മുംബൈയിലെ ജ്വല്ലറി വ്യവസായ രംഗത്തെ പ്രമുഖരായ എസ്. കുമാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ മീരാ റോഡ് ഷോറൂമിലാണ് പട്ടാപ്പകല്‍ നാലംഗ സംഘമെത്തി കവര്‍ച്ച നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് രണ്ട് ബൈക്കുകളിലാണ് മുപ്പത് വയസ്സിനിടയില്‍ പ്രായമുള്ള കവര്‍ച്ചക്കാരെത്തിയത്.
സ്വര്‍ണം വാങ്ങുവാനെന്ന വ്യാജേന കടയിലെത്തിയ ഇവര്‍ ആഭരണങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ബാഗില്‍ നിന്ന് തോക്കെടുത്ത് കൗണ്ടര്‍ സ്റ്റാഫിനെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്.
കൊള്ള നടത്തിയ കൃത്യമായ തുക ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ആഭരണങ്ങളുടെ മൂല്യം കണക്കാക്കി ഏകദേശം രണ്ടരക്കോടിയുടെ സ്വര്‍ണവും രത്‌നങ്ങളും പണവും നഷ്ടപ്പെട്ടതായി ജൂവലറി മാനേജര്‍ പറയുന്നു.
സാധാരണ കോവിഡ് -19 പ്രിവന്‍ഷന്‍ മാസ്‌കുകള്‍ ധരിച്ച നാല് പേരാണ് രണ്ട് ബൈക്കുകളിലായി വന്നത്.
ഷോറൂം ജീവനക്കാര്‍ സ്വര്‍ണ്ണാഭരണങ്ങളുടെ വിവിധ മോഡലുകള്‍ കാണിച്ചു കൊടുക്കുന്നതിനിടയിലാണ് അവരില്‍ രണ്ടു പേര്‍ ബാഗില്‍ നിന്ന് തോക്ക് പുറത്തേക്കെടുത്ത് ഭീഷണി മുഴക്കി സ്വര്‍ണവും വജ്രവും പതിച്ച ആഭരണങ്ങള്‍ ബാഗില്‍ നിറച്ചത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡിനെയും ഷോറൂമിനുള്ളില്‍ വിളിച്ചിരുത്തിയായിരുന്നു ആസൂത്രിതമായ കവര്‍ച്ച.
പത്തു മിനിട്ടിനുള്ളില്‍ കവര്‍ച്ച നടത്തി പുറത്തിറങ്ങിയ സംഘത്തിന്റെ ഒരു ബൈക്ക് സ്റ്റാര്‍ട്ടാവാത്തതിനെത്തുടര്‍ന്ന് സംഭവ സ്ഥലത്ത് ഉപേക്ഷിച്ചു രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. സ്വര്‍ണവുമായി രണ്ടുപേര്‍ ബൈക്കിലും രക്ഷപ്പെട്ടു.
ഡിസിപി അമിത് കാലെ, എസിപി വിലാസ് സനാപ്, ശശികാന്ത് ഭോസാലെ എന്നിവരടക്കം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയത്.
അന്വേഷണ സംഘം സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്തു.
കവര്‍ച്ച നടന്നതായി കണ്ടെത്തിയെന്നും കുറ്റവാളികളെ ഉടനെ നിയമത്തിന് മുന്‍പില്‍ കൊണ്ട് വരുമെന്നും ഡിസിപി അമിത് കാലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ഊര്‍ജിതമാക്കി
Get real time update about this post categories directly on your device, subscribe now.