വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ്; മുഖ്യമന്ത്രിയ്ക്ക് ക്ലീന്‍ ചിറ്റ്; സിബിഐ അന്വേഷണം തുടരും

ലൈഫ് മിഷന്‍റെ വടക്കാഞ്ചേരി ഭവന പദ്ധതിക്കെതിരായ സി ബി ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിക്ക് മുഖ്യമന്ത്രിയെയൊ മന്ത്രിമാരെയൊ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.ലൈഫ് മിഷനെതിരായ സി ബി ഐ അന്വേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് കോടതി ഉത്തരവ്.

വടക്കാഞ്ചേരി ഭവന പദ്ധതിക്കെതിരായ സി ബി ഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷനും കരാര്‍കമ്പനി യൂണിടാക്കും സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നയപരമായ തീരുമാനമാണ് കൈക്കൊണ്ടത്.അതിന്‍റെ പേരില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

അ‍ഴിമതി നടന്നത് ഉദ്യോഗസ്ഥ തലത്തിലാണ്. ഇതിന്‍റെ പേരില്‍ രാഷ്ട്രീയ ഭരണ നേതൃത്വത്തിനു മേല്‍ ഉത്തരവാദിത്തം ചുമത്താനാവില്ലെന്നും ഉത്തരവില്‍ ജസ്റ്റിസ് പി സോമരാജന്‍ വ്യക്തമാക്കി.വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് സി ബി ഐ നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ലൈഫ് മിഷന്‍ നേരിട്ട് പണം കൈപ്പറ്റിയിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചിട്ടില്ലെന്നും സി ഇ ഒ യു വി ജോസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനിടെ ലൈഫ് മിഷനെതിരായ അന്വേഷണം ഹൈക്കോടതി രണ്ട് മാസത്തേക്ക് തടയുകയും ചെയ്തിരുന്നു.ലൈഫ് മിഷന്‍ ഏതെങ്കിലും വിദേശ സംഭാവന സ്പോണ്‍സറില്‍ നിന്ന് വാങ്ങിയിട്ടില്ലെന്നത് അവിതര്‍ക്കിതമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel