വയനാട് പുല്‍പ്പള്ളി കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെ ഫോറസ്റ്റ് റെയ്ഞ്ചറെ കടുവ അക്രമിച്ചു. പരിക്കുകളോടെ ചെതലയം റെയ്ഞ്ച് ഓഫീസര്‍ ടി ശശികുമാറിനെ
മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കർണ്ണാടക അതിർത്തിഗ്രാമമായ കൊളവള്ളിയിലെ ഒരു കൃഷിയിടത്തില്‍ കടുവയെ കണ്ടെന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ശശികുമാറിന്‍റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘമെത്തിയത്.
വനമേഖലയിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടായത്.
മറ്റു വനപാലകരും നാട്ടുകാരും ബഹളം വെച്ചതോടെ കടുവ ഓടിപ്പോവുകയായിരുന്നു.
പരിക്കേറ്റ ശശികുമാറിനെ ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തോൾഭാഗത്ത് മുറിവേറ്റ ശശികുമാറിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ദിവസങ്ങളായി കടുവാ ഭീഷണി നിലനിൽക്കുന്ന പ്രദേശമാണ് പാളക്കൊലി മരക്കടവ് പ്രദേശങ്ങൾ. നാട്ടുകാരുടെ പ്രതിഷേധങ്ങൾ ശക്തമായതോടെ കൂട് വെച്ച് കടുവയെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. പ്രദേശത്ത് തിരച്ചിലും നടന്നുവരികയാണ്.ഇതിനിടെയാണ് റേഞ്ച് ഓഫീസർക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായത്.
അതേസമയം വനം വകുപ്പുദ്യോഗസ്ഥനെ കടുവ ആക്രമിച്ച പ്രദേശത്ത് ജനങ്ങൾ ജാഗ്രത പുലർത്താൻ വനം വകുപ്പ് നിർദ്ദേശം നല്‍കി. മരക്കടവ് കബനിഗിരി പാളക്കൊല്ലി പ്രദേശങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം.
Get real time update about this post categories directly on your device, subscribe now.