ടി.ആര്‍.പി. തട്ടിപ്പുകേസില്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ തെളിവുകളുണ്ടെന്ന് മുംബൈ പോലീസ് ഹൈക്കോടതിയില്‍

ടെലിവിഷന്‍ റേറ്റിംഗ് പോയിന്റുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പുകേസില്‍ റിപ്പബ്ലിക് ടി.വിക്കും ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കുമെതിരെ നിര്‍ണായക തെളിവുകളുമായി മുംബൈ പോലീസ് ബോംബെ ഹൈക്കോടതിയില്‍. മുന്‍പ് നല്‍കിയ ഉറപ്പനുസരിച്ച് ജനുവരി 15 വരെ അര്‍ണബിനെതിരേ നടപടിയൊന്നുമെടുക്കില്ലെന്ന് പോലീസ് അറിയിച്ചു.

ടി.ആര്‍.പി. തട്ടിപ്പുകേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ടി.വി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയുടെ വാദത്തിനിടെയാണ് ചാനലിനും എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കുമെതിരെ തെളിവു ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്.

അടിയന്തര ചികിത്സ വേണ്ടി വന്നതിനാല്‍ അഭിഭാഷകന് നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് റിപ്പബ്ലിക് ടി.വി. അറിയിച്ചതിനെ തുടര്‍ന്ന് കേസിന്റെ വാദം ജനുവരി 15-ലേക്ക് മാറ്റുകയായിരുന്നു. അര്‍ണബിനെതിരേ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇനിയുള്ള നടപടി നീട്ടാനാകില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

മുംബൈ പോലീസിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡെ, എം.എസ്. കാര്‍ണിക് എന്നിവരടങ്ങിയ ബെഞ്ചിനോട് പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ ചാനലിനും ജീവനക്കാര്‍ക്കുമെതിരെ നടപടിയില്‍ എടുക്കുന്നത് ജനുവരി 15 ന് അടുത്ത വാദം കേള്‍ക്കുന്നതുവരെ ബോംബെ ഹൈക്കോടതി ഒഴിവാക്കി.

ടെലിവിഷന്‍ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടി.ആര്‍.പി. കണക്കെടുപ്പു നടത്തുന്ന ബാര്‍ക്കിന്റെ സി.ഒ.ഒ. ആയിരുന്ന ദാസ്ഗുപ്തയാണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരനെന്ന് പോലീസ് നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

ജനപ്രീതി പ്രകടമാക്കുന്ന രഹസ്യ വിവരങ്ങളാണ് കണക്കെടുപ്പില്‍ കൃത്രിമം കാണിച്ചു റിപ്പബ്ലിക് ടി.വി.ക്ക് അനുകൂലമായി മാറ്റുന്നതിനായി അര്‍ണബ് ഗോസ്വാമി ദാസ്ഗുപ്തയ്ക്കു പണം നല്‍കിയതെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ദാസ് ഗുപ്ത കോടതി മുന്‍പാകെ കുറ്റസമ്മതം നടത്തിയിരുന്നു.

ടി.ആര്‍.പി. തട്ടിപ്പു കേസില്‍ അറസ്റ്റിലാവുന്ന പതിനഞ്ചാമത്തെയാളാണ് ദാസ്ഗുപ്ത. നേരത്തേ അറസ്റ്റിലായ 12 പ്രതികള്‍ക്കെതിരേ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 1400 പേജുള്ള കുറ്റപത്രത്തില്‍ റിപ്പബ്ലിക് ടി.വി. ഉള്‍പ്പെടെ ആറു ചാനലുകള്‍ക്കെതിരേ പരാമര്‍ശമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here