എറണാകുളത്തെ ട്വന്റി 20 യുമായി രഹസ്യക്കൂടിക്കാഴ്ച നടത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

നിയസമഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, എറണാകുളത്തെ കിഴക്കമ്പലം ട്വന്റി 20 യുമായി രഹസ്യക്കൂടിക്കാഴ്ച നടത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. ബുധനാഴ്ച രാത്രിയാണ് ഇവര്‍ കിഴക്കമ്പലത്തെത്തി ചര്‍ച്ച നടത്തിയത്.

കോര്‍പ്പറേറ്റ് സ്ഥാപനം നിയന്ത്രിക്കുന്ന അരാഷ്ട്രീയ സംഘടനയായ ട്വന്റി 20യുമായി സന്ധി ചേരാനുളള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുളളില്‍ തന്നെ എതിര്‍പ്പ് ശക്തമായിക്കഴിഞ്ഞു.

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കുന്നത്തുനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന ട്വന്റി 20 യുടെ പ്രഖ്യാപനം വന്നതോടെയാണ് അവരുമായി സന്ധി ചേരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

ഒരു കോര്‍പ്പറേറ്റ് സ്ഥാപനം നിയന്ത്രിക്കുന്ന അരാഷ്ട്രീയ സംഘടനയായ ട്വന്റി 20യെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം അവരോടൊപ്പം ചേര്‍ന്നുകൊണ്ട് ഇടതുപക്ഷത്തെ എതിര്‍ക്കാനുളള അവിശുദ്ധ കൂട്ടുകെട്ടിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

അതിന്റെ ഭാഗമായാണ് ബുധനാഴ്ച രാത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി ഡി സതീശന്‍ എംഎല്‍എയും ഉള്‍പ്പെടുന്ന സംഘം ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തിയത്.

രാത്രി ഒമ്പത് മണിയോടെ എത്തിയ നേതാക്കള്‍ അര്‍ദ്ധരാത്രി 12 മണിവരെ കൂടിക്കാഴ്ച നീണ്ടു. ചര്‍ച്ച കഴിഞ്ഞ് പോയ ശേഷമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പോലും വിവരമറിയുന്നത്.

ഇതോടെ കോണ്‍ഗ്രസിനുളളില്‍ അസ്വാരസ്യങ്ങളും പുകഞ്ഞുതുടങ്ങി. വര്‍ഗ്ഗീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള ബന്ധത്തില്‍ നിന്നും തിരിച്ചടി നേരിട്ടിട്ടും നേതൃത്വം കാര്യങ്ങള്‍ പഠിച്ചിട്ടില്ലെന്ന് പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. ഇപ്പോള്‍ അരാഷ്ട്രീയ വാദികളായ കോര്‍പ്പറേറ്റുകളുമായും കൂട്ടുപിടിക്കാന്‍ നേതൃത്വം ശ്രമിക്കുന്നു.

കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ മുട്ടുകുത്തിയുളള നേതാക്കളുടെ സമീപനം ഞെട്ടലോടെയാണ് പ്രാദേശിക നേതൃത്വം വിലയിരുത്തുന്നതും. അതേസമയം നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളെ വെല്ലുവിളിച്ച് വികസന മുദ്രാവാക്യവുമായി എത്തിയ ട്വന്റി 20യുടെ ജനകീയമുഖം മൂടിയും അഴിയുകയാണ്.

കോണ്‍ഗ്രസുമായുളള അവരുടെ രഹസ്യധാരണ അധികാര ഇടനാഴികയിലേക്കുളള കോര്‍പ്പറേറ്റ് തന്ത്രമാണ് സൂചിപ്പിക്കുന്നതും. ട്വന്റി 20 കിഴക്കമ്പലത്ത് നടപ്പാക്കുന്ന പല പദ്ധതികളും നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തരം അരാജകത്വ നിലപാടുകളെ എതിര്‍ക്കാതെ അവര്‍ക്ക് കീഴടങ്ങി ഇരുട്ടിന്റെ മറവില്‍ നടത്തുന്ന കോണ്‍ഗ്രസിന്റെ ഉപചാപക ബാന്ധവത്തിനെതിരെ പാര്‍ട്ടിക്കുളളില്‍ തന്നെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News