ബദൗന്‍ കൂട്ടബലാത്സംഗക്കേസ്; വൈകുന്നേരം പുറത്തിറങ്ങിയതാണ് ആക്രമിക്കപ്പെടാന്‍ കാരണമെന്ന് ദേശീയ വനിതാ കമ്മീഷനംഗം

യുപിയിലെ ബദൗനില്‍ അങ്കണവാടി ഹെല്‍പ്പറായ സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി ദേശീയ വനിതാ കമ്മീഷനംഗം. ദേശീയ വനിതാ കമ്മീഷനംഗം ചന്ദ്രമുഖി ദേവിയാണ് സംഭവത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്.

വൈകിയ സമയത്ത് സ്ത്രീ പുറത്തുപോയില്ലായിരുന്നെങ്കില്‍ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു എന്നാണ് ദേശീയ വനിതാ കമ്മീഷനംഗമായ ചന്ദ്രമുഖിയുടെ പ്രസ്താവന.

‘ആരൊക്കെ നിര്‍ബന്ധിച്ചിട്ടാണെങ്കിലും അവര്‍ സമയം ശ്രദ്ധിക്കണമായിരുന്നു. വൈകി ഒരിക്കലും പുറപ്പെടരുത്. അവര്‍ വൈകുന്നേരം തനിയെ പുറത്തിറങ്ങിയിരുന്നില്ലെങ്കിലോ കുടുംബാംഗത്തോടൊപ്പം പോയിരുന്നെങ്കിലോ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നെനിക്കുന്നു തോന്നുന്നു’, എന്നാണ് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കണ്ടസ ശേഷം ചന്ദ്രമുഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്..

എന്നാല്‍ ദേശീയ വനിതാ കമ്മീഷനംഗത്തിന്‍രെ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞത്.

ഞായറാ‍ഴ്ച്ച വെെകിട്ട് ക്ഷേത്രദര്‍ശനത്തിന് പോയപ്പോ‍ഴാണ് അങ്കണവാടി ഹെല്‍പ്പറായ സ്ത്രീയെ കാണാതായത്. പ്രതികള്‍ തന്നെയാണ് സ്ത്രീയുടെ മൃതദേഹം രാത്രി വാഹനത്തില്‍ കൊണ്ടുവന്ന് വീട്ടിനുമുന്നില്‍ ഉപേക്ഷിച്ചത്. കിണറ്റില്‍ വീണുകിടന്ന സ്ത്രീയെ രക്ഷിച്ച് കൊണ്ടുവന്നതാണെന്നായിരുന്നു നാട്ടുകാരോടും ബന്ധുക്കളോടും പ്രതികള്‍ പറഞ്ഞത്.

ക്രൂര പീഡനത്തിന് ഇരയായ സ്ത്രീയുടെ കാല്‍ തല്ലിയൊടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ലോഹദണ്ഡ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. രക്തസ്രാവം മൂലമാണ് സ്ത്രീയുടെ മരണം സംഭവിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബലാത്സംഗം നടന്നതായി ബദായൂം ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീയെ കാണാതായതായി പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷിച്ചിരുന്നില്ല. മാത്രമല്ല എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിലും കാലതാമസം വരുത്തുകയും ചെയ്തു. അതേസമയം അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുത്തതായി ജില്ലാ പൊലീസ് മേധാവി സങ്കല്‍പ് ശര്‍മ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News