രചയിതാവിന്റെ കുലവും ഗോത്രവും നോക്കി സിനിമയുടെ വിധി നിര്‍ണയിക്കുന്ന രീതി മാറണം: ആര്യാടന്‍ ഷൗക്കത്ത്

പാര്‍വതി ചിത്രം വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ആര്യാടന്‍ ഷൗക്കത്ത്. സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റി ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം.

രചയിതാവിന്റെ കുലവും ഗോത്രവും സിനിമയുടെ വിധി നിര്‍ണയിച്ചവര്‍ അറിയുക, മലയാള ചലചിത്ര ആവിഷ്‌കാര ശൈലിയെ ബഹുമാനിക്കുന്ന ചിലരെങ്കിലും രാജ്യത്തുണ്ടെന്ന്. ബാക്കി വര്‍ത്തമാനം വര്‍ത്തമാനം തന്നെ നിങ്ങളോട് പറയും. മതേതര മനസ്സുകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണിത് പിന്‍തുണച്ച എല്ലാവര്‍ക്കും നന്ദി എന്ന കുറിപ്പോടെയാണ് റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനം ആര്യാടന്‍ ഷൗക്കത്ത് പങ്കുവച്ചത്.

ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും, ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്റേതാണ്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റി പ്രവര്‍ത്തനാനുമതി നല്‍കിയതോടെ ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുകയാണ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് വര്‍ത്തമാനം.

സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വലിയ തിരനാര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഡെല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് ‘വര്‍ത്തമാനം’ ചിത്രീകരിച്ചത്.

രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആര്യാടന്‍ ഷൗക്കത്ത് കഥയും തിരുക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് ‘വര്‍ത്തമാനം’.

ക്യാമറ – അഴകപ്പന്‍, ഗാനരചന – റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം – ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്‌സന്‍ പൊടുത്താസ്, പിആര്‍ഒ- പി ആര്‍ സുമേരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here