വിജയ്- വിജയ് സേതുപതി ചിത്രം ‘മാസ്റ്റര്‍’ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി കെ.രംഗദാസ് എന്ന വ്യക്തി. 2017 ഏപ്രില്‍ 7 നാണ് കഥ രജിസ്റ്റര്‍ ചെയ്തതെന്നും രംഗദാസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ കഥ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ആരോപിച്ചു. വരും ദിവസങ്ങളില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഇയാള്‍ അറിയിച്ചു.
ജനുവരി 13ന് തീയറ്ററിലേയ്ക്ക് എത്താനിരിക്കെയാണ് പുതിയ ആരോപണം. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മാസ്റ്ററില്‍ വിജയ്ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും.
നിര്‍മ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്സ് ആണ് തീയറ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. ആന്‍ഡ്രിയ ജെറാമിയ, ശാന്തനു ഭാഗ്യരാജ്, നാസര്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും അനിരുദ്ധ രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കുന്നു.
കേരളത്തില്‍ ട്രാവന്‍കൂര്‍ ഏരിയയില്‍ മാജിക് ഫ്രെയിംസിനും കൊച്ചിന്‍ മലബാര്‍ ഏരിയയില്‍ ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ് ചിത്രത്തിന്റെ വിതരണ അവകാശം.
അതേസമയം ഇതാദ്യമായല്ല വിജയ് ചിത്രത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത്. ‘സര്‍ക്കാ’രും നേരത്തെ മോഷണ ആരോപണം നേരിട്ടിരുന്നു.

Get real time update about this post categories directly on your device, subscribe now.