മൂന്നാറിന്റെ ചരിത്ര വഴികളിലൂടെ

മഞ്ഞ് പെയ്യുന്ന മലമുകളിലേക്കെത്തിയ ആദ്യ മനുഷ്യർ

സമതലങ്ങളിലെ മനുഷ്യർ ഇടുക്കിയെ ചരിത്രമില്ലാത്തൊരു നാടായാണ് പരിഗണിക്കുന്നത്. ഏതാണ്ട് അരനൂറ്റാണ്ടിനു മുന്നേയുണ്ടായ കുടിയേറ്റങ്ങൾ മാത്രമാണ് ഇടുക്കിയെ മനുഷ്യവാസമുള്ള പ്രദേശമാക്കിയതെന്നാണ് നമ്മുടെ പൊതുബോധം.

സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി1940-കൾക്കും അറുപതുകൾക്കുമിടയിലാരംഭിച്ച ആ കുടിയേറ്റങ്ങൾക്കുമപ്പുറത്ത് ഈ നാട്ടിൽ മനുഷ്യരും അവരുടെ അത്ഭുതപ്പെടുത്തുന്ന സമൂഹജീവിതത്തിൻറെ അടയാളപ്പെടുത്തലുകളുമുണ്ടായിട്ടുണ്ടെന്നുള്ളതാണ് യഥാർഥ്യം.

ആധുനിക മനുഷ്യനെ അമ്പരപ്പിക്കുന്ന ഇടുക്കിയുടെ ആ ചരിത്രം തുടങ്ങുന്നതും ഒടുങ്ങുന്നതുമാവട്ടെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ നിന്നുമാണ്…

ജനുവരിയുടെ ശൈത്യ നാളുകളിലാണ് മൂന്നാർ അതിന്റെ കാൽപ്പനിക ഭംഗിയെ ഏറ്റവും മനോഹരമായി പ്രതിഫലിപ്പിക്കുന്നത്. അങ്ങനെയൊരു ജനുവരിയിൽ തന്നെ
നാം മൂന്നാറിന്റെ കഥ തേടിയിറങ്ങുന്നത് യാദ്യശ്ചികമായിരിക്കാം.

കാറ്റിൽ വിരിച്ച പച്ചപ്പരവതാനി പോലെ തേയിലത്തോട്ടങ്ങളുടെ നിമ്നോന്നതങ്ങൾ തീർക്കുന്ന മൂന്നാർ മലനിരകൾ പണ്ട് പണ്ടൊരു കൊടുംകാടായിരുന്നു.

ആ കാടിന്റെ യഥാർത്ഥ അവകാശികളാകട്ടെ മധുരയിൽ നിന്ന് പലായനം ചെയ്തെത്തിയ ‘മുതുവാൻ’ വിഭാഗത്തിൽപ്പെടുന്ന ഗോത്ര മനുഷ്യരും.

ആയിരം വർഷം മുൻപാണ് അക്കാലത്ത് ദക്ഷിണേന്ത്യയെ രക്തരൂക്ഷിതമാക്കിയ നിരവധി യുദ്ധങ്ങളുടെയും പടയോട്ടങ്ങളുടെയുമൊക്കെ ഇരകളായി ജീവനും ജീവിതവും കാക്കാൻ മുതുവാന്മാർ മൂന്നാർ മലനിരകളിലേക്ക് പലായനം ചെയ്തെത്തുന്നത്. മുതുകിൽ മാറാപ്പുണ്ടാക്കി കുട്ടികളെ ചുമന്ന് നടക്കുന്നതിനാൽ ഈ ആദിമനിവാസികൾ ‘ മുതുവാൻ ‘ എന്ന പേരിൽ അറിയപ്പെട്ടു.

പിന്നീടവർ കാടിനോടിണങ്ങി കാടിൻറെ ഭാഗമായി ഇവിടെ ഏതാണ്ടായിരം കൊല്ലങ്ങളായി ജീവിച്ചു വന്നിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാവായിരുന്ന മാനവിക്രമൻറെ നേതൃത്വത്തിൽ തിരുവിതാംകൂറിൻറെ കിഴക്കൻ പ്രദേശങ്ങളോട് ചേർന്ന് സ്ഥാപിതമായ പൂഞ്ഞാർ രാജവംശം 1252 ൽ മൂന്നാർ ഉൾപ്പെടുന്ന കണ്ണൻദേവൻ മലനിരകളും അഞ്ചു നാടും തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമായി കൂട്ടിച്ചേർത്തു.

പൂഞ്ഞാർ രാജവംശത്തിന് കീഴിൽ കണ്ണൻ തേവരെന്ന ജമീന്ദാറിനായിരുന്നു മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ ചുമതലയെന്നും അദ്ദേഹത്തിൻറെ അധീനതയിലുള്ള പ്രദേശമായതിനാലാണ് ഇവിടം കണ്ണൻ ദേവൻ മലകളെന്ന് അറിയപ്പെട്ട് തുടങ്ങിയതെന്നും ഒരു വാമൊഴിയുണ്ട്.

പുറം ലോകത്തുനിന്നും മൂന്നാറിന്റെ മണ്ണിൽ ആദ്യം കാലുകുത്തുന്നത് പിൽക്കാലത്ത് ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടണായിത്തീർന്ന കേണൽ ആർതർ വെല്ലസ്ലിയായിരുന്നു.

1790 ലാണ് തിരുവിതാംകൂറിന് ഭീഷണിയായിരുന്ന ടിപ്പുസുൽത്താനെ അദ്ദേഹത്തിന്റെ യാത്രാമദ്ധ്യേ ആക്രമിച്ചു കീഴടക്കുകയെന്ന ലക്ഷ്യത്തോടെ വെല്ലസ്ലിയും സൈന്യവും ഇടുക്കിയിലെ കുമളിയിൽ വന്ന് തമ്പടിച്ചത്.

എന്നാൽ ടിപ്പു മറ്റൊരു വഴിയെ സഞ്ചരിച്ചതിനാൽ വെല്ലസ്ലിയ്ക്ക് നിരാശനായി മടങ്ങേണ്ടി വന്നു. തിരുവിതാംകൂറിലേക്കുള്ള വെല്ലസ്ലിയുടെ മടക്കയാത്ര ഏലമല കയറി കണ്ണൻദേവൻ കുന്നുകളിലൂടെയായിരുന്നു.

അങ്ങനെ സൂര്യനെല്ലിയിലെത്തിയ വെല്ലസ്ലി ഒരു തടാകക്കരയിൽ വിശ്രമിക്കുന്നതിനിടെ അകലെ കണ്ട ദേവിമലക്കുന്നിൽ ആ മലനിരകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് ഈസ്റ്റിന്ത്യാ കമ്പനിക്കായി അവിടെയൊരു കാവൽക്കോട്ട നിർമ്മിക്കുന്നതിനായുള്ള പദ്ധതികൾ ആരംഭിച്ചു. പക്ഷേ അദ്ദേഹത്തിനത് പൂർത്തിയാക്കാനായില്ല. തിരുവിതാംകൂറിലേക്ക് അടിയന്തരമായി മടങ്ങി ചെല്ലാനുള്ള നിർദ്ദേശത്തെത്തുടർന്ന് വെല്ലസ്ലി കോട്ടയുടെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങി.

അധിനിവേശ മനുഷ്യൻ മൂന്നാർ മലനിരകളിൽ നടത്തിയ ആദ്യ നിർമാണപ്രവർത്തനവും അതുതന്നെയായിരുന്നു.ഇന്നും ദേവികുളം അസിസ്റ്റൻറ് മാനേജരുടെ ബംഗ്ലാവിൽ നിന്ന് നോക്കിയാൽ കല്ലും മണ്ണുമുപയോഗിച്ച് പണിയാനാരംഭിച്ച അന്നത്തെ കോട്ടയുടെ ചില അവശിഷ്ടങ്ങൾ കാണാം.

വെല്ലസ്ലിക്ക് ശേഷം 1817 ലെ ‘ദി ഗ്രേറ്റ് ഇന്ത്യൻ ട്രിഗണോമെട്രിക് സർവേയുടെ’ ഭാഗമായി ലെഫ്റ്റനന്റ് ബി എസ് വാർഡ്, ലെഫ്റ്റനന്റ് കൊണോർ എന്നിവരാണ് പിന്നീട് മൂന്നാറിലെത്തിയ രണ്ട് വിദേശികൾ.

നവംബർ രണ്ടിന് മൂന്നാറിലെത്തിയ അവർ മലകളും പുഴകളുമൊക്കെ അളന്നും അടയാളപ്പെടുത്തിയും നവംബർ എട്ടിന് മടങ്ങിപ്പോയി.

കോയമ്പത്തൂരിൽനിന്ന് തുണിയും മറ്റും തിരുവിതാംകൂറിലേക്കും അവിടെ നിന്ന് തിരിച്ച് തമിഴകത്തേക്ക് അടയ്ക്കയും കൊണ്ടുപോയിരുന്ന ദുർഘട പാതയിലൂടെ കാളവണ്ടിയിൽ തങ്ങൾ നടത്തിയ സഞ്ചാരത്തെക്കുറിച്ച് വാർഡ് തൻറെ അനുഭവക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ആ യാത്രയിൽ പള്ളിവാസലിന് സമീപം ഒരു മുസ്ലിം ദിവ്യന്റെ ഖബറിടം സന്ദർശിച്ചതായും അദ്ദേഹം രേഖപ്പെടുത്തുന്നു. അതുവഴി പോകുന്ന വ്യാപാരികൾ വഴിപാടായി ദിവ്യന്റെ കബറിടത്തിൽ കൽവിളക്കുകൾ സമർപ്പിക്കാറുണ്ടായിരുന്നത്രെ. അക്കാലത്തും ഇതുവഴി വ്യാപാരസംബന്ധമായ സഞ്ചാര പാതകളുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് വാർഡിന്റെ അനുഭവക്കുറിപ്പുകൾ.

(അള്ളാപ്പള്ളിയെന്നറിയപ്പെടുന്ന ആ ഖബറിടം ഇപ്പോഴും പള്ളിവാസലിലുണ്ട്)

1862 ൽ പട്ടാളക്കാർക്കായുള്ള കോൺവാൽസെന്റ് സ്റ്റേഷനാക്കാനുതകുന്ന (രോഗ ബാധിതരാകുന്ന പട്ടാളക്കാർക്ക് ചികിത്സാ നന്തരം വിശ്രമിക്കാനായി തയ്യാറാക്കുന്ന സ്ഥലം) പ്രദേശങ്ങൾ തേടി മൂന്നാറിലെത്തിയ ജനറൽ ഹാമിൽട്ടൺ ആണ് ഇവിടെയെത്തുന്ന മറ്റൊരു വിദേശി .

വഴികാട്ടിയായി ഒരു മുതുവാനെ ഒപ്പംകൂട്ടി പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടിയുടെ 8841 അടിയും ആനത്താരകളിലൂടെ അദ്ദേഹം നടന്നുകയറി. കുത്തനെയുള്ള കയറ്റിറക്കങ്ങൾ ഒഴിവാക്കിയാകും ആനകൾ അവയുടെ സഞ്ചാരപഥം തീരുമാനിക്കുക. അതിനാൽ ആനത്താരകളിലൂടെയുള്ള യാത്ര അപകടകരമെങ്കിലും ആയാസരഹിതമായിരിക്കും.

ഇന്ന് കാണുന്നതിന്റെ പതിന്മടങ്ങെങ്കിലും വന്യമൃഗങ്ങളുള്ള വനത്തിലൂടെ
ഹാമിൽട്ടൺ അന്ന് നടത്തിയ സാഹസികയാത്രയും ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്.

എന്നാൽ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട യാത്രകളൊന്നും തന്നെ മൂന്നാറിന്റെ ചരിത്രത്തെ അത്രകണ്ട് ചലനാത്മകമാക്കിയിരുന്നില്ല.

മൂന്നാറിനെ ഇന്നുകാണുന്ന മൂന്നാറാക്കിമാറ്റിയ സംഭവങ്ങൾക്ക് പിന്നെയും ഒന്നരപതിറ്റാണ്ടിനുശേഷമാണ് തുടക്കം കുറിക്കുന്നത്.

ഹൈറേഞ്ച് മലനിരകളിൽ തേയിലച്ചെടികൾ വളർന്നു തുടങ്ങിയ ആ കഥ അടുത്ത അധ്യായത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News