മുത്തങ്ങ ഭൂസമരം; പൊലീസ് മര്‍ദ്ദനവും ജയില്‍ വാസവും അനുഭവിച്ച അധ്യാപകന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

വയനാട് മുത്തങ്ങ ഭൂസമരത്തെ തുടർന്ന് ക്രൂരമായ പൊലീസ് മർദ്ദനവും ജയിൽ വാസവും അനുഭവിച്ച അധ്യാപകന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ബത്തേരി ഡയറ്റിലെ മുൻ അദ്ധ്യാപകൻ കെ കെ സുരേന്ദ്രനെ മുത്തങ്ങ സമരത്തിൽ പങ്കുണ്ടെന്നാരോപിച്ചായിരുന്നു യുഡിഎഫ് സർക്കാർ കാലത്ത് പോലീസ് മർദ്ദിച്ചതും ജയിലിലിട്ടതും. ഗുരുതര പരിക്കും സസ്പെൻഷനും അനീതിയും നേരിട്ട ഈ അദ്ധ്യാപകൻ നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയിലെത്തുകയായിരുന്നു.

22 ഫെബ്രുവരി 2003.അനീതിയുടെ ആ നാളുകൾ ഇപ്പോ‍ഴും സുരേന്ദ്രൻ മാഷിന്‍റെ ഒാർമ്മകളിലുണ്ട്.
മുത്തങ്ങയിൽ ആദിവാസി ഭൂസമരത്തിൽ വെടിവെപ്പുണ്ടായതിന് ശേഷം നടന്നത് ക്രൂരമായ പോലീസ് പീഢനങ്ങളായിരുന്നു.

ആദിവാസി ഊരുകളിലെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ പോലീസ് അതിക്രമങ്ങൾക്ക് ഇരയായി.സമരത്തിൽ
പങ്കുണ്ടെന്നും ഗൂഢാലോചന നടത്തിയെന്നുമാരോപിച്ച് കെ കെ സുരേന്ദ്രനെന്ന ബത്തേരി ഡയറ്റിലെ അദ്ധ്യാപകനെ
പോലീസ് പിടിച്ചുകൊണ്ടുപോയത് ജോലിക്കിടെയായിരുന്നു.

പൊലീസ് മർദ്ധനത്തിൽ ചെവിക്ക് ഗുരുതരപരിക്കേറ്റ ഈ അദ്ധ്യാപകൻ അന്യായമായി മുപ്പത് ദിവസത്തോളം ജയിലിൽ കിടന്നു. കോടതി ഇടപെട്ടാണ് ചികിത്സ നൽകിയത്.ഇതേ തുടർന്ന് ജോലിയിൽ നിന്ന് സസ്പെൻഷൻ
നടപടിയുമുണ്ടായി. നേരിട്ട അനീതിക്കെതിരെ കെ കെ സുരേന്ദ്രൻ ബത്തേരി കോടതിയിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട്
കേസ് നൽകി. 16 വർഷങ്ങൾക്ക് ശേഷം 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇപ്പോൾ ബത്തേരി മുൻസിഫ് മജിസ്ട്രേററ് കോടതിയാണ് ഉത്തരവിട്ടത്.

കേസ് നടത്താൻ പണമില്ലാതെയും ഇക്കാലത്ത് ഈ അദ്ധ്യാപകൻ ബുദ്ധിമുട്ടി.ഹൈക്കോടതിയിൽ പോയാണ്
കേസ് തുടരാൻ അനുമതിവാങ്ങിയത്.മുത്തങ്ങ സമരം നടക്കുന്ന കാലത്ത് ബത്തേരി സി ഐ ആയിരുന്ന ദേവരാജൻ എസ് ഐ വിശ്വംഭരൻ എ എസ് ഐ മത്തായി രഘുനാഥൻ എന്നിവർക്കെതിരെയായിരുന്നു കെ കെ സുരേന്ദ്രന്‍റെ പരാതി.

പൊലീസ് മർദ്ധനത്തേതുടർന്ന് നേരെനിൽക്കാൻ പോലും ക‍ഴിയാതിരുന്ന ആ ദിവസങ്ങൾ മറക്കാനാവുന്നില്ല
ഈ അദ്ധ്യാപകന്. പിന്നീട് വെടിവെപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ സിബിഎൈ കേസ് ഏറ്റെടുത്തപ്പോ‍ഴാണ്
കേസിൽ നിന്ന് കെ കെ സുരേന്ദ്രൻ ഒ‍ഴിവായത്. അനീതിയുടെ ആ കാലത്തിന്‍റെ കയ്പുമായി ജീവിക്കുന്ന
കെ കെ സുരേന്ദ്രൻ നീതിയുടെ അൽപം മധുരമായാണ് കോടതിവിധിയെ കാണുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here