പക്ഷിപ്പനി; കേന്ദ്രസംഘം ആലപ്പു‍ഴയില്‍ സന്ദര്‍ശനം തുടങ്ങി

സംസ്ഥാനത്ത് പക്ഷിപ്പനിയുടെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാനും പഠനത്തിനുമായുള്ള കേന്ദ്രസംഘം ആലപ്പു‍ഴയില്‍ സന്ദര്‍ശനം തുടങ്ങി.

പക്ഷിപ്പനി വ്യാപനം, വൈറസിന്റെ സ്വഭാവം, കേന്ദ്ര മാനദണ്ഡപ്രകാരം പക്ഷികളെ കൊന്ന് നശിപ്പിക്കല്‍ എന്നിവ സംബന്ധിച്ച പഠനത്തിനാണ് സന്ദര്‍ശനം. കോവിഡ് വ്യാപനത്തിന്റെ നിലവിലെ സ്ഥിതിയും ഓണത്തിന് ശേഷം വ്യാപനത്തിലുള്ള വ്യത്യാസവും പഠനപരിധിയില്‍ വരും.

പുണെ ഐസിഎംആര്‍ -ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്പെഷ്യലിസ്റ്റ് ഷൈലേഷ് പവാര്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ പൊതുജനാരോഗ്യ സ്‌പെഷ്യലിസ്റ്റ് ഡോ. രുചി ജെയ്ന്‍, ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലെ ഡോ. അനിത്ത് ജിന്‍ഡല്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

ആലപ്പു‍ഴ ജില്ലയിലെ സ്ഥിതിഗതികള്‍ കലക്ടര്‍ സംഘത്തിന് കൈമാറി. പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ 43,206 താറാവുകളെ ഇതുവരെ കള്ളിങ് ചെയ്തതായി കലക്ടര്‍ വിശദീകരിച്ചു. 32,550 മുട്ടകള്‍ നശിപ്പിച്ചു. ജില്ലയിലെ ഇരുപതിലധികം കര്‍ഷകരുടെ പക്ഷികള്‍ക്ക് നിലവില്‍ രോഗത്തിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നതായി സംഘത്തെ അറിയിച്ചു.

പക്ഷികളിലെ രോഗലക്ഷണങ്ങള്‍ സംബന്ധിച്ചും ഒരു കിലോമീറ്റര്‍ ചുറ്റളവിലെ കള്ളിങ് നടപടികളെ സംബന്ധിച്ചും ജില്ല മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.പി കെ സന്തോഷ്‌കുമാര്‍ അവതരണം നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതകുമാരി വിശദീകരിച്ചു. കള്ളിങ് നടപടിക്രമം സംഘം ചോദിച്ചറിഞ്ഞു. കള്ളിങ് നടപടികള്‍ നേരിട്ട് കാണാനായി സംഘം കരുവാറ്റയിലെത്തി.

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ പ്രവര്‍ത്തനങ്ങളും 10 ദിവസത്തേക്ക് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിരീക്ഷണ പ്രവര്‍ത്തനങ്ങളും സംഘം പരിശോധിച്ചു. ഓണം മുതലുള്ള കോവിഡ് സ്ഥിതിവിവരക്കണക്കുകളും സംഘം ശേഖരിക്കും.

ആലപ്പുഴ വൈറോളജി ലാബ് പ്രവര്‍ത്തനങ്ങലുടെ ചുമതല വഹിക്കുന്ന സയന്റിസ്റ്റ് – ജി ആന്‍ഡ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ പി സുഗുണന്‍, ഡിപിഎം ഡോ.രാധാകൃഷ്ണന്‍, ദുരന്ത നിവാരണ ഡെപ്യൂട്ടികലക്ടര്‍ ആശാ സി എബ്രഹാം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News