കൊച്ചിയുടെ വികസന സ്വപ്നങ്ങള്‍ പങ്കുവച്ച് മേയര്‍ എം അനില്‍കുമാറും ജയസൂര്യയും

കൊച്ചിയുടെ പുതിയ മേയര്‍ അനില്‍കുമാറുമായി മെട്രോ നഗരത്തിന്‍റെ വികസനത്തെക്കുറിച്ചുള്ള തന്‍റെ ‌ ചില സങ്കല്‍പങ്ങളും, ആഗ്രഹങ്ങളും ചര്‍ച്ച ചെയ്ത സന്തോഷം പങ്കുവച്ച് ജയസൂര്യ.

അഡ്വ. എം അനില്‍കുമാര്‍ കൊച്ചിയുടെ മേയറായി ചുമതലയേറ്റപ്പോള്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും അപ്രതീക്ഷിതമായാണ് അദ്ദേഹം നേരിട്ട് കാണാനെത്തിയതെന്നും താരം പറഞ്ഞു.

ഹൃദ്യമായി ഇടപെടുന്ന, നല്ല കേള്‍വിക്കാരനായ, സൗമ്യനായ ഒരാള്‍. തീര്‍ച്ചയായും ആരുടെ എന്ത് പ്രശ്നത്തിനും ഒരു പരിഹാരം അദ്ദേഹത്തിന്‍റെ പക്കലുണ്ടാകുമെന്ന് എനിക്കുറപ്പുണ്ടെന്നും ജയസൂര്യ കുറിച്ചു.

തന്‍റെ ആശയങ്ങളോട് വളരെ പോസിറ്റീവായാണ് മേയര്‍ പ്രതികരിച്ചതെന്നും ആദ്യ പരിഗണനയില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും ജയസൂര്യ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

അതിവേഗം വളരുന്ന ഒരു നഗരമാണ് കൊച്ചി. സംസ്ഥാനത്തെ ഏക മെട്രോ നഗരം’. നമ്മള്‍ ഒന്നു മനസ്സു വച്ചാല്‍ കൊച്ചിയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനാകും എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടെന്നു തോന്നുന്നില്ല. എവിടെ പോയാലും തിരിച്ചു വിളിക്കുന്ന ഒരു പ്രത്യേക ത കൊച്ചിക്കുണ്ട്. ഇവിടെ താമസിക്കുന്ന ഒരാളെന്ന നിലക്ക് കൊച്ചിയുടെ വികസനത്തെക്കുറിച്ച്‌ എനിക്കും ചില സങ്കല്‍പങ്ങള്‍, ആഗ്രഹങ്ങള്‍ ഒക്കെയുണ്ടായിരുന്നു.

പക്ഷേ എന്തൊക്കെ ചെയ്യണം? ആരോട് പറയണം?

ഇപ്പോള്‍ അതിന് ഒരവസരം കിട്ടി. കൊച്ചിയുടെ പുതിയ മേയര്‍ ശ്രീ.അനില്‍കുമാറിനെ കാണാനും വിശദമായി സംസാരിക്കാനും സാധിച്ചു.

അദ്ദേഹം മേയറായപ്പോള്‍ തന്നെ ഞാന്‍ വിളിച്ചിരുന്നു. നേരിട്ട് കാണണമെന്ന് ആഗ്രഹവും പ്രകടിപ്പിച്ചു. എന്നാല്‍ അപ്രതീക്ഷിതമായാണ് അദ്ദേഹം നേരിട്ട് കാണാനെത്തിയത്. ഹൃദ്യമായി ഇടപെടുന്ന, നല്ല കേള്‍വിക്കാരനായ ,സൗമ്യനായ ഒരാള്‍. തീര്‍ച്ചയായും ആരുടെ എന്ത് പ്രശ്നത്തിനും ഒരു പരിഹാരം അദ്ദേഹത്തിന്‍്റെ പക്കലുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. വിദേശ നഗരങ്ങളുടെ ഫോട്ടോകള്‍ കണ്ടിട്ടില്ലേ? എത്ര വൃത്തിയുള്ള സ്ഥലങ്ങള്‍. അത്തരത്തില്‍ കൊച്ചിയുടെ മുഖച്ഛായ മാറ്റണമെന്ന ആശയം അദ്ദേഹവുമായി സംസാരിച്ചു. നല്ല റോഡുകള്‍ നിര്‍മിക്കണം. ചവറ്റുകൊട്ടകള്‍ സ്ഥാപിച്ച്‌ പൊതു ഇടങ്ങള്‍ മാലിന്യ മുക്തമാക്കണം. ഒപ്പം റോഡിനിരുവശവും, സിഗ്നലുകളിലും ചെടികളും പൂക്കളും വച്ചുപിടിപ്പിക്കണം. പച്ചപ്പ് കണ്ണിന് തരുന്ന കുളിര്‍മയും മനസ്സിന് തരുന്ന പോസിറ്റിവിറ്റിയും പകരം വെക്കാന്‍ മറ്റെന്തുണ്ട്. മേയറുടെ മനസ്സിലും ഇതേ ആശയം ഉണ്ടായിരുന്നെന്ന് അദ്ദേഹവും പറഞ്ഞു. നമ്മുടെ നാട്ടിലെ ഒരു പാട് ചെറിയ കലാകാരന്‍മാര്‍ വേദികളില്ലാതെ വിഷമിക്കുന്നുണ്ട്. കലാരംഗത്തെ തുടക്ക കാലത്ത് ഞാനും ആ വിഷമം അനുഭവിച്ചതാണ്. അതു കൊണ്ട് തന്നെ തെരുവ് കലാകാരന്മാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ചെറിയ ചെറിയ വേദികളെങ്കിലും ഉറപ്പു വരുത്തണം. റോഡരുകില്‍ പാട്ടു പാടുന്ന, വയലിന്‍ വായിക്കുന്ന എത്രയെത്ര കലാകാരന്‍മാര്‍ ഉണ്ട്. അവര്‍ക്ക് നഗരവീഥികളില്‍ വേദിയൊരുക്കുന്നത് ആലോചിക്കാവുന്നതല്ലേ?

കൊവിഡ് നമ്മളെ പഠിപ്പിച്ച പല പാഠങ്ങളുമുണ്ട്. ഉള്ളതുകൊണ്ട് ജീവിക്കാനും ഇല്ലാത്തവനെ ചേര്‍ത്തു പിടിക്കാനുമെല്ലാം അത് നമ്മളെ പഠിപ്പിച്ചു. നമ്മള്‍ കനിവ് വറ്റാത്തവരാണെന്ന് നിരന്തരം ഓര്‍മിപ്പിച്ചു.ഒരു നേരത്തെ ആഹാരം കിട്ടാത്തവരെ തേടിപ്പിടിച്ച്‌ അന്നമൂട്ടാന്‍ ശീലിച്ചു. അതു പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് ഉടുക്കാനുള്ള വസ്ത്രവും പുതപ്പു ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളും. ഭക്ഷണം കരുതലായി സൂക്ഷിക്കാന്‍ ‘അക്ഷയപാത്രം’ പോലെ ഫുഡ് ഫ്രീസറുകള്‍ പലയിടത്തുമുണ്ട്. അത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണം. അതോടൊപ്പം വസ്ത്രങ്ങള്‍ നല്‍കാനായി തെരുവീഥികളില്‍ അലമാരകളും സ്ഥാപിക്കണം.

ഞാന്‍ പറഞ്ഞ ആശയങ്ങളോട് വളരെ പോസിറ്റീവായാണ് മേയര്‍ പ്രതികരിച്ചത്. ആദ്യ പരിഗണനയില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. എല്ലാ സഹകരണവും പിന്തുണയും നല്‍കാമെന്ന് ഞാനും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാന്‍ ശ്രീ. അനില്‍കുമാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

അതിവേഗം വളരുന്ന ഒരു നഗരമാണ് കൊച്ചി . സംസ്ഥാനത്തെ ഏക മെട്രോ നഗരം'. നമ്മൾ ഒന്നു മനസ്സു വച്ചാൽ കൊച്ചിയെ ലോക…

Posted by Jayasurya on Monday, 4 January 2021

ജയസൂര്യമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ഇരുവരും ചര്‍ച്ച ചെയ്ത വിഷയങ്ങളെക്കുറിച്ച് കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാറും തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരുന്നു.

തന്‍റെ മനസ്സിനെ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും സ്വാധീനിച്ച സിനിമ താരങ്ങളില്‍ ഒരാളാണ് ജയസൂര്യ എന്നാണ് മേയര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

കൊച്ചി നഗരത്തിന്റെ ഭാവിയെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചെന്നും മേയര്‍ പറഞ്ഞു.

“അദ്ദേഹത്തിന്റെ മൂന്ന് നിര്‍ദ്ദേശങ്ങളും ഞാന്‍ അവിടെ വച്ച്‌ തന്നെ മനസ്സുകൊണ്ട് സ്വീകരിച്ചു. ഇതെല്ലാം തന്നെ നമുക്ക് പ്രായോഗികമാക്കാന്‍ കഴിയണം”- മേയര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

എന്റെ മനസ്സിനെ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും സ്വാധീനിച്ച സിനിമാ താരങ്ങളിൽ ഒരാളാണ് ശ്രീ ജയസൂര്യ. മേയറായി ചുമതലയെടുത്തതിന് ശേഷം, അദ്ദേഹം വിളിക്കുകയുണ്ടായി. മേയറെ അങ്ങോട്ട് വന്നു കാണണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഒട്ടേറെ ആരാധകരുള്ള ഒരു വലിയ സിനിമാ താരത്തെ, കലാകാരനെ നഗരസഭാ ഓഫീസിലേക്ക് വിളിക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഞാൻ അദ്ദേഹത്തോട് അങ്ങോട്ടു ചെന്ന് കാണാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് കണ്ടത്. എന്തിനാണദ്ദേഹം എന്നെ വിളിച്ചത് എന്ന് സംഭാഷണം തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത് . കൊച്ചി നഗരത്തിന്റെ ഭാവിയെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. 3 പ്രധാനപ്പെട്ട കാര്യങ്ങൾ, നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു. ഒന്ന്. എന്റെ മനസ്സിലുണ്ടായിരുന്ന, നമുക്ക് എല്ലാവർക്കും ആഗ്രഹമുള്ള ആശയമാണ്. അത് നഗരത്തെ വൃത്തിയുള്ളതാക്കാനും , നഗരത്തിൽ പ്രധാനപ്പെട്ട തെരുവുകൾ എങ്കിലും തിരഞ്ഞെടുത്ത് ചെടികളും പൂക്കളും കൊണ്ട് ഹരിതാഭമാക്കുവാനും ആയിരുന്നു. രണ്ടാമത്തെ നിർദ്ദേശവും എന്റെ ഹൃദയത്തെ സ്പർശിച്ചു.., അത് നിരാലംബരായ മനുഷ്യർക്ക് വസ്ത്രങ്ങൾ നൽകുന്നതിനെ പറ്റിയുള്ള ഒരാശയമായിരുന്നു. വിദേശ രാജ്യങ്ങളിൽ പലയിടത്തും അങ്ങനെയുണ്ട് എന്നു ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞത് , ഉപയോഗിച്ചതും എന്നാൽ നല്ലതുമായ വസ്ത്രങ്ങൾ കൊണ്ടുവന്നിടാൻ നഗരസഭ സൗകര്യമൊരുക്കണം എന്നാണ്. മൂന്നാമത്തെ നിർദ്ദേശവും എന്നെ സ്വാധീനിക്കുന്നത് തന്നെയാണ്. അത് നഗരങ്ങളിലെ തെരുവുകളിൽ കലാകാരൻമാർക്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം കൊടുക്കണം എന്നായിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് നിർദ്ദേശങ്ങളും ഞാൻ അവിടെ വച്ച് തന്നെ മനസ്സുകൊണ്ട് സ്വീകരിച്ചു. ഇതെല്ലാം തന്നെ നമുക്ക് പ്രായോഗികമാക്കാൻ കഴിയണം. അദ്ദേഹത്തിന്റെ ഭാര്യയാണ് ആ സൂര്യ തേജസ്സിനു പിന്നിലെ കാരണക്കാരി എന്നും നിമിഷങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി.
പ്രിയപ്പെട്ട ശ്രീ ജയസൂര്യ …. നിങ്ങളെ ഞാൻ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു. ഇത്രയും സ്നേഹപൂർവ്വം പെരുമാറുന്ന സിനിമാ നടൻമാർ ഉണ്ടോ എന്ന ചോദ്യം ഉയർത്താൻ താങ്കളുമായുള്ള കൂടി കാഴ്ച്ചയുടെ അനുഭവം കാരണമായി.
ഞാനും എന്റെ നഗരവും താങ്കളോട് എന്നും കടപ്പെട്ടിരിക്കുന്നു. ഞങ്ങളെ കുറിച്ച് ചിന്തിച്ചതിനും , അതിനേക്കാൾ ഉപരിയായി പാവപ്പെട്ട മനുഷ്യരെ കുറിച്ച് ചിന്തിച്ചതിനും അങ്ങയെ ഞാൻ ഹൃദയത്തോട് ചേർത്ത് നിർത്തിക്കോട്ടെ …..
ആയിരം പൂർണ്ണ ചന്ദ്രൻമാരുടെ അനുഗ്രഹം അദ്ദേഹത്തെ തേടിയെത്തട്ടെ …… നമുക്കിനിയും അദ്ദേഹത്തെ പോലൊരു പ്രതിഭാധനനിൽ നിന്നും നമ്മൾ കാത്തിരിക്കുന്ന ഒരു പാട് കഥാപാത്രങ്ങൾ പ്രതീക്ഷിക്കാം…..
Let’s make KOCHI, a Clean,Green & Healthy City…
ഹൃദയപൂർവ്വം
Adv M .അനിൽകുമാർ❤️

എന്റെ മനസ്സിനെ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും സ്വാധീനിച്ച സിനിമാ താരങ്ങളിൽ ഒരാളാണ് ശ്രീ ജയസൂര്യ. മേയറായി ചുമതലയെടുത്തതിന്…

Posted by Adv. M Anil Kumar on Sunday, 3 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News