പക്ഷിപ്പനി വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:രോഗം ബാധിക്കാൻ സാധ്യത കൂടുതലുള്ള ഹൈ റിസ്ക് ഗ്രൂപ്പ് ഇവരാണ്

പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങൾ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകൾ എന്നിവ വഴിയും വേഗം പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് രോഗം പകരും.

മനുഷ്യരിലേക്ക് പകരുന്നത്

രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്.

പക്ഷികളിലെ രോഗലക്ഷണങ്ങൾ

മന്ദത, വിശപ്പില്ലായ്മ, വയറിളക്കം, തൂവൽ കൊഴിയുക, ചലനങ്ങൾക്ക് ബുദ്ധിമുട്ട്, മുട്ടകളുടെ എണ്ണം കുറയുക, കട്ടികുറഞ്ഞ തോടുള്ള മുട്ടകൾ, ശരീരത്തിലും കൊക്ക്, പൂവ് എന്നിവയിലും നീലനിറം, മൂക്കിലൂടെയുള്ള രക്തസ്രാവം, ശ്വാസതടസ്സം എന്നിവയൊക്കെയാണ് ലക്ഷണൾ

മനുഷ്യരെ ബാധിച്ചാലുള്ള ലക്ഷണങ്ങൾ

സാധാരണ ഇൻഫ്ലുവൻസ വൈറസ് ബാധിച്ചാൽ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ തന്നെയാണ് ഇവിടെയും ഉണ്ടാവുക. പനി, ജലദോഷം, തലവേദന, ഛർദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. വളരെ പെട്ടെന്നു തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങൾക്കിടയാക്കാൻ ഈ വൈറസുകൾ ഇടയാക്കും.

ചികിത്സ

രോഗികൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുകൊണ്ടുള്ള ചികിത്സ ആവശ്യമാണ്. ഒസൽട്ടാമിവിർ എന്ന ആന്റി വൈറൽ മരുന്നാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നതിന് എതിരെ നൽകുന്നത്. ഇത് രോഗം ഗുരുതരമാവുന്നത് കുറയ്ക്കാൻ സഹായിക്കും. പക്ഷിപ്പനിക്കുള്ള പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെ ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല. സാധാരണ ഇൻഫഌവൻസയ്ക്ക് ഉപയോഗിക്കുന്ന വാക്സിൻ എച്ച്5എൻ1 ന് പ്രതിരോധം നൽകില്ല.

രോഗം ബാധിക്കാൻ സാധ്യത കൂടുതലുള്ള ഹൈ റിസ്ക് ഗ്രൂപ്പ് ഇവരാണ്

  • പക്ഷികളുമായി ധാരാളമായി ഇടപെടുന്ന കർഷകർ

  • പക്ഷി ഫാമുകളിലെ ജോലിക്കാർ, മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർ

  • ഇറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്യുന്നവർ

  • പക്ഷിവളർത്തലിൽ താത്‌പര്യം ഉള്ളവർ

  • പക്ഷി കാഷ്ഠം (വളത്തിനായി) കൈകാര്യം ചെയ്യുന്നവർ

  • പക്ഷിപ്പനി ബാധിച്ച പക്ഷികളെ കൊല്ലുവാൻ നിയോഗിക്കപ്പെടുന്ന സംഘാംഗങ്ങൾ

  • പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളിലെ ആളുകൾ

പക്ഷിപ്പനി വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :മൃഗസംരക്ഷണ വകുപ്പ് നൽകുന്ന നിർദേശങ്ങൾ

  • ഇറച്ചി, മുട്ട എന്നിവ കുറഞ്ഞത് 70 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാക്കി മാത്രം ഭക്ഷിക്കുക.ഹോട്ടലുകളിൽ പാകം ചെയ്ത ഇറച്ചി, മുട്ട എന്നിവ കഴിയുന്നതും ഒഴിവാക്കുക.മുട്ട പുഴുങ്ങി കഴിക്കുമ്പോൾ മഞ്ഞക്കുരു എല്ലാ ഭാഗവും നന്നായി ഉറച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.ഒരു വശം മാത്രം ചൂടാക്കിയ ഇറച്ചി കഴിക്കരുത്.കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.നന്നായി പാകം ചെയ്ത മാംസവും മുട്ടയും ഉപയോഗിക്കുക.ബുൾസ് ഐ പോലെ പകുതി വേവിച്ച മുട്ടകൾ കഴിക്കരുത്.പകുതി വേവിച്ച മാംസം ഭക്ഷിക്കരുത് (പിങ്ക് നിറം ഉണ്ടാകരുത്)

  • പക്ഷികളുമായി അടുത്ത ബന്ധം ഒഴിവാക്കുക.ശരീരവും വസ്ത്രവും മറയ്ക്കുന്ന മേൽവസ്ത്രം ധരിക്കുക.ഷൂസ് ഉപയോഗിക്കുക. കൈയുറകൾ, മാസ്ക്, ഗോഗിൾസ് എന്നിവ ഉപയോഗിക്കുക.ഉപയോഗിച്ച മേൽവസ്ത്രവും അനുബന്ധ സാധനങ്ങളും ശാസ്ത്രീയമായി രോഗാണു വിമുക്തമാക്കുക.രോഗാണു വിമുക്തമാക്കാൻ ശാസ്ത്രീയമായ കൈകഴുകൽ രീതികൾ ശീലിക്കുക.

  • രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുത്.രോഗമുണ്ടെന്ന് സംശയിക്കുന്ന പക്ഷികളിൽ നിന്നും മനുഷ്യനിൽ നിന്നും ആറ് അടിയിലേറെ ദൂരം പാലിക്കുക.

  • രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കി കത്തിക്കുകയോ ആഴത്തിൽ കുഴിച്ചിടുകയോ ചെയ്യണം.കത്തിക്കാൻ വിറക്, മണ്ണെണ്ണ, പഞ്ചസാര എന്നിവ ഉപയോഗിക്കണം.കുഴിച്ചിടുകയാണെങ്കിൽ 20 അടി താഴ്ചയിൽ കുഴിയെടുക്കണം.മൂന്നു മാസം വരെ ആ സ്ഥലം മറ്റൊരു ഉപയോഗത്തിനും നൽകരുത്.രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

  • ചത്ത പക്ഷികളുടെയോ രോഗം ബാധിച്ചവയെയോ ദേശാടന കിളികളെയോ ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം.

  • രോഗത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറകളും മാസ്കും നിർബന്ധമായും ധരിക്കണം.അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കുക.

  • വ്യാജസന്ദേശങ്ങൾ ഫോർവേഡ് ചെയ്ത് അഭ്യൂഹങ്ങൾ പരത്താതിരിക്കുക.

  • നിങ്ങളുടെ അടുത്ത് അസാധാരണമാംവിധം എണ്ണം പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കാം.നിരീക്ഷണമേഖലയിൽ പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്.
  • പക്ഷിപ്പനിയെക്കുറിച്ച് കർഷകർക്ക് ആവശ്യമായ അവബോധം നൽകുക.പക്ഷികൾക്ക് രോഗം വന്നാൽ അവയ്ക്ക് സ്വയം ചികിത്സ നൽകരുത്.അസുഖങ്ങൾ പെട്ടെന്നു തന്നെ വെറ്ററിനറി ജീവനക്കാരെ അറിയിക്കുക.സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കുക
  • പക്ഷിമരണങ്ങളുണ്ടായാൽ അവയുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.പ്രതിരോധ മരുന്ന് ലഭ്യത ഉറപ്പാക്കുക.സമൂഹത്തിൽ ആശങ്ക പരത്താതെ ശാസ്ത്രീയ ബോധവത്‌ക്കരണം നടത്തുക.
  • പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ കാണുക.
  • വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.ശുചീകരണത്തിനായി രണ്ടു ശതമാനം സോഡിയം ഹൈഡ്രോക്സൈഡ് ലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്.അണുനശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തേണ്ടതാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News