വൈറ്റില മേല്‍പ്പാലത്തില്‍ ഉദ്ഘാടനത്തിന് മുമ്പ് വാഹനങ്ങള്‍ കയറ്റിയ സംഭവം; വി ഫൊര്‍ കൊച്ചി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വൈറ്റില മേല്‍പ്പാലത്തില്‍ ഉദ്ഘാടനത്തിന് മുമ്പേ വാഹനങ്ങള്‍ കയറ്റിയ സംഭവത്തില്‍ വി ഫൊര്‍ കൊച്ചി പ്രവര്‍ത്തകരായ നാല് പേര്‍ അറസ്റ്റില്‍. പാലത്തിലേക്ക് ആദ്യം കയറിയ വാഹനം വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരുടെതാണെന്നും കണ്ടെത്തി. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കാനിരുന്ന വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ കയറ്റിവിട്ടതില്‍ ഗൂഢാലോചന ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ വി ഫൊര്‍ കൊച്ചി പ്രവര്‍ത്തകരായ നിപുണ്‍ ചെറിയാന്‍, സൂരജ്, റാഫേല്‍, ആഞ്ചലോസ് എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ ബോധപൂര്‍വ്വമാണ് പാലം തുറന്നു കൊടുത്തത്. പാലത്തിലേക്ക് ആദ്യം കയറിയ വാഹനം വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരുടെതാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും സമാനമായ പ്രതിഷേധം ഇവര്‍ നടത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വ്യാജപ്രചരണം, പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, സംഘം ചേരല്‍ തൂടങ്ങീ വകുപ്പുകള്‍ പ്രകാരം കേസെടുത്തായി തൃക്കാക്കര എസിപി ജിജിമോന്‍ പറഞ്ഞു.

പ്രതികള്‍ മേല്‍പ്പാലത്തിലൂടെ അതിക്രമിച്ചു കയറിയതിലൂടെ ഒന്നരലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. പാലത്തിന്റെ ലൈറ്റുകളും വയറിംഗും പെയിന്റിങ്ങും ഉള്‍പ്പെടെ നശിപ്പിക്കപ്പെട്ടതായി പൊതുമരാമത്ത് വകുപ്പും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

മേല്‍പ്പാലങ്ങളില്‍ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.ചൊവ്വാഴ്ച രാത്രിയാണ് ഇരുട്ടിന്റെ മറവില്‍ വി ഫൊര്‍ കൊച്ചി പ്രവര്‍ത്തകര്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News