ഹൃദയപൂർവം കുട്ടിമേയർക്ക്, സ്വന്തം ബാലസംഘം

ആ കത്തുകൾ കിട്ടിയപ്പോൾ ആര്യയ്ക്ക് എങ്ങും ഇല്ലാത്ത സന്തോഷമായിരുന്നു. കാരണം, തന്റെ പ്രിയപ്പെട്ട ബാലസംഘം കുരുന്നുകളുടെ അകമഴിഞ്ഞ ആശംസകളും അഭിനന്ദനങ്ങളും കൊച്ചു കൊച്ചു ചോദ്യങ്ങളും എല്ലാം അടങ്ങിയ കത്തുകൾ ഏറെ ആകാംക്ഷയോടെയാണ് ആര്യ വായിച്ചു തീർത്തത്. ‘അളവില്ലാത്ത സ്നേഹം.. സ്നേഹാശംസകൾ കത്തുകളായി… ബാലസംഘം’ എന്ന അടിക്കുറിപ്പോടെ കത്തുകൾ ഓരോന്നും വായിച്ചുതീർക്കുന്ന ചിത്രം ആര്യ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചപ്പോൾ കുരുന്നുകൾക്കും സന്തോഷമായി.ബാലസംഘം കുട്ടികളുടെ ആയിരക്കണക്കിന് കത്തുകളാണ് മേയർ ആര്യ രാജേന്ദ്രന്റെ ഓഫീസിലേക്ക് ഒഴുകിയെത്തിയത്. ഒന്നുപോലും വിടാതെ തിരക്കിനിടയിലും ആര്യ ആ കത്തുകളെല്ലാം വായിച്ചുതീർത്തു.

ബാല സംഘത്തിന്റെ സംസ്ഥാനതല പ്രസിഡണ്ട് കൂടിയാണ് ആര്യ രാജേന്ദ്രൻ.
ബാലസംഘത്തിലൂടെ ലഭിച്ച പ്രവർത്തന പാഠവും മനക്കരുത്തും എല്ലാം മുന്നോട്ടുള്ള വളർച്ചയിൽ ഒരുപാട് സഹായകമായെന്ന് ആര്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തങ്ങളുടെ പ്രസിഡന്റ് തലസ്ഥാനത്തിന്റെ മേയർ ആയതിന്റെ സന്തോഷത്തിലാണ് കുരുന്നുകൾ ആര്യക്ക് കത്തുകൾ അയച്ചത്.

ഭാരതത്തിന്റെ മണ്ണിൽ സമത്വസുന്ദരമായ ഒരു ലോകം പടുത്തുയർത്താൻ കുരുന്നുകൾക്ക് കരുത്തായ ബാലസംഘം തങ്ങളുടെ മനോഹരമായ ബാല്യകാലത്തുതന്നെ നേതൃപാടവവും മനക്കരുത്തും അറിവുകളും എല്ലാം കുട്ടികൾക്ക് പകർന്നു നൽകുന്നു. ബാല സംഘത്തിന്റെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കാൻ ആര്യയും അവർക്കൊപ്പം ഉണ്ട്.

കുട്ടികളുടെ മാനസികമായ വളർച്ചയ്ക്ക് സ്നേഹവും കരുതലും നൽകി അവരോടൊപ്പം നിൽക്കാൻ ആര്യയ്ക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെയും കുരുന്നുകൾക്ക് ആര്യ എന്നും പ്രിയപ്പെട്ടവളാണ്. തങ്ങളുടെ കുട്ടി മേയറായി കണ്ടുകൊണ്ട് ആര്യയുടെ ഒപ്പം ബാലസംഘവും ഉണ്ട്. അതുകൊണ്ടുതന്നെയും ബാല സംഘത്തിന്റെ കുരുന്നുകളുടെ ഈ കത്തുകൾ ആര്യയ്ക്ക് മറ്റെന്തിനേക്കാളും ഏറെ പ്രിയപ്പെട്ടതാണ്.
താൻ കത്ത് വായിക്കുന്ന പോസ്റ്റിന് താഴെ കുരുന്നുകൾ ഉൾപ്പെടെയുള്ളവരുടെ ആശംസകൾ കമന്റുകൾ ആയും എത്തി. നിലയ്ക്കാത്ത സ്നേഹത്തിന്റെ അടയാളമെന്നോണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News