അഴീക്കോട് സ്‌കൂള്‍ അഴിമതിക്കേസില്‍ മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
വിജിലന്‍സ് ആവശ്യപ്പെട്ടതു പ്രകാരം വൈകിട്ട് മൂന്നോടെയാണ് ഷാജി എത്തിയത്. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു കോഴ്സ് അനുവദിച്ചതിന്റെ പേരില്‍ കെ എം ഷാജി സ്‌കൂള്‍ മാനേജ്മെന്റില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
കേസില്‍ 17 പേരുടെ മൊഴി നിലവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും അവസാനമായാണ് കെഎം ഷാജിയെ വിളിപ്പിക്കുന്നത്. അറസ്റ്റ് ഭയക്കുന്നില്ലെന്നും ചോദ്യം ചെയ്യല്‍ നടപടി ക്രമം മാത്രമാണെന്നും കെഎം ഷാജി പ്രതികരിച്ചു.
വിജിലന്‍സിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയെന്ന് കെ.എം ഷാജി വ്യക്തമാക്കി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കേസ് നീട്ടി കൊണ്ടുപോകാനാണ് വിജിലന്‍സിന്റെ ശ്രമം. അറസ്റ്റ് ചെയ്താലും ഭയമില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
ഷാജിക്ക് പറയാനുള്ളത് കേള്‍ക്കുക മാത്രമാണ് ചെയ്തതെന്ന് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു. ഷാജിയുടെ മൊഴി വിശദമായി പരിശോധിക്കുമെന്നും ലീഗിന്റെ സംസ്ഥാന നേതാക്കളുടെ അടക്കം മൊഴി രേഖപ്പെടുത്തുമെന്നും വിജിലന്‍സ് പറഞ്ഞു.
അതേസമയം ചോദ്യംചെയ്യല്‍ അവസാനിച്ചില്ലെന്നാണ് വിജിലന്‍സ് അറിയിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 2014ലാണ് കേസിനാസ്പദ സംഭവം. ഷാജി നേരിട്ട് 25 ലക്ഷം രൂപ വാങ്ങിയെന്നതാണ് പരാതി ഉയരാന്‍ കാരണമായത്.
അഴിമതി നിരോധന നിമത്തിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കെഎം ഷാജി 25 ലക്ഷം രൂപ കൈപ്പറ്റയതായി അഴീക്കോട് സ്‌കൂള്‍ മനേജമെന്റ് വ്യ്തമാക്കിയതായി വിജിലന്‍സ് പറഞ്ഞു.
ഇതു സംബന്ധിച്ച് ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ ലീഗ് നേതൃത്വത്തിന് നല്‍കിയ കത്തിന്റെ കോപ്പി സഹിതം സിപിഎം കണ്ണൂര്‍ ഏരിയ കമ്മിറ്റി അംഗം കുടുവന്‍ പത്മനാഭന്‍ 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
Get real time update about this post categories directly on your device, subscribe now.