‘ചാണക’ പെയിന്‍റ് !; ലോഞ്ച് ചെയ്യാനൊരുങ്ങി കേന്ദ്രം

ചാണകത്തിൽ നിന്ന് നിർമ്മിച്ച പെയിന്റ് ലോഞ്ച് ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. ഖാദി വേദിക് എന്ന കമ്പനി ഉൽപാദിപ്പിക്കുന്ന ഏറ്റവും പുതിയ ചാണക പെയിന്റ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് രാജ്യത്തിന് സമർപ്പിക്കാൻ പോകുന്നത്. വിഷമുക്തവും പരിസ്ഥിതി സൗഹാർദവുമാണ് ചാണകത്തിൽ നിർമ്മിച്ച ഈ പെയ്‌ന്റെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ജയ്‌പൂർ കുമാരപ്പ നാഷണൽ ഹാൻഡ്മെയ്ഡ് ഇൻസ്റ്റിട്യൂട്ടാണ് പെയിന്റ് നിർമിക്കുന്നത്.

ഖാദി പ്രകൃതിക് എന്ന വിഭാഗത്തിൽ വരുന്ന ഈ പെയിന്റ് ഫംഗസ് വിമുക്തവും, ആന്റി ബാക്ടീരിയലുമാണെന്നും അവകാശപ്പെടുന്നു. ചാണകമാണ് പെയ്ന്റിലെ പ്രധാനഘടകമെങ്കിലും മണമില്ലെന്നാണ് അവകാശവാദം. ഇന്ത്യൻ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്‌സിന്റെ അംഗീകാരത്തോടെയാണ് ചാണക പെയിന്റ് വിപണിയിലെത്തുന്നത്. ലെഡ്, മെർക്കുറി തുടങ്ങിയ കെമിക്കൽ പദാർത്ഥങ്ങൾ ഒഴിവാക്കി ചാണകത്തിൽ നിർമ്മിച്ച ഈ പെയ്ന്റ് വിലക്കുറവിൽ ലഭിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു.

പ്രാദേശികാടിസ്ഥാനത്തിൽ ചാണകത്തിൽ നിന്ന് പെയ്ന്റ് നിർമ്മാണം നടത്തിയത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷിക്കുമെന്ന് കേന്ദ്രം അവകാശപ്പെടുന്നു. പശു വളർത്തുന്നവർക്കും ഗോശാല ഉടമകൾക്കും ഈ ഇനത്തിൽ പ്രതിവർഷം മുപ്പതിനായിരം രൂപ കിട്ടുമെന്ന് കണക്കുകൂട്ടുന്നതായി കേന്ദ്രമന്ത്രിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here