ശബരി റെയില്‍ പാത; സര്‍ക്കാര്‍ തീരുമാനം എറണാകുളം ജില്ലയുടെ വികസനത്തിന് നിര്‍ണ്ണായകം: സിപിഐഎം

ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് ചെലവിന്‍റെ പകുതി വഹിക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം എറണാകുളം ജില്ലയുടെ വികസനത്തിന് നിര്‍ണ്ണായകമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്.

സംസ്ഥാനത്ത് വളരെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നു സന്ദര്‍ഭത്തിലാണ് 2815 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ 50% വഹിക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് കിഫ്ബി വഴി അനുവദിക്കുവാന്‍ തീരുമാനിച്ചത്.

അങ്കമാലിയില്‍ നിന്നും ആരംഭിച്ച് പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ പാല, കാഞ്ഞിരപ്പള്ളി വഴി എരുമേലി വരെ 116 കിലോമീറ്റര്‍ വരുന്ന പാതയാണ്. 1996 അംഗീകരിച്ച ശബരി പാതയും 1998 ല്‍ കല്ലിട്ടു തിരിക്കുകയുണ്ടായി. 517 കോടി രൂപ മാത്രം ചെലവുണ്ടായിരുന്ന പാതയുടെ നിര്‍മ്മാണ ചെലവ് സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനാല്‍ 2815 കോടിയായി വര്‍ദ്ധിച്ചു.

കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് ഭരിച്ചിട്ടും പദ്ധതി പൂര്‍ത്തിയാക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ശബരിമലയിലേക്കുള്ള പദ്ധതി ആയതിനാല്‍ റെയില്‍വേയുടെ ചെലവില്‍ തന്നെ പാത നിര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി ചെലവിന്‍റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കണമെന്ന് നിര്‍ബന്ധിച്ചു. ഏഴു കിലോമീറ്റര്‍ റെയില്‍പാതയും കാലടി റെയില്‍വേ സ്റ്റേഷനും, പെരിയാറിനു കുറുകെ പാലവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായെങ്കിലും റെയില്‍വേ ഫണ്ട് അനുവദിക്കാതെ പദ്ധതി പ്രവര്‍ത്തനം സ്തംഭിച്ചു.

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ സമഗ്രവികസനം യാഥാര്‍ത്ഥ്യമാകുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം സഹായകരമാകും. എരുമേലിയില്‍ നിന്നും പുനലൂര്‍ വരെ പാത ദീര്‍ഘിപ്പിക്കുന്നതിനുള്ള റെയില്‍വേയുടെ പദ്ധതികൂടി നടപ്പാകുന്നതോടെ കൊച്ചിയില്‍ നിന്നും തമിഴ്നാട്ടിലെയും തിരുവനന്തപുരത്തെയും ഒരു പാത കൂടി തുറന്നുകാട്ടുകയാണ്.

റെയില്‍വേ ഭൂപടത്തില്‍ വരാത്ത ഇടുക്കി ജില്ലയില്‍ കൂടിയാണ് ഈ പാത എന്നതും പ്രത്യേകതയാണ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും റെയില്‍ പാതക്കായി 1407 കോടി രൂപ അനുവദിച്ച സര്‍ക്കാരിന് ജില്ലാകമ്മിറ്റി അഭിവാദ്യം ചെയ്യുന്നുവെന്ന്‌ പ്രസ്‌താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News