മലയാളത്തിൽ സൂപ്പർഹിറ്റായ ചാർളിയുടെ തമിഴ് പതിപ്പാണ് മാരാ. ദിവസങ്ങൾക്ക് മുമ്പാണ് മാരാ ഒടിടി റിലീസായത്. മലയാളത്തിൽ ദുൽഖർ അഭിനയിച്ച ചാർളി എന്ന കഥാപാത്രത്തെ തമിഴിൽ മാധാവനാണ് അവതരിപ്പിക്കുന്നത്. പാർവതിയുടെ ടെസ്സയായി എത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്. ചാർളിയെ മലയാളികൾ ഏറ്റെടുത്തതു പോലെ തമിഴിൽ മാരയേയും പ്രേക്ഷകർ സ്വീകരിക്കുമെന്നായിരുന്നു അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
എന്നാൽ, റിലീസായതിന് പിന്നാലെ മോശം റിവ്യൂ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശരാശരിയിലും താഴെയാണ് ചിത്രമെന്ന് കണ്ടവർ അഭിപ്രായപ്പെടുന്നു. ചിത്രം കണ്ട് ഏറെ നിരാശരായെന്നാണ് മാധവന്റെ ആരാധകർ പോലും പറയുന്നത്.
സിനിമയെ കുറിച്ച് ഒരു ആരാധകന്റെ ട്വീറ്റിന് മാധവൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. മാരാ ശരാശരിയിലും താഴെ നിൽക്കുന്ന സിനിമയാണെന്നും ചാർളി കണ്ടവർക്ക് ഈ ചിത്രം കാണുന്നത് കഠിനമായിരിക്കുമെന്നുമായിരുന്നു ട്വീറ്റ്. ആദ്യ മുപ്പത് മിനുട്ടിന് ശേഷം സിനിമ അരോചകമാണെന്നും മാധവന്റെ പ്രകടനം നിരാശപ്പെടുത്തിയെന്നും ട്വീറ്റിൽ പറയുന്നു.
സാധാരണ സോഷ്യൽമീഡിയിൽ വരുന്ന ഇത്തരം വിമർശനങ്ങൾ താരങ്ങൾ കണ്ടില്ലെന്ന് നടിക്കുകയോ അവഗണിക്കുകയോ ആണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തനായിരിക്കുകയാണ് മാധവൻ. തന്റെ പ്രകടനം മോശമാണെന്ന് തുറന്നു പറഞ്ഞ പ്രേക്ഷകനോട് പ്രകോപിതനാകാതെ പക്വതയോടെയും വിനയത്തോടെയുമുള്ള മാധാവന്റെ മറുപടി സിനിമ ഇഷ്ടമാകാത്തവർക്കും ഇഷ്ടപ്പെടും.
നിരാശപ്പെടുത്തിയൽ ക്ഷമിക്കണം സഹോദരാ, അടുത്ത തവണ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം. എന്നായിരുന്നു മാധവന്റെ മറുപടി.

Get real time update about this post categories directly on your device, subscribe now.