മകരവിളക്കിന് അയ്യപ്പന് ചാര്‍ത്താനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു

മകരവിളക്കിന് അയ്യപ്പന് ചാര്‍ത്താനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. ആഭരണപ്പെട്ടികള്‍ ശിരസ്സിലേറ്റി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും സംഘവും ശബരിമലയിലേക്ക് ഉച്ചയ്ക്കാണ തിരിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഭക്തരുടെ സാന്നിധ്യം ഒഴിവാക്കിയായിരുന്നു ചടങ്ങുകള്‍ നടന്നത്.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 11 മണിയോടെ ആണ് കൊട്ടാരത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിലെത്തിച്ചത്. തുടര്‍ന്ന്, തിരുവാഭരണം ചുമലിലേറ്റുന്ന സംഘാംഗങ്ങളെ കര്‍പ്പൂരാരതി ഉഴിഞ്ഞു മേല്‍ശാന്തി മാലയിട്ടു സ്വീകരിച്ചു.

ഇതിനിടെ ആചാരപ്രകാരം തിരുവാഭരണ പേടകം പ്രത്യേകം ഒരുക്കിയ പീഠത്തിലേക്ക് മാറ്റി. പിന്നീട് ഉച്ചപൂജകള്‍ക്കായി അടച്ച ക്ഷേത്ര നട 12.35 ന് തുറന്നശേഷം തിരുവാഭരണ പെട്ടി അടച്ചു താക്കോല്‍ കൈ മാറി.

ഒരു മണിയോടെ പേടകം കൊട്ടാരം കുടുംബാംഗങ്ങള്‍ പ്രദക്ഷിണമായി എടുത്ത് കിഴക്കെ നടയിലെത്തിച്ച് ഗുരുസ്വാമി ചുമലിലേറ്റിയതോടെ യാത്ര തിരിച്ചു. ഇത്തവണ രാജപ്രതിനിധി ഇല്ലാത്ത യാത്രയായതിനാല്‍ പൂജിച്ച ഉടവാള്‍ കൈമാറുന്ന അടക്കമുള്ള ചടങ്ങുകളില്ലായിരുന്നു.

ആദ്യ ദിവസം അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തില്‍ വിശ്രമിക്കുന്ന സംഘം രണ്ടാം ദിവസം ളാഹ, പെരുനാട് വഴി വനംവകുപ്പ് സത്രത്തിലെത്തി വിശ്രമിക്കും. മൂന്നാം ദിവസം കാനനപാതയിലൂടെ യാത്ര ചെയ്യുന്ന സംഘം വലിയാനവട്ടം, ചെറിയാനവട്ടം വഴി പമ്പയിലെത്തി സന്നിധാനത്തേക്കും നീങ്ങും.

കോവിഡ് പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് നിന്ത്രങ്ങണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നിരവധി പേര്‍ ക്ഷേത്രത്തിലും വഴിനീളെയുമായി തിരുവാഭരണയാത്ര കാണാനായി എത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News