിച്ച് വിജയിപ്പിക്കാനുള്ള മാത്യു കുഴൽനാടന്റെ നീക്കം രസകരമായെന്ന് മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ ആകെ വോട്ടു കണക്കു പരിശോധിച്ചാൽ യുഡിഎഫിന് എൽഡിഎഫിനെക്കാൾ വോട്ടു കൂടുതലാണെന്നാണ് കുഴൽനാടന്റെ കണ്ടെത്തൽ. ജില്ലാപഞ്ചായത്തിൽ ലഭിച്ച വോട്ടുകൾ കണക്കിലെടുക്കാതെ കുഴൽനാടൻ കൂട്ടിയ കണക്കുകളിൽ നിന്ന്‌ മലപ്പുറം ജില്ലയെ ഒഴിവാക്കി ഒന്നുകൂടി വിലയിരുത്തിയാൽ ശരിക്കുള്ള പരാജയം ആർക്കാണെന്ന്‌ വ്യക്‌തമാകുമെന്ന് ഐസക്‌ തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്‌റ്റ്‌ ചുവടെ;

തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട യുഡിഎഫിനെ മൈക്രോസോഫ്റ്റ് എക്സെൽ ഉപയോഗിച്ച് വിജയിപ്പിക്കാനുള്ള മാത്യു കുഴൽനാടന്റെ നീക്കം രസകരമായി. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ ആകെ വോട്ടു കണക്കു പരിശോധിച്ചാൽ യുഡിഎഫിന് എൽഡിഎഫിനെക്കാൾ വോട്ടു കൂടുതലാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. ജില്ലാ പഞ്ചായത്തൊന്നും അദ്ദേഹത്തിന്റെ വിശകലനത്തിൽ കണക്കിലെടുക്കേണ്ട പ്രാധാന്യമുള്ള സ്ഥാപനമല്ല. കാരണം, ആകെ പതിനാല് ജില്ലാ പഞ്ചായത്തിൽ പതിനൊന്നും ഭരിക്കുന്നത് എൽഡിഎഫാണല്ലോ. സ്വാഭാവികമായും അതിന്റെ വോട്ടു കണക്ക് അവഗണിക്കാനുള്ള ത്വര സ്വാഭാവികമാണ്. അതവിടെ നിൽക്കട്ടെ. നമുക്ക് അദ്ദേഹത്തിന്റെ കണക്കു നോക്കാം.

അദ്ദേഹം വാദിക്കുന്നത് ഇങ്ങനെയാണ്.

“കേരളത്തിലെ ഗ്രാമ പഞ്ചായത്ത്–മുനിസിപ്പാലിറ്റി–കോർപറേഷൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 2,12,73,417 പേർ വോട്ടു ചെയ്തതായി കണ്ടെത്തി. ഇതിൽ 74,58,516 പേർ യുഡിഎഫിനും, 74,37,787 പേർ എൽഡിഎഫിനും വോട്ടു ചെയ്തു. യുഡിഎഫിന് 35.06%, എൽഡിഎഫഇന് 34.96% വോട്ടുകൾ ലഭിച്ചു. സീറ്റുകൾ നേടിയെടുക്കുന്നതിൽ യുഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടെങ്കിലും വോട്ടുകൾ കൂടുതൽ ലഭിച്ചു”.

ഇരുമുന്നണികളിലെയും സ്വതന്ത്രരുടെ വോട്ടുവിഹിതം ഈ കണക്കിൽ ഉൾപ്പെടില്ല എന്നൊരു പോരായ്മയുണ്ട്. അതു സാരമില്ലെന്നു വെയ്ക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ കണക്ക് അദ്ദേഹത്തിനും യുഡിഎഫിനും മനസമാധാനം നൽകുമെങ്കിൽ നാം തർക്കമുന്നയിക്കുന്നത് മുറിവിൽ ഉപ്പു പുരട്ടുന്ന പണിയാണ്. അതുകൊണ്ട്, അദ്ദേഹത്തിന്റെ കണക്കു തന്നെ തൽക്കാലത്തേയ്ക്ക് നമുക്കും സ്വീകരിക്കാം.ചെറിയൊരു അഭ്യർത്ഥന കുഴൽനാടനു മുന്നിൽ വെയ്ക്കട്ടെ. ജില്ലാ പഞ്ചായത്തുകൾ ഒഴിവാക്കിയ സാഹചര്യത്തിൽ മലപ്പുറം ജില്ലയൊഴിച്ചുള്ള കണക്കു കൂടി ഒന്നു വിശകലനം ചെയ്യണം. യുഡിഎഫിന്റെ പൊതുസ്ഥിതി – വിശേഷിച്ച് കോൺഗ്രസിന്റെ – മനസിലാക്കാൻ അങ്ങനെയൊരു വിശകലനം വേണ്ടതാണ്. ആ കണക്ക് താഴെ കൊടുക്കുന്നു..

ഗ്രാമപഞ്ചായത്ത് – മുനിസിപ്പാലിറ്റി – കോർപറേഷൻ എന്നിവിടങ്ങളിൽ യുഡിഎഫിന് ആകെ ലഭിച്ചത് 74,58,516 വോട്ടുകൾ. മലപ്പുറത്തെ ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന് ലഭിച്ച വോട്ടുകൾ – 9,38,855 . മലപ്പുറത്തെ മുനിസിപ്പാലിറ്റികളിൽ യുഡിഎഫിന് ലഭിച്ചത് – 1,96,693. ആകെ 11,35,548. മറ്റു 13 ജില്ലകളിൽ യുഡിഎഫിന് ലഭിച്ചത് 63,22,968 വോട്ടുകൾ

ഇനി എൽഡിഎഫിന്റെ കണക്കു നോക്കാം.

ഗ്രാമപഞ്ചായത്ത് – മുനിസിപ്പാലിറ്റി – കോർപറേഷൻ എന്നിവിടങ്ങളിൽ എൽഡിഎഫിന്‌ ആകെ ലഭിച്ചത് 74,37,787 വോട്ടുകൾ.

മലപ്പുറത്തെ ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫിന് ലഭിച്ച വോട്ടുകൾ – 5,12,660. മലപ്പുറത്തെ മുനിസിപ്പാലിറ്റികളിൽ എൽഡിഎഫിന് ലഭിച്ചത് – 96,457. ആകെ 6,09,117. മറ്റു 13 ജില്ലകളിൽ എൽഡിഎഫിന് ലഭിച്ചത് 68,28,670 വോട്ടുകൾ.

ഈ പതിമൂന്നു ജില്ലകളിലുമായി ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലായി എൽഡിഎഫിന് യുഡിഎഫിനെക്കാൾ 5,05,702 വോട്ടുകൾ അധികമുണ്ട്. അതുകൊണ്ടാണ് ആ ജില്ലകളിലെ ഭൂരിപക്ഷം പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും എൽഡിഎഫ് ഭരിക്കുന്നത്.

യഥാർത്ഥത്തിൽ വോട്ടിംഗിലെ രാഷ്ട്രീയ പാറ്റേൺ മനസിലാക്കണമെങ്കിൽ, ജില്ലാ പഞ്ചായത്ത് – മുൻസിപ്പാലിറ്റി – കോർപറേഷൻ വോട്ടു കണക്കാണ് വിശകലനം ചെയ്യേണ്ടത്. അതെടുക്കുമ്പോൾ എൽഡിഎഫിന് ആകെ 84,58,037 വോട്ടുകളും യുഡിഎഫിന് 78,89,661 വോട്ടുകളുമാണ് ലഭിച്ചത്. 5,68,376 വോട്ടുകളുടെ വ്യത്യാസം. (സ്വതന്ത്രരുടെ വോട്ടുകൾ ഇവിടെയും കണക്കുകൂട്ടിയിട്ടില്ല). എന്നുവെച്ചാൽ, എക്സെൽ ഷീറ്റ് റീവാല്യുവേഷനിലും യുഡിഎഫിന് തോൽവി തന്നെയാണ് കുഴൽനാടന്‍..

തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട യുഡിഎഫിനെ മൈക്രോസോഫ്റ്റ് എക്സെൽ ഉപയോഗിച്ച്…

Posted by Dr.T.M Thomas Isaac on Sunday, 3 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here