മഹാരാഷ്ട്രയിൽ 8 പേർക്ക് ജനിതക മാറ്റം വന്ന കോവിഡ്; സംസ്ഥാനം അതീവ ജാഗ്രതയിൽ

ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ 8 പേർക്ക് ജനിതക മാറ്റം വന്ന കോവിഡ് മഹാരാഷ്ട്രയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. ഇവരിൽ അഞ്ച് പേർ മുംബൈയിൽ നിന്നുള്ളവരാണ്. മൂന്ന് പേർ താനെ, മീരാ ഭയാന്ദർ, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ളവരും. ഇവരുടെ സമ്പർക്ക വിവരങ്ങൾ അധികൃതർ കണ്ടെത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിലാണ് സംസ്ഥാനത്ത് എട്ട് പേർക്ക് പുതിയ കോവിഡ് വൈറസ് സ്ഥിരീകരിച്ച വിവരവും തുടർ നടപടികളെക്കുറിച്ചും ചർച്ച ചെയ്തത്.

യുകെയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മടങ്ങുന്ന ആളുകൾ മുംബൈ വിമാനത്താവളത്തിലെ പരിശോധന ഒഴിവാക്കുവാനായി സംസ്ഥാനത്തിന് പുറത്തുള്ള വിമാനത്താവളത്തിലിറങ്ങി കാർ മാർഗ്ഗം മഹാരാഷ്ട്രയിലെത്തുന്ന വിവരങ്ങൾ കണ്ടെത്തി. ഇത് ഏറെ ആശങ്ക പടർത്തിയിരിക്കയാണ്.

മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വിദേശ യാത്രക്കാർക്ക് കോവിഡ് ടെസ്റ്റും ക്വാറന്റൈനും നിർബന്ധമായതോടെയാണ് തികച്ചും നിരുത്തരവാദിത്തപരമായി കുറച്ചു പേർ കുറുക്കുവഴികൾ തേടിയിരിക്കുന്നത്. ഇതാണ് സംസ്ഥാനത്തിന് വെല്ലുവിളിയായിരിക്കുന്നതെന്ന് യോഗം ചർച്ച ചെയ്തു.

വൈറസിന്റെ പുതിയ വകഭേദത്തിനെതിരായ പ്രതിരോധ നടപടിയായി മഹാരാഷ്ട്ര സർക്കാർ ഡിസംബർ 23 മുതൽ ജനുവരി 5 വരെ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പരിഭ്രാന്തരാകരുതെന്നും നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here