പാലാരിവട്ടം പാലം അ‍ഴിമതി: മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഉപാധികളോടെ ജാമ്യം

പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. ഉപാധിക‍ളോടെയാണ് ജാമ്യം.

പാസ്സ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കണം,2ലക്ഷം രൂപ കെട്ടിവെക്കണം ഒപ്പം തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യംവേണം, അന്വേഷണ ഉദ്യോഗസ്ഥന്‍റെ അനുമതിയില്ലാതെ ജില്ല വിട്ടുപോകരുത് എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം നല്‍കുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

എന്നാല്‍ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അസുഖം ഗുരുതര ഘട്ടത്തിലേക്ക് കടന്നെന്നും സാന്ത്വന പരിചരണത്തിന് ബന്ധുക്കളുടെ സഹായം ആവശ്യമുണ്ടന്നും ഇബ്രാഹിം കുഞ്ഞിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

പാലാരിവട്ടം പാലം അ‍ഴിമതിക്കേസുമായി ബന്ധപ്പെട്ട് ക‍ഴിഞ്ഞ നവംബര്‍ 18നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

ചികിത്സയില്‍ ക‍ഴിയുന്ന ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ആശുപത്രിയില്‍ തുടരാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതിനിടെ കോടതിയുടെ അനുമതിയോടെ വിജിലന്‍സ് സംഘം ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിനെ രണ്ട്തവണ ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News