
വിജയ് ആരാധകർ ഏറെയുള്ള നാടൻ കേരളം.അതുകൊണ്ട് തന്നെ വിജയുടെ പല ചിത്രങ്ങളുടെയും റിലീസ് ഇവിടെ വലിയ ആഘോഷവും ആണ് .കോവിഡ് നൽകിയ ഇടവേളയ്ക്ക് ശേഷം വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റർ’.വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് മാസ്റ്ററിനായി ഈ പതിമൂന്നാം തിയതി ചിത്രമെത്തുന്നു എന്ന സന്തോഷത്തിലായിരുന്നു ഏവരും
കേരളത്തിൽ മാസ്റ്റർ റിലീസ് ചെയ്യില്ലഎന്നതാണ് പുറത്ത് വരുന്ന പുതിയ വാർത്ത.നികുതി ഇളവുകൾ ഉൾപ്പെടെ സർക്കാർ അംഗീകരിക്കാതെ തീയറ്ററുകൾ തുറക്കില്ലെന്ന് സിനിമ സംഘടനയായ ഫിയോക് തീരുമാനമെടുത്തതോടെയാണ് ‘മാസ്റ്റർ’ സിനിമയുടെ റിലീസ് സംസ്ഥാനത്ത് മുടങ്ങിയത്.
കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് ജനറല്‍ ബോഡി യോഗമാണ് വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ സർക്കാർ പരിഗണിക്കാതെ തീയറ്ററുകൾ തുറക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. ഇതോടെയാണ് പൊങ്കൽ റിലീസായി ഈ മാസം 13 നു തീയറ്ററുകളിൽ എത്താനിരുന്ന ‘മാസ്റ്റർ’ന്റെ റിലീസ് മുടങ്ങിയത്.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ പത്ത് മാസമായി അടഞ്ഞുകിടക്കുന്ന തീയറ്ററുകൾ തുറക്കാമെന്ന് പുതുവത്സരദിനത്തിലാണ് സർക്കാർ പ്രഖ്യാപിച്ചത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് ജനുവരി അഞ്ച് മുതൽ തീയറ്ററുകൾക്ക് പ്രവർത്തന സജ്ജമാകാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
എന്നാൽ, അൻപത് ശതമാനം ആളുകളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് തീയറ്ററുകൾ തുറക്കുന്നത് വൻ സാമ്പത്തിക നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി ഫിയോകും ഫിലിം ചേമ്പറും രംഗത്തെത്തിയിരുന്നു. വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം കൈക്കൊള്ളുകയെന്ന് ഫിയോക് വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച അടുത്ത ചര്‍ച്ച നടത്താനിരിക്കുകയാണ് സിനിമാ സംഘടനകള്‍.
അതേസമയം, തന്റെ പുതിയ ചിത്രത്തിന്റെ റിലീസുമായി അനുബന്ധിച്ച് നൂറ് ശതമാനം ആളുകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് തീയറ്ററുകൾ തുറക്കണമെന്ന് നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തീയറ്ററുകൾ പൂർണമായും പ്രവർത്തന സജ്ജമാകുന്നതിനെതിരെ പല കോണിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ കേന്ദ്രം കൂടി അതൃപ്തി അറിയിച്ചതോടെ അൻപത് ശതമാനം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് തീയറ്ററുകൾ തുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിയ്ക്കുകയായിരുന്നു. ചെന്നൈയിൽ വിജയ് ഫാൻസുകൾക്കുള്ള ടിക്കറ്റ് വിതരണവും ആരംഭിച്ചുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here