അബുദാബി ബിഗ് ടിക്കറ്റ്; കോഴിക്കോട് സ്വദേശിക്ക് ലഭിച്ചത് 40 കോടി

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര മെഗാബമ്പർ അടിച്ചത് കോഴിക്കോട് സ്വദേശിയ്ക്ക്. മസ്‌കറ്റില്‍ ബിസിനസുകാരനായ ഇരുപത്തിയെട്ടുകാരന്‍ എൻവി അബ്ദുസലാമിനാണ് ബിഗ് ടിക്കറ്റിന്റെ 20 ദശലക്ഷം ദിർഹം സമ്മാനമായി ലഭിച്ചത്.

സമ്മാനത്തുക ഏതാണ്ട് 40 കോടി രൂപ വരും. ബിഗ് ടിക്കറ്റിന്റെ ഏറ്റവും വലിയ സമ്മാനമാണിത്.

നാലാം തവണയാണ് ബിഗ് ടിക്കറ്റില്‍ ഭാഗ്യ പരീക്ഷണം നടത്തുന്നത്. ആറു വർഷത്തിലേറെയായി മസ്‌കത്തില്‍ ഷോപ്പിങ്‌ സെന്റർ നടത്തുകയാണ് എൻ വി അബ്ദുസലാം.

ഡിസംബർ 29നാണ്‌ ഓൺലൈനിലൂടെ ടിക്കറ്റ് എടുത്തത്. ഫോണ്‍ നമ്പറിനൊപ്പം നല്‍കിയ കോഡ് തെറ്റായി നല്‍കിയതിനാല്‍ അല്പം വെെകിയാണ് വിജയിയെ കണ്ടെത്തിയത്.

ഞായറാഴ്ചയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്. വേദിയില്‍ വെച്ച് തന്നെ വിജയിയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. രണ്ടാമത്തെ നമ്പറില്‍ വിളിച്ചപ്പോള്‍ മലയാളത്തില്‍ കോള്‍ കണക്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് വിജയി മലയാളിയാണെന്ന് സ്ഥിരീകരിച്ചത്.

മൂന്നു മാസം പ്രായമായ കുഞ്ഞടക്കം രണ്ട് കുട്ടികളുണ്ട്. സമ്മാനം സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുമെന്നും സമൂഹവിവാഹങ്ങള്‍ നടത്താന്‍ ആഗ്രഹമുണ്ടെന്നും സലാം അറിയിച്ചു.

കഴിഞ്ഞ തവണത്തെ ബമ്പർ വിജയി ജോർജ് ജേക്കബാണ് ഇക്കുറി നറുക്കെടുത്തത്. ഇത്തവണ രണ്ടാം സമ്മാനം 30 ലക്ഷം ദിർഹ (6 കോടി രൂപയോളം)വും മൂന്നാം സമ്മാനം 10 ലക്ഷം ദിർഹ(രണ്ട് കോടിയോളം രൂപ)വുമായിരുന്നു. രണ്ടാം സമ്മാനം ലഭിച്ചത് മലയാളിയായ സഞ്ജു തോമസിനാണ്. മൂന്നാം സമ്മാനം പാകിസ്ഥാൻ സ്വദേശിക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News