ആര്യയേക്കാള്‍ പ്രായം കുറഞ്ഞവര്‍ ഇലക്ഷനില്‍ ജയിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി; മത്സരിക്കാനുള്ള പ്രായം 21 എന്ന് ഓര്‍മിപ്പിച്ച് സോഷ്യല്‍മീഡിയ

തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനേക്കാള്‍ പ്രായം കുറഞ്ഞ എത്ര കുട്ടികള്‍ ഈ സംസ്ഥാനത്ത് പലയിടത്തും വിജയിച്ചുവെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

എന്നാല്‍ മുല്ലപ്പളിളിയുടെ ഈപ്രസ്താവനയ്ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി 21 ആണ് എന്നാണ് പലരും മുല്ലപ്പള്ളിയെ ഓര്‍മിപ്പിക്കുന്നത്.

കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച 21 വയസുള്ള രേഷ് മറിയം റോയിയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ തദ്ദേശ പ്രതിനിധി.

മുല്ലപ്പള്ളിയുടെ വാക്കുകള്‍ ഇങ്ങനെ

‘ഈ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പിലും ധാരാളം പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്ത പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇപ്പോള്‍ മേനി പറയുന്നല്ലോ. തിരുവനന്തപുരത്ത് നിന്ന് വിജയിച്ച സ്ഥാനാര്‍ത്ഥിയെ മേയറാക്കാന്‍ വേണ്ടി സാധിച്ചു. 21 വയസേയുള്ളൂ എന്ന്. ആ കുട്ടിയേക്കാള്‍ പ്രായം കുറഞ്ഞ എത്ര കുട്ടികള്‍ ഈ സംസ്ഥാനത്ത് പലയിടത്തും വിജയിച്ചു.

ഇതൊന്നും പ്രശ്നമല്ല കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ആ കുട്ടിയെ വെച്ച് മാര്‍ക്കറ്റിങ്ങ് നടത്തുകയാണ്. അതല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമീപനം. ഈ രാജ്യത്തെ ചെറുപ്പക്കാരെ കണ്ടെത്തിക്കൊണ്ട് അവര്‍ക്ക് ചുമതലകള്‍ കൊടുത്തുകൊണ്ട് ഉത്തരവാദിത്തബോധത്തോടെ മുന്നോട്ടുകൊണ്ടുപോകുക. അതാണ് ഞങ്ങളുടെ ലക്ഷ്യം.’

നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറു മേനി കൊയ്യുകയെന്നതാണ് യുഡിഎഫ് ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകളെക്കുറിച്ചും തിരിച്ചടിയെക്കുറിച്ചും വിലയിരുത്തല്‍ നടത്തി. വീഴ്ചകള്‍ പരിഹരിച്ച് മുന്നണി മുന്നോട്ടുപോകും.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രം മുന്‍നിര്‍ത്തി ആയിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം അടഞ്ഞ അദ്ധ്യായമാണ്. ബിജെപിയും സിപിഐഎമ്മും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കൈകോര്‍ത്തെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News