ഇളയദളപതിയും മക്കൾ സെൽവനും ചേർന്ന് ആരാധകരെ കോരിത്തരിപ്പിച്ചു

അങ്ങനെ കഴിഞ്ഞ 10 മാസത്തെ കാത്തിരിപ്പിനൊടുവിൽ നമ്മുടെ കൊട്ടകകൾ ഉണർന്നിരിക്കുകയാണ്. എന്തായാലും കാത്തിരിപ്പ് വെറുതെയായില്ല. ഇളയദളപതിയും മക്കൾ സെൽവനും ചേർന്ന് ആരാധകരെ കോരിത്തരിപ്പിച്ചുവെന്ന് തന്നെയാണ് ആദ്യ ദിവസത്തെ ആദ്യ ഷോയുടെ ഫസ്റ്റ് ഇന്റെർവെൽ മുതൽ വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ.

ദക്ഷിണേന്ത്യയിലൊട്ടാകെ ആയിരത്തിലധികം സ്‌ക്രീനുകളിലാണ് മാസ്റ്റർ ഇന്ന് റിലീസ് ചെയ്തത്. കേരളത്തിൽ മാത്രം ഇന്ന് അഞ്ഞൂറിലധികം തീയറ്ററുകളിൽ മാസ്റ്റർ എത്തി. പതിവ് വിജയ് ചിത്രങ്ങളെ വരവേൽക്കുന്നത് പോലെ തന്നെ ഗംഭീരമായ സ്വീകരണങ്ങളാണ് ഓരോ തീയറ്ററുകൾക്ക് മുന്നിലും ഇന്നും വിജയ് ആരാധകർ കാഴ്ചവെച്ചത്. കൂറ്റൻ ഫ്ലെക്സുകളുടെ മുകളിലുള്ള പാലഭിഷേകം പോലും മുടക്കിയിരിന്നില്ല. പക്ഷെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ആദ്യ തീയറ്റർ റിലീസ് ആയിരുന്നതുകൊണ്ട് തന്നെ ആര്ഭാടങ്ങൾക്ക് അൽപ്പം മങ്ങലേറ്റിട്ടുണ്ടായിരുന്നു.

പക്ഷെ അതിന്റെ ക്ഷീണം സ്‌ക്രീനിൽ തീർന്നുവെന്നാണ്ണ് ആരാധകർ പറയുന്നത്. വിജയ്ക്ക് ഒപ്പം വിജയ് സേതുപതി കൂടി ഒന്നിച്ച് സ്‌ക്രീനിലെത്തിയത് ഇരട്ടി ആവേശമായി. കൈതി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമെന്ന സവിശേഷതയും ആരാധകരെ തീയറ്ററുകളിലേക്ക് ആകർഷിച്ചിട്ടുണ്ട്. 50 ശതമാനം വിജയ്‍ ചിത്രവും 50 ശതമാനം തന്‍റെ ചിത്രവുമായിരിക്കും മാസ്റ്റര്‍ എന്നായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജ് നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. എന്നാൽ, വിജയ് ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ മാസ്സ് സീനുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തന്നെയാണ് മാസ്റ്റർ ലോകേഷ് ഒരുക്കിയത്.

ഇത്തവണ രണ്ട് വമ്പന്മാർ സ്‌ക്രീനിൽ ഒന്നിച്ചതുകൊണ്ട് തന്നെ പൂർണമായും ഒരു വിജയ് ചിത്രമാണിതെന്ന് പറയാൻ കഴിയില്ല. വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു മാസ്റ്ററിൽ എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ തന്നെ വിജയ്‌യെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു വിജയ് സേതുപതി കാഴ്ചവെച്ചതെന്നാണ് മറുപകുതിയുടെ അഭിപ്രായം.

എന്തായാലും ഈ വിജയ്-വിജയ് സേതുപതി കോമ്പിനേഷൻ കലക്കിയെന്നാണ് പടം കണ്ട എല്ലാവരുടെയും അഭിപ്രായം. പ്രത്യേകിച്ച് ക്ലൈമാക്സ് ഫൈറ്റ് സീൻ കണ്ട് രോമാഞ്ചിഫൈഡ് ആയന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം പോസ്റ്റുകളും. ക്യാംപസ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം തീയറ്ററിൽ തന്നെ കാണേണ്ടതാണെന്നതിൽ സംശയമില്ല.

ഒരുപാട് വിവാദങ്ങളും പ്രതിസന്ധികളും മറികടന്നാണ് ഇന്ന് മാസ്റ്റർ വെള്ളിത്തിരയിലെത്തിയിരിക്കുന്നത്. കോവിഡ് മൂലം അടച്ചിട്ട തീയറ്ററുകൾ തന്റെ ചിത്രം റിലീസ് ചെയ്യാനായി തുറന്ന് 100 ശതമാനം ആളുകളെയും കയറ്റണമെന്ന് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭ്യർത്ഥിച്ചതുമുതൽ തുടങ്ങിയ വിവാദങ്ങളായിരുന്നു. വിജയ്‌യുടെ അഭ്യര്ഥനയുടെ മുന്നിൽ തമിഴ്നാട് സർക്കാർ വഴങ്ങിയപ്പോൾ കേന്ദ്രം 50 % ആളുകളെ മാത്രമേ കയറ്റാവൂ എന്ന് ഉത്തരവിട്ടു. തമിഴ്‌നാട്ടിൽ ഈ നിർദ്ദേശം പാലിച്ച് ടിക്കറ്റ് വിൽപ്പന വരെ തുടങ്ങിയപ്പോഴാണ് 50 % ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് തീയറ്റർ തുറന്നാൽ നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി തീയറ്റർ ഉടമകൾ മാസ്റ്റർ റിലീസിന് തടയിട്ടത്. പക്ഷെ സമയോചിതമായി കേരള സർക്കാർ ഇടപെട്ട് വിനോദ നികുതിയും വൈദ്യുതി ബില്ലിലുമെല്ലാം ഇളവ് നല്കിയതുകൊണ്ട് 13 നു തന്നെ മാസ്റ്റർ കാണാൻ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. പിന്നീട് റിലീസിന് തലേദിവസം ക്ലൈമാസ് ചോർന്നതും ചിത്രത്തിലെ ഗാനങ്ങൾക്കെതിരെ ഒരു സ്വകാര്യ കമ്പനി കോപ്പിറൈറ് ഉയർത്തിയതും വെല്ലുവിളിയായിരുന്നു.

കോവിഡിന് ശേഷമെത്തിയ ആദ്യ സിനിമ കാണാൻ രാവിലെ മുതൽ തന്നെ എല്ലാവരും എത്തിയിരുന്നു. ഹെൽമറ്റ് പോലും ധരിച്ച് പ്രോട്ടോക്കോൾ പാലിച്ചാണ് പലരും 9 മണിയുടെ ഷോ കണ്ടത്. ആരാധകർക്ക് ഒപ്പം സിനിമ കണ്ട ലോകേഷ് കനകരാജ് വികാരാധീനായതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.

ചെന്നൈയിലെ തീയറ്ററുകൾ കോവിഡ് പ്രോട്ടോക്കോൾ ലംഖിച്ച് houseful ഷോ നടത്തി കേസായതും കോഴിക്കോട് അപ്സര തീയറ്ററിൽ പ്രൊജക്ടർ കേടായി ഷോ മുടങ്ങിയതും കല്ലുകടിയായി. എന്നിരുന്നാലും, വിജയും വിജയ് സേതുപതിയും വരും ദിവസങ്ങളിലും തീയറ്റർ പൊളിച്ചെടുക്കുമെന്നത് ഈ ഒരു ഒറ്റ ദിവസംകൊണ്ട് വ്യക്തമായിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here