തങ്ങളുടെ സ്വകാര്യ വിവരങ്ങൾ മൂന്നാമതൊരാൾക്ക് കൈമാറാൻ വാട്സാപ്പ് തീരുമാനിച്ചതോടെ പല ഉപയോക്താക്കളും വാട്സപ്പിനോട് ഗുഡ് ബൈ പറയാൻ ഒരുങ്ങിയിരിക്കുകയാണ്. കാരണം, പുതിയ അപ്‌ഡേഷൻ പ്രകാരം ഒന്നുകിൽ വാട്സാപ്പ് തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിനിടക്കം കൈമാറുന്നത് അംഗീകരിക്കണം അല്ലെങ്കിൽ വാട്സാപ്പ് സ്വമേധയാ തന്നെ ഡിലീറ്റ് ചെയ്യപ്പെടും. ഈ സാഹചര്യത്തിൽ പിന്നെ എന്ത് റിസ്ക്ക് എടുത്തും വാട്സാപ്പിൽ തുടരാം എന്ന് കരുതാൻ കഴിയില്ലല്ലോ!
ഈ സാഹചര്യത്തിലാണ് ചാറ്റിങ് ആപ്പുകളിലെ പുതിയ താരം ‘സിഗ്നൽ’ ജനഹൃദയങ്ങളിലേക്ക് ചേക്കേറുന്നത്. 2014 മുതൽ നിലവിലുള്ള ആപ്പാണിതെങ്കിലും വാട്സാപ്പ് പോളിസി മാറ്റിയപ്പോഴാണ് സിഗ്നലിന് പ്രചാരമേറിയത്. വാട്സാപ്പിന്റെ നയം മാറ്റത്തിൽ ആശങ്കപ്പെട്ടു നിൽക്കുന്ന സാഹചര്യം സിഗ്നൽ മുതലെടുക്കുക തന്നെയായിരുന്നു. കൂടാതെ, ‘സിഗ്നൽ ഉപയോഗിക്കൂ’ (Use Signal ) എന്ന ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനെന്ന പദവി സ്വന്തമാക്കിയ ഇലോൺ മസ്‌ക് കൂടി ട്വീറ്റ് ചെയ്തതോടെ സിഗ്നൽ കത്തിക്കയറി.
ലോകത്തെ തന്നെ അക്ഷരാർത്ഥത്തിൽ ആ ഒരൊറ്റ ട്വീറ്റ് കീഴ്മേൽ മറിച്ചുവെന്ന് തന്നെ പറയണം. കാരണം, പിന്നീട് സിഗ്നൽ ഡൗൺലോഡ് ചെയ്യാനായി ആപ്പിളിന്റെ സ്റ്റോറിൽ തിക്കും തിരക്കുമായിരുന്നു. ഇന്ത്യ, ജർമ്മനി, ഹോങ്കോങ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഫ്രാൻസ്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ ആപ്പിളിന്റെ ആപ്പ് സ്റ്റോർ ചാർട്ടിൽ ആദ്യ മൂന്ന് സ്ഥാനത്ത് സിഗ്‌നൽ എത്തിക്കഴിഞ്ഞിരിക്കുന്നു. അതേസമയം, അപ്രതീക്ഷിതമായി ധാരാളം പേർ സിഗ്‌നൽ ഡൌൺലോഡ് ചെയ്തതോടെ വെരിഫിക്കേഷൻ കോഡുകൾ പുതിയ ഉപഭോക്താക്കൾക്ക് കൃത്യമായി എത്തിക്കാൻ സിഗ്നലും ബുദ്ധിമുട്ടി. എന്നാൽ, പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് സിഗ്നൽ അധികൃതർ ട്വീറ്റ് ചെയ്തിരുന്നു.
സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് എന്ന നിലയ്ക്കാണ് അമേരിക്കൻ സ്ഥാപനമായ സിഗ്‌നൽ ഫൗണ്ടേഷൻ സിഗ്നൽ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ കോൺടാക്റ്റ് ഇൻഫോ മാത്രമേ സിഗ്‌നൽ ആപ്പ് സ്വീകരിക്കൂ എന്ന് ആപ്പിന്റെ പ്രൈവസി പോളിസിയിൽ പറയുന്നു. ആപ്പിലൂടെ നടക്കുന്ന എല്ലാ കൈമാറ്റങ്ങൾക്കും ഓപ്പൺ-സോഴ്സ് സിഗ്നൽ പ്രോട്ടോകോളാണ്. അതേസമയം, വാട്സാപ്പിൽ കോളുകളും മെസേജുകളും മാത്രമേ എൻക്രിപ്റ്റ് ആവുകയുള്ളൂ.
അതേസമയം, വാട്സാപ്പിന്റെ ഏറ്റവും പുതിയ തനിയെ മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ സിഗ്നലിൽ 2016 മുതലുണ്ട്. ഗൂഗിള്‍ ഡ്രൈവിലോ, ഐ ക്ലൗഡിലോ ബാക്ക് അപ്പ് അനുവദിക്കാത്തതാണ് സിഗ്നലിന്‍റെ മറ്റൊരു പ്രത്യേകത. കൂടാതെ, ഉപഭോക്താക്കളെ അവരുടെ അനുവാദം ഇല്ലാതെ ഗ്രൂപ്പുകളിലും ആഡ് ചെയ്യാന്‍ സാധിക്കില്ല എന്ന സവിശേഷതയുമുണ്ട്. ഈ സവിശേഷതകൾ ഒക്കെ തന്നെ വാട്സാപ്പിന് ഏറെ വെല്ലുവിളിയായിരിക്കുകയാണ്.
180-ഓളം രാജ്യങ്ങളിലായി ഏകദേശം 2 ബില്ലിയനിലധികം പേർ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ വാട്സാപ്പിന്റെ പ്രതാപകാലം ഏകദേശം മങ്ങാറായി എന്ന സൂചനയാണ് സിഗ്നൽ ആപ്പിന്റെ ഈ കുതിച്ചുചാട്ടം വെളിവാക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സിഗ്നല്‍ അഡ്വാന്‍സ് എന്ന കമ്പനി ഓഹരി വിപണിയില്‍ വന്‍ പ്രകടനമാണ് നടത്തിയത്. വ്യാഴാഴ്ച 527 ശതമാനമാണ് സിഗ്നല്‍ അഡ്വാന്‍സ് എന്ന കമ്പിനിയുടെ ഓഹരി മൂല്യം വർധിച്ചത്. വെള്ളിയാഴ്ച ഇത് 91 ശതമാനവും കൂടിയിരുന്നു. പക്ഷേ, നിലവിൽ ഐഫോണ്‍, ഐപാഡ്, വിന്‍ഡോസ്, മാക്, ലിനക്സ് എന്നിവയില്‍ മാത്രമാണ് സിഗ്നൽ ലഭ്യമാവുകയുള്ളു.

Get real time update about this post categories directly on your device, subscribe now.