പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപക്ഷികളെന്ന് മന്ത്രി കെ രാജു

പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപക്ഷികളെന്ന് വനം മന്ത്രി കെ രാജു. പക്ഷിപ്പനിക്ക് കാരണമായ വൈറസ് മനുഷ്യരിലേക്കു പകരില്ലെന്നും എന്നാല്‍ ജനിതകമാറ്റം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും ജാഗ്രത വേണമെന്നും മന്ത്രി വ്യക്തമാക്കി.

വിപുലമായ പ്രതിരോധപ്രവര്‍ത്തനമാണ് രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ നാലു പ്രദേശങ്ങളും കോട്ടയത്തെ നീണ്ടൂരുമാണ് രോഗത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍. ഈ പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് നേതൃത്വം വഹിക്കാന്‍ 19 ദ്രുത പ്രതികരണ സേനയ്ക്ക് രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ ഇതുവരെ 37,654 പക്ഷികളെ കൊന്നു. 23,857 പക്ഷികള്‍ നേരത്തേ രോഗം വന്നു ചത്തിരുന്നു. കോട്ടയം ജില്ലയില്‍ ഇതുവരെ 7,229 പക്ഷികളെയാണ് കൊന്നത്.

പക്ഷികളെ കൂട്ടത്തോടെ കൊല്ലുന്നത് നാളെ രാവിലെ അവസാനിക്കും. ഇതുവരെ താറാവുകളെ മാത്രമാണ് കൊന്നത്. രോഗബാധിത പ്രദേശത്തുള്ള മറ്റ് വളര്‍ത്തു പക്ഷികളെക്കൂടി കൊല്ലാനാണ് തീരുമാനം. പക്ഷികളെ മറവ് ചെയ്യുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രോഗപ്രഭവ കേന്ദ്രങ്ങളില്‍ 400 വീടുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. നാലുപേര്‍ക്ക് പനി ഉള്ളതായി കണ്ടെത്തിയെന്നും എന്നാല്‍ ഇതിന് പക്ഷിപ്പനിയുമായി ബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം രോഗം സ്ഥിരീകരിച്ച മേഖലകളില്‍ പക്ഷി, ഇറച്ചി, മുട്ട എന്നിവയുടെ വില്‍പ്പനയ്ക്കുള്ള നിരോധനം തുടരും. ഇപ്പോള്‍ പ്രഖ്യാപിച്ച തുക അടിസ്ഥാനപ്പെടുത്തി നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുമെന്നും കര്‍ഷകരുടെ കൂടുതല്‍ ആവശ്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News