നിയമനങ്ങൾ സുതാര്യം; പി എസ് സി വഴി ഒന്നര ലക്ഷത്തിലേറെ നിയമനം നൽകി: മുഖ്യമന്ത്രി

നിയമനങ്ങള്‍ അഴിമതി ഇല്ലാതെ സുതാര്യമായ രീതിയിൽ നടത്തണം എന്ന ഉറച്ച നിലപാടാണ്
സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരമാവധി നിയമനങ്ങള്‍ ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും അതുവഴി നിയമനം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.

ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കനുസരിച്ച് 1,51,513 പേര്‍ക്ക് പി.എസ്.സി വഴി നിയമനം/ അഡൈ്വസ് മെമ്മോ നല്‍കിയിട്ടുണ്ട്.

ആരോഗ്യ-സാമൂഹ്യനീതി മേഖലയില്‍ നാളിതുവരെ 5985 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ ഭാഗമായി പുതുതായി 1990 തസ്തികകളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം നടത്തിയിട്ടുണ്ട്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 4933 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്.

ഈ രംഗത്ത് ഹയര്‍സെക്കണ്ടറി തലത്തില്‍ മാത്രം 3540 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 721 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ 27,000 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. താത്ക്കാലിക തസ്തികകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 44,000 വരും.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കാനും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുമുള്ള പ്രക്രിയ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍, ഐ.എം.ജി, ഹൗസിംഗ് കമ്മീഷണറേറ്റ്, കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍, യുവജനക്ഷേമ ബോര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, വഖഫ് ബോര്‍ഡ്, റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റൂള്‍ രൂപീകരിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.

കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷന്‍ തുടങ്ങിയ 52 സ്ഥാപനങ്ങളില്‍ നിയമനം ഇതിനകം പി.എസ്.സിക്ക് വിടുകയും ചെയ്തിട്ടുണ്ട്. നിയമന ചട്ടം രൂപീകരിക്കാനും പി.എസ്.സിക്ക് വിടാനുമുള്ള നടപടിക്രമങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളുടെ കാര്യത്തില്‍ അത് സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിന്റെ ഭാഗമായി സെക്രട്ടറിമാരുടെ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. നിയമന-പ്രൊമോഷന്‍ കാര്യത്തില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും സ്‌പെഷ്യല്‍ റൂള്‍ ഉണ്ടാകണമെന്നതാണ് സര്‍ക്കാരിന്റെ നയം.

അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള നിയമനം സുതാര്യമായ പ്രക്രിയയിലൂടെ ഉറപ്പാക്കുന്ന നയമാണ് സര്‍ക്കാരിനുള്ളത്. ഇതിനോടൊപ്പം തന്നെ സര്‍ക്കാര്‍തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. കെ.എ.എസ്. പരീക്ഷാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംസ്ഥാന യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം നല്‍കിയിരുന്നു.

ഇതുമാത്രമല്ല, സ്വയം തൊഴില്‍ കണ്ടെത്താനുള്ള പരിശീലനങ്ങളും നല്‍കിവരുന്നുണ്ട്. ഇതിന്റെ ഭാഗമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ പദ്ധതിയാണിത്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് വായ്പ അനുവദിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സംയുക്ത സ്വയംതൊഴില്‍ പദ്ധതിയാണ് മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്‌സ്/ജോബ് ക്ലബ്ബ്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ എന്നീ അശരണരായ വനിതകള്‍ക്ക് മാത്രമായിട്ട് എംപ്ലോയ്‌മെന്റ് വകുപ്പ് നടത്തുന്ന പദ്ധതിയാണ് ശരണ്യ.

ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കേരള സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന കൈവല്യ എന്ന പേരില്‍ ഒരു സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി 2016 മുതല്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു.

സര്‍ക്കാര്‍ മേഖലകളില്‍ മാത്രമല്ല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്.

2020 സെപ്റ്റംബര്‍ 1 – ഡിസംബര്‍ 9 കാലയളവില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ആദ്യഘട്ട 100 ദിന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം നേടി എന്നു മാത്രമല്ല, 1,16,440 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല, ഉല്‍പ്പാദന-സേവന മേഖലകളില്‍ സംരംഭകത്വത്തിന് അനുകൂലമായ നിക്ഷേപ കാലാവസ്ഥ സൃഷ്ടിച്ച് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സുഭിക്ഷ കേരളം, ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ നിയമം എന്നീ പരിപാടികളിലൂടെ അനവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

ഐ.ടി മേഖലയില്‍ 52.44 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ തൊഴിലിടം സൃഷ്ടിക്കാന്‍ ഇതിനകം സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം, 35.5 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് തൊഴിലിടത്തിന്റെ പ്രവൃത്തി നടന്നുവരുന്നു. ഇതെല്ലാം ഈ മേഖലയിലെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്.

ഈ സര്‍ക്കാരിന്റെ കലയളവില്‍ പിന്‍വാതില്‍, അനധികൃത നിയമനങ്ങള്‍ നടക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ന്യൂഡല്‍ഹി കേരള ഹൗസിന്റെ കാര്യത്തില്‍ കാണാന്‍ കഴിയുന്നതെന്താണ്? കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി 2015 നവംബര്‍ 30 ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ ന്യൂഡല്‍ഹി കേരള ഹൗസില്‍ മൂന്നുവര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ 40 പേരെ സ്ഥിരപ്പെടുത്തിയതായി അറിയിച്ചിട്ടുണ്ട്. ഇപ്പോഴാകട്ടെ, മെരിറ്റ്-സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എഴുത്തുപരീക്ഷയിലൂടെയും ഇന്റര്‍വ്യൂവിലൂടെയും ഈ മേഖലയില്‍ പരിചയമുള്ള സ്ഥാപനമായ എല്‍.ബി.എസിനെ ഏല്‍പ്പിച്ചാണ് ഈ പ്രക്രിയ സുതാര്യമായി നടത്തുന്നത്. ഇതാണോ പിന്‍വാതില്‍ നിയമനം, അതോ യു.ഡി.എഫ് നടത്തിയതാണോ പിന്‍വാതില്‍ നിയമനം?

പരമാവധി ഒരു വര്‍ഷക്കാലത്തേക്കുള്ള കരാര്‍/ കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ ചില സാഹചര്യങ്ങളില്‍ അനിവാര്യമാണ്. ചില പ്രത്യേക മേഖലകളില്‍ വിശിഷ്യാ പശ്ചാത്തല സൗകര്യ പ്രോജക്ടുകളിലും നൂതന സാങ്കേതികവിദ്യ വിനിയോഗം ചെയ്യപ്പെടുന്ന മേഖലയിലും പ്രത്യേക പരിജ്ഞാനവും പ്രാവീണ്യവുമുള്ള ആളുകള്‍ ആവശ്യമായി വരുമ്പോള്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ വഴി പ്രക്രിയ സുതാര്യത ഉറപ്പുവരുത്തിക്കൊണ്ട് ഹ്രസ്വകാല നിയമനങ്ങള്‍ നടക്കാറുണ്ട്. അവ സര്‍ക്കാര്‍ നിയമനങ്ങളല്ല. പി.എസ്.സിക്ക് നോട്ടിഫൈ ചെയ്യേണ്ട തസ്തികകളുമല്ല.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ ഒഴിവുകളില്‍ പി.എസ്.സി വഴിയുള്ള നിയമനം ഉറപ്പാക്കുന്നതിനു പുറമെ, കേരളത്തില്‍ പശ്ചാത്തല മേഖലയില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്തി അതിലൂടെ കൈവരിക്കാന്‍ കഴിയുന്ന ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും കൂടുതല്‍ തൊഴിലവസരങ്ങളും എന്ന ലക്ഷ്യത്തോടെയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

പിന്‍വാതില്‍ നിയമനത്തിന് മകുടോദാഹരണം

07.12.2015 ലെ നിയമസഭാ ചോദ്യത്തിന് – (ചോദ്യം നം. 1849) അന്നത്തെ മുഖ്യമന്ത്രി നല്‍കിയ മറുപടി പിന്‍വാതില്‍ നിയമനത്തിന് മകുടോദാഹരണമാണ്. എന്തായിരുന്നു ആ മറുപടി?

പൊതുഭരണ സെക്രട്ടറിയേറ്റില്‍ അനേകം വര്‍ഷമായി താത്ക്കാലികമായി ജോലി ചെയ്തുവന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ തങ്ങളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

‘പൊതുഭരണ സെക്രട്ടേറിയറ്റില്‍ അനേക വര്‍ഷമായി സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ താല്‍ക്കാലികമായി സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന 27 സെക്യൂരിറ്റി ഗാര്‍ഡുമാര്‍ തങ്ങളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് നിരന്തരം അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. ആയതിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉത്തരവായപ്പോഴെക്കും പി.എസ്.സി. സെക്യൂരിറ്റി ഗാര്‍ഡ് റാങ്ക് ലിസ്റ്റ് നിലവില്‍ വരികയും ചെയ്തു. പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും അഡൈ്വസ് ചെയ്ത ഒഴിവുകളില്‍ 27 എണ്ണം തിരികെ വിളിപ്പിച്ച് ആയതിലേക്ക് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയാണുണ്ടായത്.’

എത്ര വലിയ പരിഗണനയാണ് ഭരണഘടാന സ്ഥാപനമായ പി.എസ്.സി. വഴി നടത്തിയ പരീക്ഷയെ തുടര്‍ന്നുള്ള റാങ്ക്‌ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയത്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷക്കാലത്ത് സര്‍ക്കാര്‍മേഖലയില്‍ 51,707 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കിയിട്ടുണ്ട്. യുഡിഎഫിന്റെ അഞ്ച് വര്‍ഷക്കാലയളവില്‍ 45436 പേര്‍ക്കാണ് താല്‍ക്കാലിക നിയമനം ലഭിച്ചത്. ഇത് സംസാരിക്കുന്ന കണക്കുകള്‍ ആണ്. പിന്‍വാതില്‍ നിയമനമാണ് നടക്കുന്നതെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഇത്രയും നിയമനം നടക്കില്ലല്ലോ.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 10.02.2016 വരെ സ്ഥിരനിയമനം നല്‍കിയവരുടെ എണ്ണം 7,220 ആണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 06.11.2019 വരെ സ്ഥിരനിയമനം നല്‍കിയവരുടെ എണ്ണം 7,693 ആണ്.

പി.എസ്.സി. നവീകരണം

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ നിരവധി നടപടികള്‍ പി.എസ്.സി.യുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. സ്‌പെഷ്യല്‍ റൂളുകളുടെ അനോമിലി തീര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നോട്ടിഫിക്കേഷന്‍ ഇറക്കിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ റാങ്കിലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്ന നടപടിയിലേക്കും സര്‍ക്കാര്‍ നീങ്ങിയിട്ടുണ്ട്. കൂടുതല്‍ പേരില്ലാത്ത പരീക്ഷകളില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരീക്ഷ നടത്താനുള്ള നടപടികളും പി.എസ്.സി. സ്വീകരിച്ചിട്ടുണ്ട്.

ചില പ്രധാന മേഖലകളിലെ പരീക്ഷകളില്‍ ഓള്‍ ഇന്ത്യ സര്‍വീസ് മാതൃകയില്‍ പ്രാഥമിക പരീക്ഷ നടത്തി അതില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രണ്ടാമതും പരീക്ഷ നടത്തി ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിക്കുന്നതിനും ശ്രദ്ധിക്കുന്നുണ്ട്. ഇതിലൂടെ ഏറ്റവും ഗുണനിലവാരമുള്ളവരെ സിവില്‍ സര്‍വീസിലേക്ക് കൊണ്ടുവരാനുള്ള നടപടികളിലേക്കും നീങ്ങുന്നുണ്ട്. പി.എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട എല്ലാ പോസ്റ്റുകളിലും പി.എസ്.സി. തന്നെയാണ് നിയമനം നടത്തുന്നത്. അത്തരം പോസ്റ്റുകളിലൊന്നും മറിച്ച് നിയമനം നടത്തുന്ന രീതി ഉണ്ടായിട്ടില്ല. കമ്പാഷനേറ്റ് ഗ്രൗണ്ടിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും മാത്രമാണ് വ്യത്യസ്തമായ നിയമനം നടത്തുന്നത്.

പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ റിക്രൂട്ട്‌മെന്റിന് അവരുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അതിനനുസരിച്ചുള്ള ക്വാളിഫിക്കേഷന്‍ നിശ്ചയിച്ച് പി.എസ്.സി. മുഖാന്തിരം നേരിട്ട് അവരുടെ വീടുകളില്‍ ചെന്ന് അപേക്ഷ സ്വീകരിച്ച് ഇന്റര്‍വ്യൂ നടത്തുന്ന രീതിയും സ്വീകരിക്കുകയാണ്. പോലീസിലും എക്‌സൈസിലും പ്രിമിറ്റീവ് ട്രൈബിനെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിന് ഇത്തരം നടപടി സ്വീകരിക്കുന്നുണ്ട്.

പരാമർ‍ശിച്ച സംഭവം

തിരുവനന്തപുരത്ത് സുകുമാരന്‍ നായര്‍ മകന്‍ അനു ആത്മഹത്യ ചെയ്ത പ്രശ്‌നം ഉന്നയിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമാണ്.
കേരള പി.എസ്.സി നടത്തിയ സിവില്‍ എക്‌സൈസ് ഓഫീസര്‍ പരീക്ഷയില്‍ 77-ാം റാങ്കുകാരനായി അതില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. റാങ്കുലിസ്റ്റ് ഒഴിവുകളെക്കാള്‍ അഞ്ചിരട്ടിയോളമാണ് റാങ്ക് ലിസ്റ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ലിസ്റ്റിനകത്തു വന്ന ബഹുഭൂരിപക്ഷം ആളുകള്‍ക്കും നിയമനം ലഭിക്കാത്ത സാഹചര്യമാണ് മിക്കവാറും ലിസ്റ്റുകളിലുള്ളത്. അത് യുവാക്കളില്‍ നിരാശ സൃഷ്ടിക്കുന്ന സാഹചര്യമുണ്ട്. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ഒരു സംവിധാനം സര്‍ക്കാര്‍ ഈ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രനയത്തിനെതിരെ എന്തേ മിണ്ടാത്തത്?

കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ ചിലവ് ചുരുക്കലിന്റെ പേരില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനെതിരെ പുതിയ നിയമനനിരോധന ഉത്തരവ് പുറപ്പെടുവിച്ചു. 8 ലക്ഷം ഒഴിവുകള്‍ കേന്ദ്രസര്‍വീസില്‍ നികത്താതെ നില്‍ക്കുമ്പോഴാണ് ഈ നിയമനനിരോധനം ഉണ്ടായിട്ടുള്ളത്. യു.പി.എ. കാലം മുതലുള്ള നിയമനനിരോധനത്തിന്റെ ഫലമായാണിത്.

1. 8 ലക്ഷം ഒഴിവ് കേന്ദ്രസര്‍ക്കാര്‍ നികത്താത്തതിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് മിണ്ടാട്ടമില്ലേ?

2. 2019 ഡിസംബര്‍ 12 ന് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഫലപ്രഖ്യാപനം നടത്തിയ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികകള്‍ 64371 നിയമനം നടത്തിയില്ല.

3. ആര്‍.ആര്‍.ബി. ഗ്രൂപ്പ് (ഡി) തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത് 2019 ഫെബ്രുവരി 13 ന്. ഒഴിവുകളുടെ എണ്ണം 103769. അപേക്ഷകര്‍ ഒരു കോടി 16 ലക്ഷം. അപേക്ഷാ ഫീസായി പിരിച്ചത് 500 കോടി. പരീക്ഷ പോലും നടന്നില്ല.

ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ മിണ്ടാത്തവരാണ് കൃത്യമായി നിയമനം നടത്തുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

പ്രതിപക്ഷ എംഎല്‍എമാരുടെ കത്ത്

ദീര്‍ഘകാലം താത്ക്കാലികമായി ജോലി ചെയ്ത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി ശുപാര്‍ശകള്‍ പ്രതിപക്ഷ എം.എല്‍.എ.മാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അതൊന്നും ഞാനിവിടെ വായിക്കുന്നില്ല. മാനുഷിക പരിഗണനയുടെ പേരില്‍ ഇത്തരം നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുമ്പോള്‍ പി.എസ്.സി. ഉദ്യോഗാര്‍ത്ഥികളെ ബാധിക്കാതെ നടപ്പിലാക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here