നിരത്തുകൾ കീഴടക്കാൻ ടാറ്റാ സഫാരി തിരികെയെത്തുന്നു

നിരത്തുകൾ കീഴടക്കാൻ ടാറ്റാ സഫാരി തിരികെയെത്തുന്നു

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെയായി ഇന്ത്യൻ വാഹനവിപണിയിൽ ചലനങ്ങൾ തീർത്ത ടാറ്റാ സഫാരി അടിമുടി മാറ്റത്തോടെ 2021ലേക്ക് കടന്നുവരികയാണ്. 1998ൽ ടാറ്റ അവതരിപ്പിച്ച ഈ ഏഴ് സീറ്റർ വാഹനത്തിന് 2019 വരെ വിപണിയിൽ വ്യക്തമായ സാന്നിധ്യമുണ്ടായിരുന്നു. BS-VI പ്രക്രിയയുടെ ഭാഗമാവാത്തതിനാൽ നിരത്തിൽ നിന്നും ഒഴിവാകേണ്ടി വന്നെങ്കിലും അതിശക്തമായി തിരികെ എത്താൻ തയ്യാറെടുക്കുകയാണ് സഫാരി.

1998ൽ 8.25 ലക്ഷം രൂപ അടിസ്ഥാന വിലയിൽ ആദ്യമായി സഫാരി വന്നപ്പോൾ 90 ബിഎച്ച്പി കരുത്തും 186 എൻഎം ടോർക്കും മാത്രമാണ് അന്നത്തെ 2.0 ലിറ്റർ ടർബോ ചാർജ്ഡ് ഡീസൽ എഞ്ചിനിൽ ഉണ്ടായിരുന്നത്. 2000 കിലോഗ്രാമോളം ഭാരമുണ്ടായിരുന്ന സഫാരിക്ക് ഈ കരുത്ത് തികഞ്ഞിരുന്നില്ല എന്നർത്ഥം. സുഖ സൗകര്യങ്ങൾ മാത്രം ഉന്നം വച്ച ഉപഭോക്താക്കൾ ഇത്‌ കാര്യമാക്കിയില്ല. പിന്നീട് അഞ്ചു വർഷങ്ങൾക്ക് ശേഷം പുതിയ 2.1 ലിറ്റർ പെട്രോൾ എഞ്ചിൻ സഫാരിയുടെ പുതിയ ഹൃദയമായി മാറി.

ഒരു ലിറ്റർ പെട്രോളിന് ഏകദേശം അഞ്ചു മുതൽ ഏഴ് വരെ കിലോമീറ്റർ മാത്രം ഇന്ധനക്ഷമത നൽകിയ ഈ എഞ്ചിനും വൈകാതെ പിൻവലിക്കേണ്ടിവന്നു.

പിന്നീട് ചരിത്രം കുറിച്ചത് 2005ൽ വിപണിയിലെത്തിയ സഫാരി ഡൈകോർ എന്ന പുതിയ പുലിക്കുട്ടിയായിരുന്നു. അടിമുടി ഉടച്ചുവാർത്ത ഡിസൈൻ മികവും ആകാരഭംഗിയും ഡൈകോറിനെ വിപണിയിൽ വേറിട്ടു നിർത്തി. വളരെ കരുത്തുറ്റ 3.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനായിരുന്നു ഡൈകോറിന്റെ ഹൃദയം. 116 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും നൽകിയ അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്സായിരുന്നു ഈ വാഹനത്തിന് വേഗം നൽകിയത്.

ഡൈകോർ തുറന്ന വിജയപാതയിലേക്ക് പിന്നീടെത്തിയത് സഫാരി സ്റ്റോമായിരുന്നു. 2012ൽ വിപണിയിലെത്തിയ ഇവൻ പേരുപോലെ തന്നെയൊരു കൊടുങ്കാറ്റായിരുന്നു. ലാൻഡ് റോവറിൽ നിന്നും കടമെടുത്ത ഡിസൈൻ മികവും 150 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും നൽകിയ 2.2 ലിറ്റർ വരികോർ ഡീസൽ എഞ്ചിനായിരുന്നു ഇതിന്റെ പ്രധാന സവിശേഷത. പിന്നീട് 2015ൽ കൂടുതൽ കരുത്തോടെ ഈ വാഹനം വിപണിയിൽ ചലനം സൃഷ്ടിച്ചു. ഫോർ വീൽ ഡ്രൈവ്, ടു വീൽ ഡ്രൈവ് വകഭേദങ്ങളും സ്റ്റോമിൽ ലഭ്യമായിരുന്നു.

ഇന്ത്യൻ കരസേനക്ക് വേണ്ടി കൂടുതൽ കരുത്തുറ്റ സഫാരികൾ നിർമിച്ചും ടാറ്റ ശ്രദ്ധേയരായി. സഫാരി GS800 എന്നായിരുന്നു ഈ കരുത്തന് ടാറ്റ നൽകിയ പേര്. ബുള്ളറ്റ് പ്രൂഫ് ഉൾപ്പെടെയുള്ള സവിശേഷതകളും ഏത് കാടും മേടും വലിഞ്ഞു കയറുവാനുള്ള കരുത്തും സഫാരിക്ക് പ്രതിരോധ മേഖലയിൽ മാരുതി ജിപ്സിക്ക് ശേഷം കൂടുതൽ പ്രിയമേറി.

2019 ജനീവ മോട്ടോർ ഷോയിൽ ബസാർഡ് എന്ന പേരിലും പിന്നീട് 2020 ഓട്ടോ എക്സ്പോയിൽ ഗ്രാവിറ്റാസ് എന്ന പേരിലും അവതരിപ്പിച്ച വാഹനത്തെയാണ് പിന്നീട് പുതിയ ടാറ്റ സഫാരിയായി പുനർനാമകരണം ചെയ്തത്. ടാറ്റാ ഹാരിയറിൽ ഉപയോഗിച്ചിരിക്കുന്ന അതേ 170 ബിഎച്ച്പി 2.0 ലിറ്റർ ക്രയോട്ടെക്ക് ടർബോ- ഡീസൽ എൻജിൻ തന്നെയാവും സഫാരിക്ക് കുതിപ്പേകുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർ ബോക്സിന് പുറമേ ടോർക് കൺവർട്ടർ ഓട്ടോമാറ്റിക് വകഭേദവും പുതിയ സഫാരിയിൽ ലഭ്യമാകും.

സഫാരി യുവാക്കൾക്കെന്നും ഹരമായിരുന്നു. മാറുന്ന കാലത്തിനൊപ്പം കൂടുതൽ ഭംഗിയോടും കരുത്തോടും കൂടി ഈ എസ് യു വി തിരിച്ചെത്തുമ്പോൾ ടാറ്റയുടെ അടിമുടി മാറിയ വിപണി സാധ്യതകളും ജനപ്രീതിയുമെല്ലാം സഫാരിക്ക് ഗുണകരമാകും എന്നതിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here