ഈ സര്‍ക്കാര്‍ കാണുന്നത് നാടിന്റെ വികസനമാണ്; പ്രഖ്യാപനത്തിനൊപ്പം പൂര്‍ത്തീകരണത്തിനും ഈ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു: മുഖ്യമന്ത്രി

ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ പാലങ്ങള്‍ നാടിനായി സമര്‍പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച സര്‍ക്കാരിന്റെ പ്രതിനിധിയെന്ന നിലയിലും മുടങ്ങിക്കിടന്ന ഒരുപദ്ധതി സമയബന്ധിതമായി നാടിന് സമര്‍പ്പിക്കാനായതിലുമാണ് സന്തോഷവും അഭിമാനവും.

ഏറെ തിരക്കേറിയ ഗതാഗതകുരുക്കുള്ള ഒരു പ്രദേശമാണ് വൈറ്റില. മണിക്കൂറില്‍ പതിനയ്യായിരത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന വൈറ്റിലയില്‍ മേല്‍പ്പാലം തുറക്കുന്നതോടെ ഇതിനൊരു പരിഹാരമാകുകയാണ്.

വൈറ്റില മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ ദേശീയപാത 66ല്‍ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കു മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും.85.9 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. 78.36 കോടി രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചതുകൊണ്ട് 6.73 കോടി രൂപ മിച്ചംപിടിക്കാനും കഴിഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ 152.81 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഇരുപാലങ്ങളും നിര്‍മിച്ചത്. എസ്റ്റിമേറ്റ് തുകയേക്കാള്‍ 15.02 കോടി രൂപ ലാഭിച്ചാണ് ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെ പാലങ്ങള്‍ നിര്‍മിച്ചത്. ദേശീയപാത അതോറിറ്റിയില്‍നിന്നു നിര്‍മാണം ഏറ്റെടുത്തതുകൊണ്ട് ടോള്‍ പിരിവ് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. ഫണ്ടില്ലെന്നു പറഞ്ഞ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയ പദ്ധതിയാണ് ഇപ്പോള്‍ സാക്ഷാത്ക്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ കാണുന്നത് നാടിന്റെ വികസനമാണ് . അതിന് അടിസ്ഥാന സൗകര്യമൊരുക്കണം. അതിന് പ്രധാനമായി വേണ്ടത് പാലങ്ങളും റോഡുകളുമാണ്. ജനങ്ങള്‍ക്ക് ഉപകരിക്കുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ ഒരുക്കാന്‍ പുതിയ കാലം പുതിയ നിര്‍മ്മാണം എന്നതടിസ്ഥാനമാക്കിയാണ് പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തിക്കുന്നത് അതിന്റെ ഗുണം കാണാനുണ്ട്. പ്രഖ്യാപനത്തിനൊപ്പം പൂര്‍ത്തീകരണത്തിനും ഈ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

നീതിപീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചവര്‍ അഴിഞ്ഞാട്ടത്തിനും അഴിമതിക്കും കുടപിടിക്കാന്‍ ഇറങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത സ്ഥാനത്തിരുന്നവര്‍ ഉത്തരവാതിത്വം ഇല്ലാതെ പ്രതികരിക്കുകയാണോ വേണ്ടത്. പ്രോത്സാഹനം കൊടുക്കേണ്ടത് അരാചകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്ന വിവേകം അവര്‍ക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News