സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു; സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

സ്വപ്ന, സരിത്ത്, റമീസ് ഉൾപ്പടെ 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. ബിജെപി പ്രവർത്തകനും നാലാം പ്രതിയുമായിരുന്ന സന്ദീപ് നായരെ എൻഐഎ മാപ്പുസാക്ഷിയാക്കി.

സ്വർണ്ണക്കടത്ത് കേസിൽ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്ത് 180 ദിവസം പൂർത്തിയാകാനിരിക്കെയാണ് എൻ ഐ എ കുറ്റപത്രം സമർപ്പിച്ചത്.180 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്.

ഇതൊഴിവാക്കാനാണ് എൻഐഎ തിരക്കിട്ട് കുറ്റപത്രം സമർപ്പിച്ചത്. സ്വപ്നാ, സരിത്ത്, റമീസ് ഉൾപ്പടെ മൂഖ്യ പ്രതികൾക്കെതിരെയാണ് എൻഐയുടെ കുറ്റപത്രം. യുഎപിഎ സെക്ഷന്‍ 16,17,18 20 പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അനധികൃത സ്വർണ്ണക്കടത്തിലൂടെ രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത തകർക്കാൻ പ്രതികൾ ശ്രമിച്ചു എന്നാണ് എൻഐഎ കുറ്റപത്രത്തിൽ ആരോപിക്കുന്നത്. ഇത് യുഎപിഎ നിയമത്തിൻ്റെ പരിധിയിൽ വരുമെന്നും എൻഐഎ വിശദീകരിക്കുന്നു.

സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചനയില്‍ 35 പേര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.ഹവാല ചാനല്‍വ‍ഴി പ്രതികള്‍ പണം യു എ ഇയിലെത്തിച്ചു. 2019 നവംബറിനും 2020 ജൂണിനുമിടയില്‍ 167 കിലോ സ്വര്‍ണ്ണമാണ് പ്രതികള്‍ കടത്തിയത്.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ മേല്‍വിലാസത്തിലുള്ള ഡിപ്ലോമാറ്റിക്ക് കാര്‍ഗോ വ‍ഴിയായിരുന്നു സ്വര്‍ണ്ണക്കടത്ത്. സൗദിഅറേബ്യ, ബഹറിന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അനധികൃതമായി സ്വര്‍ണ്ണം കടത്താന്‍ പ്രധാന പ്രതികള്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രം സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍ ഐ എ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.

അതേ സമയം കേസിൽ നാലാം പ്രതിയും ബിജെപി പ്രവർത്തകനുമായ സന്ദീപ് നായരെ എൻഐഎ മാപ്പുസാക്ഷിയാക്കി. കേസുമായി ബന്ധപ്പെട്ട് പലതവണ ചോദ്യം ചെയ്യലിന് വിധേയനാക്കിയ ശിവശങ്കറിനെ എന്‍ഐഎ കുറ്റപത്രത്തില്‍ പ്രതിയാക്കിയിട്ടുമില്ല. 35 പ്രതികളുള്ള കേസില്‍ 21 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 12 പേര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News