മുംബൈ വിമാനത്താവളത്തിലെ പരിശോധനകൾ ഒഴിവാക്കാൻ കുറുക്കുവഴി; വിദേശ യാത്രക്കാർ സർക്കാരിന് തലവേദനയാകുന്നു

ദീപാവലിക്ക് ശേഷം രോഗവ്യാപനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി തിരിച്ചു വരവിന്റെ പാതയിലായിരുന്നു മഹാരാഷ്ട്രയും മുംബൈ മഹാ നഗരവും. എന്നാൽ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി യു കെ യിൽ ഭീഷണി ഉയർത്തിയ അതി തീവ്ര വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ആശങ്കയിലാണ് ആരോഗ്യ വകുപ്പും.

സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വൈറസ് സ്ഥിരീകരിച്ചതോടെ പരിശോധനകൾ കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. യുകെയിൽ നിന്ന് വന്നവരിലാണ് രോഗം ഇപ്പോൾ സ്ഥിരീകരിച്ചതെങ്കിലും തദ്ദേശീയമായി പടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്.

പുതിയ വൈറസിന്റെ സാന്നിധ്യം സമൂഹത്തിൽ ഇല്ലെന്ന് ഉറപ്പാക്കാൻ റാൻഡം പരിശോധനകൾ നടത്തണമെന്നാണ് പുതിയ നിർദേശം. ഇതാണ് തിരിച്ചു വരവിന്റെ പാതയിൽ നിൽക്കുന്ന മുംബൈ നഗരത്തിനും വെല്ലുവിളിയായിരിക്കുന്നത്. ജനുവരി ആദ്യത്തിൽ ലോക്കൽ ട്രെയിനുകൾ പുനഃസ്ഥാപിക്കുവാനുള്ള തീരുമാനവും ഇതോടെ അനശ്ചിതത്തിലായിരിക്കയാണ്.

മഹാരാഷ്ട്രയിൽ മുംബൈ, താനെ, പുണെ, തുടങ്ങി എട്ടു സ്ഥലങ്ങളിലാണ് അതി തീവ്ര കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയവരിലാണ് ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചതെന്നാണ് റിപോർട്ടുകൾ സൂചന നൽകുന്നത്.

യു കെ യിൽ രോഗം കണ്ടെത്തിയതോടെ ഈ രാജ്യത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് മുംബൈ വിമാനത്താവളത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഇതിനെ മറി കടക്കാനായി ചിലർ കുറുക്കുവഴി തേടിയതാണ് സംസ്ഥാനത്തിന് വെല്ലുവിളിയായിരിക്കുന്നത്.

മുംബൈ വിമാനത്താവളത്തിലെ ആർ ടി പി സി ആർ ടെസ്റ്റും ഏഴു ദിവസത്തെ നിർബന്ധ സമ്പർക്ക വിലക്കും ഒഴിവാക്കാനാണ് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് കൈവശമില്ലാത്ത യാത്രക്കാർ സംസ്ഥാനത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിൽ വന്നിറങ്ങി പിന്നീട് റോഡ് വഴി നഗരത്തിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും എത്തിച്ചേർന്നത്. ജന്മനാട്ടിലെക്ക് പുറപ്പെടും മുൻപ് കോവിഡ് ടെസ്റ്റ് പോലും നടത്താൻ മിനക്കെടാത്തവരാണ് ഇവിടെയെത്തിയിട്ടും നിയമത്തിന്റെ പഴുതുകൾ ദുരുപയോഗം ചെയ്തത് മഹാരാഷ്ട്ര സർക്കാരിന് തലവേദനയായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News