കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം; ‘പഠ്നാ ലിഖനാ അഭിയാനി’ല്‍ ഇടംപിടിച്ച് കേരളം

കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖല മറ്റൊരു അഭിമാനകരമായ നേട്ടം കൂടി സ്വന്തമാക്കി. കേരളം 2009നു ശേഷം കേന്ദ്രസര്‍ക്കാരിന്‍റെ സാക്ഷരതാ സ്കീമിൽ ഇല്ലാതിരുന്ന സ്ഥാനമാണ് ഇപ്പോൾ കേരളം തിരിച്ചുപിടിച്ചത്.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര സാക്ഷരതാ സ്കീമിൽ കേരളത്തെ ഉള്‍പ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ സാക്ഷരതാ രംഗത്തെ നയപരിപാടികളാണ് ഇൗ നേട്ടത്തിന് കാരണമായത്.

വിവിധ പദ്ധതികള്‍ക്ക് കേന്ദ്രധനസഹായം സംസ്ഥാനം ആ‍വശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്‍റെ സാക്ഷരതാ സ്കീമിൽ കേരളത്തെ ഉള്‍പ്പെടുത്തണമെന്നും അഭ്യര്‍ത്ഥിച്ചു. അപ്പോ‍ഴൊന്നും ഫലമുണ്ടായില്ല.

സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ സാക്ഷരതാമിഷൻ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിജയം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്നാണ് ഇത് കേന്ദ്ര സ്കൂൾ-സാക്ഷരതാവകുപ്പ് പരിഗണിച്ചത്.

ദേശീയതലത്തിൽ നടന്ന സാക്ഷരതാദിനാഘോഷങ്ങളിൽ കേരള സാക്ഷരതാ മിഷൻ പ്രത്യേക ക്ഷണിതാവായി. ഇതിന്‍റെയൊക്കെ ഫലമായിട്ടാണ് ഒടുവിൽ കേന്ദ്രസര്‍ക്കാരിന്‍റെ ‘പഠ്നാ ലിഖനാ അഭിയാൻ’ എന്ന പുതിയ സ്കീമിൽ കേരളത്തെ ഉള്‍പ്പെടുത്തിയത്.

കേരളത്തിലെ അഞ്ചു ജില്ലകളിലാണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍നിന്ന് ആകെ രണ്ടുലക്ഷം പേരെയാണ് സാക്ഷരരാക്കേണ്ടത്.

ചെലവിന്‍റെ 60% കേന്ദ്രവും 40% സംസ്ഥാനവും വകയിരുത്തും.
പൊതുവിദ്യാഭ്യാസമെന്നാൽ അനൗപചാരിക-ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ സമന്വയമാണ് എന്ന് ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാൻ നമുക്ക് കഴിഞ്ഞതിന്‍റെ വിജയം കൂടിയാണിതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News