എന്റെ അച്ഛാ… എനിക്കെന്തിനാണ് മറ്റു ദൈവങ്ങൾ അങ്ങുള്ളപ്പോൾ..അച്ഛനെ കുറിച്ചുള്ള സ്നേഹാർദ്രമായ കുറിപ്പ് .

അമ്മമാരെക്കുറിച്ച് ഒരുപാട് കുറിപ്പുകൾ ദിവസേന വായിക്കാറുണ്ട്.എന്നാൽ പതിവിൽ നിന്നും മാറി ഹൃദയത്തിൽ തൊടുന്ന അച്ഛൻ വരികളാണ് രമ്യ ബിനോയി എന്ന എഴുത്തുകാരിയുടെ ഈ കുറിപ്പിനെ വ്യത്യസ്തമാക്കുന്നത് .

അച്ഛന്റെ മേലെ കാലെടുത്തു വച്ച് ഉറങ്ങിയിരുന്ന ചെല്ലക്കുഞ്ഞ് ആയിരുന്ന രമ്യ പറയുന്നു എനിക്ക് ജീവിതത്തിൽ ഒരു ഹീറോയേ ഉള്ളൂ, എന്റച്ഛൻ.അതിന്റെ കാരണം വ്യക്തമാക്കുന്നുമുണ്ട് .അടുത്തിറങ്ങിയ പാവൈ കഥകളിലെ ജാനകി രാമനെയും സുമതിയെയും ഓർമിച്ചു കൊണ്ടാണ് മാധ്യമ പ്രവർത്തക കൂടിയായ രമ്യയുടെ കുറിപ്പ് അവസാനിക്കുന്നത്.

എന്നെപ്പോലെയാണ് സുമതിയും. അച്ഛന്റെ ഫേവറിറ്റ് കിഡ്, പഠിച്ചു ജോലി കിട്ടിയപ്പോൾ തന്നിഷ്ടപ്രകാരം മിശ്രവിവാഹം ചെയ്തവൾ. പുതുജീവിതത്തിൽ തന്നെ തേടിയെത്തിയ അച്ഛന്റെ മടിയിൽ നിറഗർഭിണിയായ അവൾ കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സ് നിറഞ്ഞു. ഒടുവിൽ അവളെ കാത്തിരുന്നത് എന്തായിരുന്നു? ആ അച്ഛൻ അവൾക്കായി കരുതിവച്ച സമ്മാനം എന്തായിരുന്നു? ഇത് ഒരു സുമതിയുടെ മാത്രം കഥയല്ല. തമിഴ്നാട്ടിലെ, കേരളത്തിലെ അല്ല ഇന്ത്യയിലെ തന്നെ ഒരുപാട് സുമതിമാരുടെ കഥയാണ്.

അച്ഛൻ ശങ്കരനാരായണനെ പറ്റി രമ്യ ബിനോയി എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം

“അമ്മക്കിളിയില്ലാ കൂടാകും വീട്ടിലെ
ചെല്ലക്കുഞ്ഞിനെന്നും കൂട്ട്…”
അനിൽ പനച്ചൂരാന്റെ ഈ വരികൾ എന്നെ എപ്പോഴും ഒരഞ്ചു വയസ്സുകാരിയാ ക്കും. അച്ഛന്റെ മേലെ കാലെടുത്തു വച്ച് ഉറങ്ങിയിരുന്ന ചെല്ലക്കുഞ്ഞ്. എനിക്ക് ജീവിതത്തിൽ ഒരു ഹീറോയേ ഉള്ളൂ, എന്റച്ഛൻ.

വെണ്ണ പോലെ വെളുത്ത അച്ഛന് കൺമഷി പോലെ കറുത്ത കുട്ടി ഉണ്ടായപ്പോൾ ആദ്യം സംശയം പ്രകടിപ്പിച്ചത് അമ്മമ്മയാണ്. അമ്മാവന്മാർ നിശ്ചയിച്ച ഇഷ്ടമില്ലാത്ത വിവാഹത്തിൽ ജനിച്ച മകളോടുള്ള പക മരണം വരെ സൂക്ഷിച്ച അവർ എന്റെ ബാല്യം നരകമാക്കാൻ വേണ്ടത് എല്ലാം ചെയ്തു. പക്ഷേ ആ നോവുകൾ എന്നെ തീണ്ടരുത് എന്ന വാശിയിൽ അച്ഛൻ എനിക്ക് ചുറ്റും കരുതലിന്റെ വന്മതിൽ പടുത്തു.

അക്ഷരം കൂട്ടിവായിക്കാൻ പഠിച്ച കാലം മുതൽ പുസ്തകങ്ങൾ കൊണ്ട് എന്റെ മുറി നിറച്ചു. കുട്ടിക്കാലം മുതൽ ചെമ്പൈ, ശെമ്മാങ്കുടി, ബാലമുരളീകൃഷ്ണ, നെയ്യാറ്റിൻകര വാസുദേവൻ, ലാൽഗുഡി ജയരാമൻ, കുന്നക്കുടി വൈദ്യനാഥൻ എന്നിവരെ കുറിച്ച് നിരന്തരം എന്നോട് സംസാരിച്ചു. എട്ട് വയസ്സ് മുതൽ രാമകൃഷ്ണൻ എന്ന് പേരുള്ള ഒരു ആശാനെ വീട്ടിൽ വരുത്തി സംഗീതം പഠിപ്പിച്ചു. പത്തു വയസ്സുകാരിക്ക് മനസ്സിലാകും പോലെ, ഇന്ത്യാ ചരിത്രത്തിൽ കാര്യമായി എഴുതപ്പെടാത്ത ഏടുകൾ പറഞ്ഞു തന്നു. സുഭാഷ്‌ചന്ദ്ര ബോസിനോടായിരുന്നു അച്ഛന് കൂറ്. ജിന്നയോട് ആദരമായിരുന്നു. (കോൺഗ്രസിന്റെ നിലപാടുകളെ എന്നും എതിർത്ത അച്ഛൻ തികഞ്ഞ കോൺഗ്രസ് വിശ്വാസിയായ അമ്മയെ സ്വാധീനിക്കാനേ ശ്രമിച്ചിട്ടില്ല. മക്കളുടെ ആരുടെയും രാഷ്ട്രീയ കൂറിനെ ചോദ്യം ചെയ്തിട്ടുമില്ല).

എനിക്ക് രസകരമായ ഒരു കള്ളത്തരമുണ്ടായിരുന്നു കുട്ടിക്കാലത്തും കൗമാരത്തിലും. കള്ളയുറക്കം നടിച്ച് എന്നെക്കുറിച്ച് അച്ഛനും അമ്മയും സംസാരിക്കുന്നത് കേൾക്കും. ചേച്ചിമാരെല്ലാം വിവാഹിതരായും ജോലി കിട്ടിയുമൊക്കെ പോയ ശേഷം അച്ഛനും അമ്മയും ഞാനും മാത്രമായി വീട്ടിൽ. കോളജ് വിട്ടു വന്നാൽ കുളീം നാമജപവും പേരിന് പഠനവും നടത്തിയ ശേഷം അച്ഛനും അമ്മയും ടിവി കാണാൻ ഇരിക്കുന്ന ലിവിങ് റൂമിൽ പോയി ഞാനിരിക്കും. കുറച്ചു കഴിയുമ്പോൾ കുട്ടിക്കാലത്തെ പോലെ അച്ഛന്റെ അടുത്ത് കിടന്ന് ഉറക്കമാകും. ചില ദിവസങ്ങളിൽ ഉറക്കം നടിക്കലാണ്. താങ്ങിനിർത്താൻ കാര്യമായി ബന്ധുബലമില്ലാതെ, ഒരുപാട് സുഹൃത്തുക്കളുടെ പിൻബലത്തിൽ ജീവിതം കരുപ്പിടിപ്പിച്ചവരാണ് എന്റെ അമ്മയച്ഛന്മാർ. അതുകൊണ്ട് അവർ എല്ലാ ദിവസവും മക്കളെ കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവച്ചിരുന്നു. വൈകിട്ടത്തെ ടിവി കാണലിനിടെയാണ് സംസാരം നടക്കുക. ഉറക്കം നടിച്ചു ഞാനതെല്ലാം കേൾക്കും. പഠിക്കാൻ കഴിവുണ്ടായിട്ടും ഉഴപ്പിക്കളിക്കുന്ന എന്നെക്കുറിച്ച് അമ്മയ്ക്ക് ആശങ്ക മാത്രമേയുള്ളൂ. പക്ഷേ അച്ഛന് ഉറപ്പാണ് കുഞ്ഞുമകൾ മിടുക്കിയാകുമെന്ന്. അതായിരുന്നു എന്റെ ജീവിതത്തിൽ എനിക്ക് എന്നെക്കുറിച്ച് ഏറ്റവും വിശ്വാസമുണ്ടാക്കിയ സംഗതി.

ജേർണലിസം റാങ്ക് വാങ്ങി ജയിച്ച് എനിക്ക് മനോരമയിൽ ജോലി കിട്ടിയതോടെ അമ്മയ്ക്ക് ശ്വാസം നേരെ വീണു. ഇടയ്ക്കിടെ പറയും, “അല്ലെങ്കിലും എനിക്കറിയാം അവളെന്റെ അച്ഛനെ പോലെയാണെന്ന്.” ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലും നാൽപ്പതുകളിലും കൊൽക്കത്തയിൽ ജേർണലിസ്റ്റ് ആയിരുന്ന, അമ്മയ്ക്ക് രണ്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ മരിച്ച അപ്പൂപ്പനെ കുറിച്ചാണ് ഈ അഭിമാനം പറച്ചിൽ.

അങ്ങനെ അച്ഛനും അമ്മയും കുഞ്ഞിമോളുടെ കാര്യത്തിൽ ആദ്യമായി തെല്ല് അഭിമാനിച്ചു നിൽക്കുമ്പോൾ ആണ് അടുത്ത പുലിവാൽ പിടിച്ചു ഞാൻ വരുന്നത്. അവർക്ക് കേട്ടുകേൾവി മാത്രമുള്ള ഓർത്തഡോക്സ് ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു പയ്യനുമായി (മുൻ സഹപാഠി, ഇപ്പോൾ സഹപ്രവർത്തകൻ) മകൾക്ക് പ്രണയം. അമ്മ തകർന്നടിഞ്ഞു പോയി. ചേച്ചിമാർക്ക് കാര്യമായ എതിർപ്പില്ലെങ്കിലും പള്ളിയിൽ വച്ചു വിവാഹം വേണമെന്ന മറുപക്ഷത്തിന്റെ വാശിയോട് വിയോജിപ്പ്. മകളുടെ സന്തോഷം എങ്ങനെയോ അങ്ങനെ വിവാഹം നടത്തുമെന്നായി അച്ഛൻ. എതിർപ്പുകൾക്കും മുറുമുറുപ്പുകൾക്കും ചെവി കൊടുക്കാതെ നിറയെ പൊന്നണിയിച്ച്, മനോഹരമായ കസവുകട ഓഫ് വൈറ്റ് കേരള സാരി വാങ്ങിത്തന്ന് അച്ഛൻ മകളെ പള്ളിയിൽ എത്തിച്ചു. കൂടെനിൽക്കാൻ വിരലിൽ എണ്ണാവുന്നവർ മാത്രം. പിന്നെ അടുത്തൊരു ദിവസം ചേച്ചിമാരെയും അമ്മയെയും സന്തോഷിപ്പിച്ച് നാടറിയെ ഹിന്ദു രീതിയിലും വിവാഹം. (രണ്ടു കെട്ടാൻ യോഗമുണ്ടായിരുന്നെന്ന് ഞാനും ബിനോയിയും നേരമ്പോക്ക് പറഞ്ഞപ്പോൾ അതിനുവേണ്ടി എന്റച്ഛനും അമ്മയും സഹിച്ചത് എന്തെല്ലാമാണ്… ചോദ്യം ചെയ്യലുകൾ, അവഹേളനങ്ങൾ, ധനനഷ്ടം, മാനസികവിഷമം…)

എന്റെ വിവാഹം കഴിഞ്ഞ നാൾ മുതൽ അച്ഛൻ എന്റെ കാവലാളായി കൂടെനടന്നു. അമ്മ മരിച്ചതോടെ ആ സ്ഥാനം കൂടി ഏറ്റെടുത്തു. ഞങ്ങൾ വീണുപോകരുതെന്ന വാശി എപ്പോഴും അച്ഛനായിരുന്നു. എത്രയോ വർഷങ്ങൾ അച്ഛൻ എന്റെ ലോകബാങ്ക് ആയി. മുതൽ പോയിട്ട് പലിശ പോലും കിട്ടില്ല എന്നുറപ്പുള്ള വീട്ടാക്കടങ്ങൾ. ഞാനും ഭർത്താവും പരസ്പരം പോരടിച്ചപ്പോളെല്ലാം ആർക്കും നോവാത്ത വിധം സമരസപ്പെടുത്തി. ആരെങ്കിലും എന്നെ നോവിക്കുമ്പോൾ, അവഹേളിക്കുമ്പോൾ ഒക്കെ പതിവ് സൗമ്യത ഉപേക്ഷിച്ചു പ്രതികരിക്കാൻ തുടങ്ങി. ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾ ഭയപ്പെടുത്തിയപ്പൊളെല്ലാം “നിനക്ക് തിരിച്ചു വരാൻ ഒരിടമുണ്ട് ” എന്ന് കൂടെക്കൂടെ ഓർമിപ്പിച്ചു. ഒടുവിൽ ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ കണ്ടുപിരിയുമ്പോളും ഒരുറപ്പ് തന്നു, “എന്റെ കുട്ടികൾക്ക് കയറിവരാൻ ഈ വീടുണ്ട്. നിങ്ങളുടെ ജീവിതകാലം മുഴുവൻ ഉണ്ണാനും ഉടുക്കാനുമുള്ളത് ഞാൻ കരുതിയിട്ടുണ്ട്.” ഞങ്ങൾ മക്കൾ അച്ഛനെ കെട്ടിപ്പിടിച്ചു. 55 വയസ്സ് മുതൽ 43 വയസ്സ് വരെയുള്ള ‘കുട്ടികൾക്ക്’ വേണ്ടി ഒരു മനുഷ്യൻ 81 വയസ്സ് വരെ അധ്വാനിക്കുകയായിരുന്നു.

ഇപ്പോളെന്തിനാണ് അച്ഛനെ കുറിച്ച് ഇത്രയേറെ നീണ്ട കുറിപ്പ് എന്ന ചോദ്യം ഞാൻ കേൾക്കുന്നുണ്ട്. കഴിഞ്ഞ പത്തു ദിവസമായി അച്ഛൻ മാത്രമാണ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. Netflix ൽ റിലീസ് ചെയ്ത പാവ കഥൈകൾ എന്ന സിനിമാസീരീസിൽ വെട്രിമാരൻ സംവിധാനം ചെയ്ത ‘ഓർ ഇരവ്’ എന്ന ചിത്രം അത്രയേറെ എന്നെ ഭൂതാവേശം ചെയ്തു. അച്ഛനെയും എന്നെയും ഒരുപാട് ഓർമിപ്പിക്കുന്നു പ്രകാശ് രാജിന്റെ ജാനകിരാമനും സായ് പല്ലവിയുടെ സുമതിയും. എന്നെപ്പോലെയാണ് സുമതിയും. അച്ഛന്റെ ഫേവറിറ്റ് കിഡ്, പഠിച്ചു ജോലി കിട്ടിയപ്പോൾ തന്നിഷ്ടപ്രകാരം മിശ്രവിവാഹം ചെയ്തവൾ. പുതുജീവിതത്തിൽ തന്നെ തേടിയെത്തിയ അച്ഛന്റെ മടിയിൽ നിറഗർഭിണിയായ അവൾ കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സ് നിറഞ്ഞു. ഒടുവിൽ അവളെ കാത്തിരുന്നത് എന്തായിരുന്നു? ആ അച്ഛൻ അവൾക്കായി കരുതിവച്ച സമ്മാനം എന്തായിരുന്നു? ഇത് ഒരു സുമതിയുടെ മാത്രം കഥയല്ല. തമിഴ്നാട്ടിലെ, കേരളത്തിലെ അല്ല ഇന്ത്യയിലെ തന്നെ ഒരുപാട് സുമതിമാരുടെ കഥയാണ്.

ജാനകീരാമാ, നിങ്ങളറിയണം ഇങ്ങു ദൂരെ കേരളത്തിൽ ഒരു ശങ്കരനാരായണൻ ഉണ്ടെന്ന്. തന്നിഷ്ടത്തിന് ജീവിതം തിരഞ്ഞെടുത്ത മകൾ തോറ്റു പോകാതിരിക്കാൻ അവൾക്ക് എന്നും തണൽ തീർത്തൊരാൾ… എന്റെ അച്ഛാ… എനിക്കെന്തിനാണ് മറ്റു ദൈവങ്ങൾ അങ്ങുള്ളപ്പോൾ…
*രമ്യ ബിനോയ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News