വാളയാര്‍ കേസ്; ഹൈക്കോടതിയുടെ തീരുമാനം പെണ്‍കുട്ടികളുടെ കുടുംബത്തിനൊപ്പം നിന്ന് സര്‍ക്കാര്‍ നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയം

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍വിചാരണയ്ക്ക് ഹൈക്കോടതി അനുമതി നല്‍കുമ്പോള്‍ അത് പെണ്‍കുട്ടികളുടെ കുടുംബത്തിനൊപ്പം നിന്ന് സര്‍ക്കാര്‍ നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണ്. പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടതു മുതല്‍ സര്‍ക്കാര്‍ എല്ലാ നിയമസഹായവുമുറപ്പു വരുത്തി കുടുംബത്തിനൊപ്പം നിലകൊണ്ടിരുന്നു.

2017 ജനുവരി 13ന് 13 വയസ്സുള്ള പെണ്‍കുട്ടിയെയും 52 ദിവസങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 4ന് സഹോദരിയായ 9 വയസ്സുകാരിയെയും ഒറ്റമുറി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യം കേസന്വേഷിച്ചത് വാളയാര്‍ പോലീസ്. ശാസ്ത്രീയ തെളിവ് ശേഖരിക്കുന്നതിലുള്‍പ്പെടെ വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വാളയാര്‍ എസ്‌ഐ ചാക്കോക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു.

തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയായിരുന്ന എംജെ സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 2017 ജൂണില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ വിചാരണ 2019 ഒക്ടോബര്‍ 25ന് അവസാനിച്ചു. പീഢനത്തിനിരയായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു കേസ്.

തെളിവുകളുടെ അഭാവത്തില്‍ പ്രതി പ്രദീപ്കുമാറിനെ സെപ്തംബര്‍ 30നും വി മധു, എം മധു, ഷിബു എന്നിവരെ ഒക്ടോബര്‍ 25നും കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷനും അന്വേഷണത്തിലും വീഴ്ചയുണ്ടായതായി പോക്‌സോ കോടതി ചൂണ്ടിക്കാട്ടി . പോക്‌സോ കോടതി വിധിക്ക് ശേഷം കുടുംബത്തിനൊപ്പം നിന്ന് ശക്തമായ നിയമനടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയുമാവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയും കോടതിയെ സമീപിച്ചു.

കേസിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനും അതിവേഗമാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേസില്‍ ഹാജരായ പ്രോസിക്യൂട്ടര്‍മാരുടെയും അന്വേഷണത്തിലെയും വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ലതാ ജയരാജാണ് ഭൂരിഭാഗം സമയത്തും കേസില്‍ ഹാജരായത്.

മൂന്ന് മാസം ഹാജരായത് ജലജ മാധവന്‍. ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നടപടിക്രമമെന്ന നിലയില്‍ സര്‍ക്കാര്‍ അഭിഭാഷക സംഘം വാളയാറിലെത്തി പെണ്‍കുട്ടികളുടെ മാതാപിതാക്കളെ നേരിട്ട് കാണുകയും സംഭവ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണ് അതിവേഗം വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറഞ്ഞത്. പെണ്‍കുട്ടികള്‍ പീഢനത്തിനിരയായി മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ഘഉഎ നേതാക്കളും മന്ത്രിമാരുള്‍പ്പെടെ കുടുംബത്തെ കണ്ട് എല്ലാ സഹായമുറപ്പു നല്‍കിയിരുന്നു.

എന്നാല്‍ കേസിന്റെ തുടക്കം മുതല്‍ അനാവശ്യമായ രാഷ്ട്രീയ ആരോപണങ്ങളാണ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും നിക്ഷിപ്ത താത്പര്യക്കാരും ഉയര്‍ത്തിയത്. സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്‌പോള്‍ പോലും തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് വാളയാര്‍ കേന്ദ്രീകരിച്ച് സമര കോലാഹലമുണ്ടാക്കി. പെണ്‍കുട്ടികളുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചായിരുന്നു രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടല്‍.

പുനര്‍വിചാരണ സാധ്യമായതോടെ നീതിക്കായി വാളയാര്‍ പെണ്കുട്ടികളുടെ കുടുംബത്തിനൊപ്പം നിന്ന് സര്‍ക്കാര്‍ നടത്തിയ ആത്മാര്‍ത്ഥമായ ഇടപെടലാണ് വിജയം കണ്ടത്. ഹൈക്കോടതി വിധിയിലൂടെ, രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെയും മുനയൊടിയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News