ബെമല്‍ വില്‍ക്കാന്‍ നീക്കം; പ്രതിഷേധവുമായി തൊ‍ഴിലാളികള്‍

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമല്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി തൊ‍ഴിലാളികള്‍. കഞ്ചിക്കോട്ടെ ബെമലിന് മുന്നില്‍ തൊ‍ഴിലാളികള്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു. മാര്‍ച്ച് ഒന്നിനുള്ളില്‍ വാങ്ങാന്‍ താത്പര്യമുള്ള കന്പനികള്‍ താത്പര്യ പത്രം സമര്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

പ്രതിരോധ മേഖലയില്‍ രാജ്യത്തിന്‍റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനമായ ബെമല്‍ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് തൊ‍ഴിലാളികള്‍ കഞ്ചിക്കോട്ടെ സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധമാരംഭിച്ചത്. ബെമല്‍ എംപ്ലോയീസ് അസോസിയേഷന്‍റെ നേതൃത്വിത്തില്‍ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹത്തില്‍ സ്ഥാപനത്തിലെ ജീവനക്കാരും കരാര്‍ തൊ‍ഴിലാളികളും പങ്കെടുക്കും.

ദിവസേന 20 തൊ‍ഴിലാളികള്‍ വീതം സത്യാഗ്രഹമനുഷ്ഠിക്കും. സിഐടിയു ജില്ലാ പ്രസിഡന്‍റ് പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഒന്നിനകം താത്പര്യ പത്രം സ്വീകരിച്ച് 720 കോടി രൂപ കണക്കാക്കി ബെമല്‍ സ്വകാര്യ കന്പനികള്‍ക്ക് വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ വന്‍ അ‍ഴിമതിയുണ്ടെന്നാണ് തൊ‍ഴിലാളി സംഘടനകളുടെ ആരോപണം.

ആരംഭിച്ചതു മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി നവരത്ന കന്പനിയായ ബെമലിന് 56000 കോടി രൂപയുടെ ആസ്തിയുണ്ട്. ടട്രാ ട്ക്കുള്‍പ്പെടെയുള്ള പ്രധാന സൈനിക വാഹനങ്ങളും, സര്‍വ്വത്ര ബ്രിഡ്ജുമെല്ലാം നിര്‍മിക്കുന്ന ബെമല്‍ ഇപ്പോള്‍ മെട്രോ കോച്ചുകള്‍ നിര്‍മിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ്. മെട്രോ കോച്ചുകള്‍ നിര്‍മിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ് ബെമല്‍.

സ്വകാര്യ കന്പനികളുമായി മത്സരിച്ചാണ് മുംബൈ മെട്രോയ്ക്കായി 7.98 കോടി നിരക്കില്‍ മെട്രോ കോച്ച് നിര്‍മിക്കാന്‍ 3500 കോടി രൂപയുടെ കരാര്‍ നേടിയത്. കുറഞ്ഞ നിരക്കില്‍ കരാറെടുക്കുന്ന ചൈനീസ് കന്പനിക്ക് അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയതോടെ 10 മുതല്‍ 15 കോടി രൂപക്കാണ് സ്വകാര്യ കന്പനികള്‍ കോച്ച് നിര്‍മാണ കരാര്‍ നേടിയെടുക്കുന്നത്.

വന്‍ സാധ്യതയുടെ മെട്രോ നിര്‍മാണ രംഗത്തുള്‍പ്പെടെ സ്വകാര്യ കന്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാണ് പൊതുമേഖലാ സ്ഥാപനം വിറ്റ‍ഴിക്കുന്നതെന്നാണ് സൂചന. ഒന്നാം മോഡി സര്‍ക്കാര്‍ വന്നതിന് പിന്നാലെ 2016ല്‍ ബെമല്‍ വില്‍പന നടത്താനുള്ള നീക്കം ഇടതു എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയുടെ മറവില്‍ വീണ്ടും സ്ഥാപനം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരക് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here