കിറ്റെക്സ് മുതലാളിയുടെ ആഹ്വാനം; സര്‍ക്കാര്‍ ചടങ്ങ് ബഹിഷ്കരിച്ച് ട്വന്‍റി-20

സര്‍ക്കാര്‍ ചടങ്ങ് ബഹിഷ്കരിച്ച് ട്വന്‍റി-20 കുന്നത്തുനാട്‌ പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണോദ്‌ഘാടനമാണ് പുതുതായി അധികാരത്തില്‍ വന്ന ട്വന്‍റി-20 പഞ്ചായത്ത് ഭരണസമിതി ബഹിഷ്കരിച്ചത്. മണ്ഡലം ആസ്‌തി വികസന ഫണ്ടിൽനിന്ന്‌ വി പി സജീന്ദ്രൻ എംഎൽഎ നൽകിയ 30 ലക്ഷം രൂപ ചെലവഴിച്ചാണ്‌ ആശുപത്രിക്കെട്ടിടം നിർമിക്കുന്നത്‌. ഇതിന്റെ നിർമാണോദ്‌ഘാടന ചടങ്ങിൽനിന്നാണ്‌ വനിതാ പ്രസിഡന്റ്‌ ഉൾപ്പെടെ 11 ട്വന്റി-20 അംഗങ്ങൾ വിട്ടുനിന്നത്‌.

ട്വന്റി‐20 ചീഫ്‌ കോ-ഓർഡിനേറ്റർകൂടിയായ അന്ന- കിറ്റെക്‌സ്‌ ഗ്രൂപ്പ്‌ എംഡി സാബു ജേക്കബ്ബിന്റെ വിലക്കുള്ളതിനാലാണ്‌ പഞ്ചായത്ത്‌ ഭരണസമിതി ചടങ്ങിൽനിന്ന്‌ വിട്ടുനിന്നത്‌. ട്വന്റി-20 പഞ്ചായത്ത്‌ പ്രസിഡന്റുമാരും അംഗങ്ങളും സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് അവർക്ക് ‌ലഭിച്ചിട്ടുള്ള നിർദേശം. കിഴക്കമ്പലം പഞ്ചായത്തിനുപുറമെ കുന്നത്തുനാട്‌, മഴുവന്നൂർ, ഐക്കരനാട്‌ എന്നീ പഞ്ചായത്തുകളിലും ട്വന്റി-20 ഭരണമാണുള്ളത്‌.

കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ പട്ടിമറ്റം പിഎച്ച്‌സിയുടെ കെട്ടിടനിർമാണോദ്‌ഘാടനത്തിന്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെയും അംഗങ്ങളെയും പ്രത്യേകം ക്ഷണിച്ചിരുന്നതായി വി പി സജീന്ദ്രൻ എംഎൽഎ പറഞ്ഞു. പ്രസിഡന്റ്‌ എം വി നിതാമോളുടെ പേര്‌ അധ്യക്ഷസ്ഥാനത്ത്‌ വച്ചിരുന്നു. പരിപാടിയുടെ തലേന്നും പഞ്ചായത്തിൽ വിളിച്ച്‌ ഓർമിപ്പിച്ചു. പ്രസിഡന്റ്‌ എന്തെങ്കിലും അസൗകര്യമുള്ളതായി പറഞ്ഞിരുന്നില്ലെന്നും എംഎൽഎ പറഞ്ഞു.

പിഎച്ച്‌സി പ്രവർത്തിക്കുന്ന വാർഡിലെയും ബ്ലോക്ക്‌ ഡിവിഷനിലെയും യുഡിഎഫ്‌ അംഗങ്ങളും വ്യത്യസ്‌ത രാഷ്‌ട്രീയകക്ഷികളുടെ നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണകരമായ പദ്ധതിയായിട്ടും ട്വന്റി-20 പഞ്ചായത്ത്‌ അംഗങ്ങൾ ബഹിഷ്‌കരിച്ചതിനെ ചടങ്ങിൽ സംസാരിച്ച എല്ലാവരും ശക്തമായി വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News