ക‍ഴിഞ്ഞ 4 വര്‍ഷങ്ങള്‍; ആലത്തൂര്‍ കണ്ടത് സമാനതകളില്ലാത്ത കാര്‍ഷിക വിപ്ലവം

പാലക്കാട്ടെ പ്രധാന കാര്‍ഷിക കേന്ദ്രമായ ആലത്തൂരില്‍ സമാനതകളില്ലാത്ത കാര്‍ഷിക വിപ്ലവമാണ് ക‍ഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടന്നത്. കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ സമഗ്ര കാര്‍ഷിക പദ്ധതിയായ നിറ പദ്ധതിയിലൂടെ കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റമാണുണ്ടായത്.

കര്‍ഷകരുടെ സ്വപ്നങ്ങള്‍ നാടിന്‍റെയാകെ സ്വപ്നമാണെന്ന തിരിച്ചറിഞ്ഞാണ് ആലത്തൂര്‍ മണ്ഡലത്തിലെ കാര്‍ഷിക രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ട് കെഡി പ്രസേനന്‍ എംഎല്‍എ നിറ പദ്ധതി ആവിഷ്ക്കരിച്ച് 2017 ജൂലൈ മുതല്‍ നടപ്പിലാക്കിയത്. 2000 കര്‍ഷകരെ അംഗങ്ങളാക്കി രൂപീകരിച്ച നിറ ഹരിത മിത്ര സൊസൈറ്റി യുടെ കീ‍ഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

നെല്‍കര്‍ഷകര്‍ ഏറെയുള്ള മണ്ഡലത്തില്‍ കൊയ്ത്ത് കാലത്ത് കൊയ്ത്ത് യന്ത്രങ്ങള്‍ ലഭ്യമാകാതെ നേരിട്ടിരുന്ന പ്രതിസന്ധിക്ക് പരിഹാരം കണ്ടു കൊണ്ടായിരുന്നു തുടക്കം. കൊയ്ത്ത് യന്ത്രങ്ങള്‍ ത‍മി‍ഴ്നാട്ടില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ വ‍ഴിയും എത്തിച്ചതോടെ കുറഞ്ഞ ചിലവിലും വേഗത്തിലും കൃഷിക്കാര്‍ക്ക് കൊയ്ത്ത് സാധ്യമായി. തൊ‍ഴിലുറപ്പ് തൊ‍ഴിലാളികളുടെ സേവനം നിറ പദ്ധതിയിലൂടെ കാര്‍ഷിക മേഖലയിലേക്ക് ഉപയോഗപ്പെടുത്താന്‍ ക‍ഴിഞ്ഞത് കര്‍ഷകര്‍ക്ക് ആശ്വാസമായി.

കൊവിഡ് കാലത്ത് ഇതരസംസ്ഥാന തൊ‍ഴിലാളികള്‍ മടങ്ങിയതോടെ,തദ്ദേശീയരായ സ്ത്രീ തൊ‍ഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി നിറസേന രൂപീകരിച്ച് പ്രതിസന്ധി പരിഹരിച്ചു. കേരഗ്രാമം പദ്ധതി, ജലസമൃദ്ധി പദ്ധതി, പരിസ്ഥിതി സൗഹൃദ യന്ത്രവത്ക്കരണ പദ്ധതി, പ്രളയാനന്തരം ആലത്തൂര്‍, നിറ പദ്ധതിയുടെ ഭാഗമായി ആലത്തൂരില്‍ സ്ഥാപിച്ച വിള ആരോഗ്യ കേന്ദ്രം, നിറ സ്റ്റോര്‍, ഇക്കോഷോപ്പുകള്‍. ഇങ്ങിനെ നിരവധിയായ പ്രവര്‍ത്തനങ്ങളാണ് കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിയത്.

സ്വന്തമായി ഭൂമിയുള്ള പാടശേഖര സമിതികള്‍ക്ക് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വിത്ത് ഗോഡൗണ്‍ നിര്‍മിച്ചു നല്‍കി. അഗ്രോ ഡ്രോണുപയോഗിച്ച് വളരെ വേഗത്തില്‍ കുറഞ്ഞ ചിലവില്‍ ജൈവ കീടനാശിനികളും സൂക്ഷ്മാണുക്കളും തളിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തി.

കനാലുകള്‍ മു‍ഴുവന്‍ പദ്ധതിയിലൂടെ നവീകരിച്ചു. തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി. സംസ്ഥാനത്ത് ആദ്യമായി കാര്‍ഷിക മേഖലയിലെ കാട്ടുമൃഗങ്ങളുടെ ശല്യം തടയുന്നതിനായി എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മിച്ച സോളാര്‍ വൈദ്യുത വേലി ഉദ്ഘാടനം ചെയ്തത് ദിവസങ്ങള്‍ക്ക് മുന്പാണ്. ഇങ്ങിനെ വൈവിദ്ധ്യങ്ങളായ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല.

നിറ പദ്ധതി വന്‍വിജയമായ സാഹചര്യത്തില്‍ നബാര്‍ഡ് സഹായമായി 30 കോടി രൂപ ആലത്തൂര്‍ മണ്ഡലത്തിന് അനുവദിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള കാര്‍ഷിക മേഖലയിലെ മാതൃകാ പദ്ധതി മറ്റു മണ്ഡലങ്ങളിലേക്കു കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News