അനശ്വര രക്തസാക്ഷി ശ്രീകുമാറിനെക്കുറിച്ച് അഡ്വ പി കെ ഷിബുവിന്റെ ഹൃദയഹാരിയായ കുറിപ്പ്

അനശ്വര രക്തസാക്ഷി ശ്രീകുമാറിനെക്കുറിച്ചു മുൻ എസ് എഫ് ഐ നേതാവും ആൾ  ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കൊല്ലം ജില്ലാ പ്രസിഡണ്ടുമായ അഡ്വ പി കെ ഷിബുവിന്റെ ഹൃദയഹാരിയായ കുറിപ്പ്
പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയുടെ സുവർണജൂബിലി വാർഷികാഘോഷ വേളയിലാണ് ഈ വർഷത്തെ ശ്രീകുമാർ ദിനം കടന്നുവരുന്നത്. ക്യാമ്പസുകൾ സർഗ്ഗാത്മകവും സംവാദാത്മകവും ആകണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തതു വഴി  വർഗീയതയുടെ കൊലക്കത്തിക്കിരയായ സ:ശ്രീകുമാർ ജനാധിപത്യ വാദികളുടെ മനസ്സിൽ ഇന്നും ജ്വലിക്കുന്ന ഓർമ്മയാണ്.
 ഞാൻ കൊല്ലം എസ്എൻ കോളേജിന്റെ  യൂണിയൻ ഭാരവാഹിയായിരിക്കുന്ന വേളയിലാണ് സ:ശ്രീകുമാർ ബിരുദപഠനത്തിനായി എസ്.എൻ കോളേജിലേക്ക് കടന്നുവരുന്നത്. സാധാരണ വിദ്യാർത്ഥികളെപ്പോലെ പ്രീഡിഗ്രി കഴിഞ്ഞ് നേരെ ബിരുദപഠനത്തിന് വരികയായിരുന്നില്ല ശ്രീകുമാർ ചെയ്തത്.
പ്രീഡിഗ്രിക്ക് ശേഷം ആ ചെറുപ്പക്കാരൻ  രാജ്യസേവനത്തിനായി പട്ടാളത്തിൽ ചേർന്നു. എന്നാൽ അധികനാൾ സൈനിക സേവനത്തിൽ തുടർന്നില്ല. അവിടെ മലയാളികൾക്കെതിരായി നടന്നു വന്നിരുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് ഉദ്യോഗം രാജിവെച്ചു. അതിനുശേഷമാണ് ബിരുദ പഠനത്തിനായി കൊല്ലം ശ്രീനാരായണ കോളേജിലെത്തിയത്. ബി എ പൊളിറ്റിക്സ് ആയിരുന്നു വിഷയം.
അക്കാലത്ത് പ്രീഡിഗ്രി, ഡിഗ്രി, പി ജി, പഠനത്തിനായെത്തുന്ന നവാഗതരായ വിദ്യാർഥികളുമായി സൗഹൃദം പങ്കിടുന്നൊരു ചടങ്ങ് എസ്എൻ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് നേതൃത്വത്തിൽ നടത്താറുണ്ടായിരുന്നു. അത്തരം ഒരു ചടങ്ങിൽ വെച്ചാണ് ഞാൻ ആദ്യമായി ശ്രീകുമാറിനെ പരിചയപ്പെടുന്നത്. ഞാനന്ന് എസ് എൻ കോളേജ് യൂണിയൻ സെക്രട്ടറിയാണ്. സഖാവ് എം എസ് നാസറായിരുന്നു പ്രസിഡൻ്റ്.  ധിഷണാശാലിയും ആദർശശുദ്ധിയും തികഞ്ഞ ഒരു ചെറുപ്പക്കാരനെയാണ് ഞങ്ങൾ ശ്രീകുമാർ കണ്ടത്. ആ ധാരണ ഓരോ ദിവസവും ശക്തമായി വരികയാണ് ഉണ്ടായതും.
നവാഗതനായിരുന്നിട്ടു കൂടി, വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും കോളേജ് യൂണിയൻ പ്രവർത്തനങ്ങളിലും ശ്രീകുമാർ സജീവസാന്നിധ്യമായിരുന്നു. വർഗ്ഗീയതയ്ക്കെതിരെ അടങ്ങാത്ത കനൽ മനസ്സിൽ സൂക്ഷിച്ചിരുന്ന ശ്രീകുമാർ വളരെ പെട്ടന്നാണ് ക്യാമ്പസിൻ്റെ പ്രിയപ്പെട്ടവനായി മാറിയത്.
പലതുകൊണ്ടും വളരെയധികം കലുഷിതമായിരുന്നു അക്കാലത്തെ ക്യാമ്പസുകൾ. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലം.  എസ്എഫ്ഐ ക്കെതിരെ നക്സൽ ചിന്ത  തലയ്ക്കുപിടിച്ചവരുടെ പ്രതിലോമ ആശയപ്രചാരണം ഒരുവശത്ത്. ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ എസ്എഫ്ഐ യൂണിറ്റ് ആയ കൊല്ലം എസ്എൻ കോളേജ് യൂണിറ്റിനെ തകർക്കാൻ,  എസ്എഫ്ഐ നേതാക്കന്മാരെ കായികമായി വകവരുത്തുക എന്ന അജണ്ടയോടെ പ്രവർത്തിക്കുന്ന എബിവിപിയുടെയും ആർഎസ്എസിൻ്റെയും പ്രവർത്തനം മറുവശത്ത് . ഇതിനിടയിലാണ് ജീവൻ പോലും പണയംവെച്ചു കൊണ്ടുള്ള പോരാട്ടങ്ങൾ എസ്എഫ്ഐ പ്രവർത്തകർ നടത്തിവന്നത്.സ. ശ്രീകുമാർ പ്രസിഡൻ്റും സ.ഭാർഗവൻ പിള്ള സെക്രട്ടറിയുമായിരുന്ന യൂണിറ്റ് കമ്മിറ്റിയാണ് അന്ന് എസ്എൻ കോളജിൽ പ്രവർത്തിച്ചിരുന്നത്.
പൊതുവിഷയങ്ങൾ ഉയർത്തിക്കൊണ്ടുള്ള രാഷ്ട്രീയ സമരങ്ങൾക്കൊപ്പം കലാലയത്തിലെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക വളർച്ചയ്ക്കും ഉതകുന്ന പ്രവർത്തനങ്ങളാണ് എസ് എഫ് ഐ ഏറ്റെടുത്തത്. എസ് എൻ കോളേജ് വിദ്യാർത്ഥികളുടെ അക്കാദമികവും കലാ-കായികപരവുമായ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ കോളേജ് മാനേജ്മെൻ്റിന് നിവേദനം നൽകി.
എന്നാൽ അതിനുനേരെ മുഖംതിരിച്ച മാനേജ്മെന്റ്നെതിരെ എസ് എഫ് ഐ പ്രത്യക്ഷസമരം പ്രഖ്യാപിച്ചു.  എസ്എൻ ട്രസ്റ്റ് ഓഫീസിനു മുന്നിലേക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരം ആരംഭിച്ചതോടെ, കോളേജ് മാനേജ്മെൻ്റിന് വഴങ്ങേണ്ടി വന്നു. സമരം വൻ വിജയമായി മാറി. വിദ്യാർഥികൾക്കിടയിൽ എസ്എഫ്ഐയുടെ സ്വീകാര്യത വലിയതോതിൽ വർധിപ്പിച്ച സംഭവമായിരുന്നു ഇത്.
വിദ്യാർത്ഥികളുടെ പഠനപരവും സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കാൻ ഉള്ള വേദിയായി കോളേജ് യൂണിയൻ പ്രവർത്തനത്തെ മാറ്റി. യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവം അതിഗംഭീരമായി കൊല്ലം എസ്എൻ കോളേജിൽ എസ് എഫ് ഐ ഏറ്റെടുത്തു നടത്തി. അതിനെ പ്രകീർത്തിച്ചുകൊണ്ട് സുഗതകുമാരി ടീച്ചറുടെ സഹോദരി പ്രൊഫസർ ഹൃദയകുമാരി ടീച്ചർ എഴുതിയ ലേഖനം എസ്എഫ്ഐ യൂണിറ്റിൻ്റെയും കോളേജ് യൂണിയൻ്റെയും പ്രവർത്തനങ്ങൾക്കുള്ള തിലകക്കുറിയായി മാറി.
ഇത്തരത്തിൽ സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥി മനസ്സകളിൽ എസ്എഫ്ഐ വേരുറപ്പിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ വർഗ്ഗീയ ശക്തികൾ, അതിനെ തകർക്കാൻ ഗൂഢാലോചന തുടങ്ങി. അക്കാലത്തെ ജാതി പ്രമാണിമാരുടെയും മുതലാളിമാരുടെയും പിന്തുണ കൂടി അതിനുണ്ടായിരുന്നു.
വർഗ്ഗീയത മുൻനിർത്തി പ്രവർത്തനം നടത്തിയ എബിവിപി , ആർഎസ്എസ് സംഘത്തെ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന ശ്രീനാരായണ ഗുരുവിന്റെ വചനങ്ങൾ ഉയർത്തിക്കാട്ടി എസ്എഫ് നേരിട്ടു. ആശയപരമായി പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെ അവർ എപ്പോഴത്തേയും പോലെ അക്രമത്തിൻ്റെ മാർഗ്ഗം സ്വീകരിച്ചു.  എസ് എഫ് ഐ  പ്രവർത്തകരും നേതാക്കന്മാരും ദിനേന അക്രമിക്കപ്പെട്ടു. സംവാദാത്മകമായിരുന്ന കാമ്പസ് വീണ്ടും കലുഷിതമായി.
 അന്ന് മിസ്റ്റർ എസ് എൻ കോളേജ് ആയിരുന്ന ബാജി സോമരാജനെ ആർഎസ്എസുകാർ രാത്രിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി തലയ്ക്ക് വെട്ടി.  വിദ്യാർത്ഥികൾക്കിടയിൽ അത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. അക്രമങ്ങൾ തുടർക്കഥ ആയപ്പോൾ സഖാവ് ഏണെസ്റ്റ് , റെജി എന്നിവരുടെ നേതൃത്വത്തിൽ ആർ എസ് എസ് അക്രമത്തെ നേരിടാൻ വിദ്യാർഥികളെ സംഘടിപ്പിച്ച് സമരപരിപാടികൾ ആരംഭിച്ചു. ഇരുഭാഗവും ശക്തിപ്രാപിച്ചതോടെ എസ് എൻ കോളേജ് അനിശ്ചിതമായി അടച്ചിടാൻ കോളേജ് മാനേജ്മെന്റ് തീരുമാനിച്ചു.
കെ.കരുണാകരൻ്റെ ഭരണകാലം. പോലീസ് നിയമപാലകർ എന്നതിൽ നിന്നും മാറി കോൺഗ്രസ് ഗുണ്ടകളെപ്പോലെ പ്രവർത്തിച്ചിരുന്ന കാലം. വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ നിഷ്ഠൂരമായി അടിച്ചൊതുക്കാൻ ഭരണകൂടം ഒത്താശ നൽകുന്ന കാലം. ശക്തമായ സമരങ്ങൾ, കൊടിയ ലാത്തിച്ചാർജ്ജ്, എന്നിവയാൽ കൊല്ലം പട്ടണം സമരമുഖരിതമായി. പ്രക്ഷോഭം നയിച്ചതിൻ്റെ പേരിൽ  റെജി എക്സ് ഏണസ്റ്റ്,  പി കെ ഷിബു, എം എസ് നാസർ , ഉല്ലാസ് എന്നിവരെ പ്രതിചേർത്ത് പോലീസ് കേസെടുത്തു.
ജില്ലാ നേതൃത്വത്തിൻ്റെ  നിർദ്ദേശാനുസരണം ഞങ്ങൾ ഒളിവിൽ പോയി.  അക്കാലത്ത് മുൻസിപ്പൽ കൗൺസിലർ ആയിരുന്നു സോമരാജൻ സഖാവിന്റെ വീട്ടിലായിരുന്നു ഒഴിവുകാലം. ആ സഖാവിനെയും കുടുംബത്തെയും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സ്നേഹനിധിയായ അമ്മയെയും ഓർമ്മിക്കാതിരിക്കാനാവില്ല. അവിടെ നിന്നും ഞങ്ങൾ അറസ്റ്റുചെയ്യപ്പെട്ടു.
കൊല്ലം സബ്ജയിലിൽ റിമാൻഡിലുമായി. കോടതിയിലേക്ക് കൊണ്ടുവരുന്ന സമയങ്ങളിലെല്ലാം സഖാവ് ശ്രീകുമാറും ഭാർഗവൻ പിള്ളയും സോമപ്രസാദും ഞങ്ങളെ  കാണാൻ എത്തുമായിരുന്നു. ഞങ്ങളുടെ അവസ്ഥയിൽ ശ്രീകുമാർ അസ്വസ്ഥമാകുന്നത് കാണാമായിരുന്നു. അത്രമാത്രം നൈർമല്യമേറിയതായിരുന്നു ആ യുവാവിൻ്റെ മനസ്സ്.
22 ദിവസങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ജാമ്യം ലഭിച്ചു. ഞങ്ങൾ ജയിലിൽ നിന്നും പുറത്തിറങ്ങുന്നുവെന്നറിഞ്ഞ് ആർഎസ്എസ് ഗുണ്ടാസംഘം ജയിലിന് പുറത്ത് തമ്പടിച്ചു. ഈ വിവരമറിഞ്ഞ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സഖാവ് എ സുദേവ് അവിടെയെത്തി, ഞങ്ങളെ ഒരു വാഹനത്തിൽ സിഐടിയു ഓഫീസിൽ എത്തിച്ചു. അവിടെ എത്തിയപ്പോഴാണ് രാവിലെ എസ് എൻ കോളേജിൽ ആർഎസ്എസ് ഗുണ്ടകൾ കടന്നുകയറി കലാപം അഴിച്ചുവിട്ട വിവരമറിഞ്ഞത്. വിദ്യാർത്ഥി നേതാക്കന്മാരെ വക വരുത്തുന്നതിനും ശ്രമമുണ്ടായി.
സഖാവ് സുന്ദരേശൻ, അനിൽകുമാർ എ സുനിൽ, സി സുനിൽ എന്നിവർ വിദ്യാർഥികളെ സംഘടിപ്പിച്ച് കോളേജിനുള്ളിൽ ചെറുത്തുനിൽപ്പ് നടത്തിയതോടെ ആർ എസ് എസ് ഗുണ്ടകൾ പിന്തിരിഞ്ഞോടി.
ഈ സമയത്താണ് ശ്രീകുമാർ എസ് എൻ കോളേജിലേക്ക് കടന്നുവന്നത്. തിരിഞ്ഞോടിയ അക്രമി സംഘം കോളേജ് ലൈബ്രറി ഹാളിൽ മുന്നിൽവച്ച് ശ്രീകുമാറിന്റെ നെഞ്ചിൽ കഠാര കയറ്റി. കോളേജ് ആകെ ഇളകി. സഖാവ് സുന്ദരേശൻ്റെയും അനിലിൻ്റെയും നേതൃത്വത്തിൽ വിദ്യാർഥികൾ ചേർന്ന് ചോരയിൽ കുളിച്ചു കിടന്ന ശ്രീകുമാറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
വിവരമറിഞ്ഞതോടെ ഞാൻ,  ഏണസ്റ്റ്, പ്രിൻസ്, നാസർ എന്നിവർ ജില്ലാ ആശുപത്രിയിലേക്ക് പോകണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. അപ്പോഴാണ് ശ്രീകുമാർ രക്തസാക്ഷിയായ വാർത്ത അവിടെയെത്തിയത്. നെഞ്ചകം പിളരുന്ന വേദനയോടെയാണ് ഞങ്ങൾ ആ വാർത്ത ശ്രവിച്ചത്. ത്തത്മരോഷത്തിൻ്റെതായ  ആ വിങ്ങൽ ഇന്നും മാറിയിട്ടില്ല.
 ആശയ സംവാദങ്ങളുടെയും സമര പോരാട്ടങ്ങളുടെയും വേദിയായിരുന്ന ലൈബ്രറിക്ക് മുൻവശം വച്ചാണ് നരാധമന്മാരായ ആർഎസ്എസ് എബിവിപി സംഘം ശ്രീകുമാറിനെ കുത്തി വീഴ്ത്തിയത്. നവോത്ഥാന നായകരുടെ, വിശിഷ്യ ശ്രീനാരായണഗുരുവിൻ്റെ, ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചതിനാണ് സഖാവ് ശ്രീകുമാർ രക്തസാക്ഷിത്വം വരിച്ചത്.  ധീരനായ ആ വിപ്ലവകാരിയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുൻപിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുകയെന്ന് മാത്രമല്ല, അദ്ദേഹം ഉയർത്തിപ്പിടിച്ച ആശയങ്ങൾ മുന്നോട്ടു കൊണ്ടുപോവുക എന്നതും നമ്മുടെ കടമയാണ്.
 നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടിയും മാനവമോചനത്തിന് വേണ്ടിയും പടപൊരുതിയ ശ്രീകുമാർ അടക്കമുള്ളവരുടെ രക്തസാക്ഷിത്വം നവകേരള സൃഷ്ടിക്കായുള്ള പ്രയാണത്തിൽ നമുക്ക് കരുത്തേകും. അവരുടെ നെഞ്ചകങ്ങളിൽ നിന്നും മണൽത്തരികളിലേക്ക് ഇറ്റുവീണ ഒരുതുള്ളി ചോരപോലും പാഴായിക്കൂടാ. അധർമ്മത്തിന്റെ അസ്ഥിവാരം കടപുഴക്കുന്നതിനുള്ള ചുഴലിക്കാറ്റായും കൊടും ക്രൂരതകളുടെ  കരിമ്പനകൾ എടുത്തുമാറ്റുന്ന മഹാപ്രവാഹമായും അത് മാറിത്തീരും. അതിനുള്ള തയ്യാറെടുപ്പാകട്ടെ ശ്രീകുമാർ ദിനം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News