വിജയ വഴിയില്‍ ഗെയില്‍; കേരളത്തിന്റെ അഭിമാന പദ്ധതി ഗെയില്‍ നാടിന് സമര്‍പ്പിച്ചു; എല്‍ഡിഎഫ് സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ കൂടി

ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി-മംഗളുരു പ്രകൃതി വാതക പൈപ്പ്ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.പകല്‍ 11ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഉദ്ഘാടനം നടന്നത്.

ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുത്തു.

പുതുവൈപ്പിലെ ടെര്‍മിനലില്‍നിന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍വഴിയാണ് പൈപ്പ്ലൈന്‍ കര്‍ണാടകത്തിലെ മംഗളുരുവിലെത്തിയത്.

ബംഗളൂരുവിലേക്ക് പൈപ്പ്ലൈന്‍ ഉള്‍പ്പെടെ 510 കിലോമീറ്ററാണ് കേരളത്തിലൂടെ പോകുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത് 40 കിലോമീറ്റര്‍മാത്രം. പദ്ധതിക്ക് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് കൊടുത്തത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ്.

ആദ്യഘട്ടം 2010ല്‍ തുടങ്ങി 2013 ആഗസ്ത് 25ന് കമീഷന്‍ ചെയ്തു. രണ്ടാംഘട്ടം 2012 ജനുവരിയില്‍ തുടങ്ങി. സ്ഥലമെടുപ്പിലെ തടസ്സംമൂലം 2013 നവംബറില്‍ പണിനിലച്ചു.

എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ ഭൂമിയുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി സ്ഥലമേറ്റെടുത്തു. തുടര്‍ന്ന് കൊച്ചി-മംഗളുരുവരെയുള്ള ഏഴ് സെക്ഷനില്‍ ഗെയില്‍ പുതിയ കരാര്‍ കൊടുത്ത് നിര്‍മാണം പുനരാരംഭിക്കുകയായിരുന്നു.

ഗെയില്‍ പൈപ്പ്‌ലൈന്‍ വഴി പാചക വാതകം വീടുകളിലേക്കെത്തിക്കുന്നതാണ് 3620 കോടി രൂപാ ചെലവുള്ള സിറ്റിഗ്യാസ് പദ്ധതി. നിലവില്‍ കൊച്ചി നഗരത്തില്‍ 10 ഓളം വ്യവസായ ശാലകളിലും മൂവായിരത്തി അഞ്ചൂറോളം വീടുകളിലും പദ്ധതി എത്തി കഴിഞ്ഞു.

ആദ്യഘട്ടമെന്ന നിലയില്‍ 2015ലായിരുന്നു സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചത്. പ്രട്രോളിയം ഗ്യാസ് സിലണ്ടറിനേക്കാള്‍ പല മടങ്ങ്‌സുരക്ഷിതമാണ് പ്രകൃതി വാതകമുപയോഗിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി.

കൊച്ചി നഗരത്തിനു പുറമേ വടക്കന്‍ ജില്ലകളിലും ഈ പദ്ധതി വ്യാപിപ്പിക്കുന്നതോടെ കുറഞ്ഞ ചിലവില്‍ തടസ്സങ്ങളൊന്നുമില്ലാതെ വീടുകളില്‍ പാചക വാതകം നല്‍കാനാകും.

നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ശരാശരി പ്രതിമാസ ചിലവ് മുന്നൂറ് രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. മീറ്റര്‍ റീഡിംഗ് പ്രകാരമാണ് ഇതിന്റെ ബില്ലടയ്‌ക്കേണ്ടത്. യതൊരു തടസവും കൂടാതെ ഗ്യാസ് 24 മണിക്കൂറും ലഭ്യമാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here