3 ലക്ഷം ഡോസ് വാക്സിന്‍ കൊച്ചിയിലെത്തി; വിതരണം ശനിയാ‍ഴ്ച്ചയോടെ പൂര്‍ത്തിയാകും

സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ള കോവിഡ് വാക്സിനുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. കൊച്ചി, കോഴിക്കോട് മേഖലകളിൽ വിതരണം ചെയ്യാനുള്ള 3 ലക്ഷം ഡോസ് വാക്സിനാണ് ആദ്യ വിമാനത്തിൽ എത്തിച്ചത്. കോഴിക്കോട്ടേയ്ക്കുള്ള വാക്സിൻ റോഡ് മാർഗ്ഗം കൊണ്ടുപോയി. അതേ സമയം കൊച്ചി മേഖലയിൽ വിതരണം ചെയ്യാനുള്ള വാക്സിൻ എറണാകുളം ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ച റീജ്യണൽ വാക്സിൻ സ്റ്റോറിലുമെത്തിച്ചു.

രാവിലെ 10.45 ഓടെയാണ് കോവി ഷീൽഡ് വാക്സിനും വഹിച്ചുള്ള ഗോ എയർ വിമാനം നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്.11 മണിയോടെ വാക്സിൻ ബോക്സുകൾ വിമാനത്താവളത്തിന് പുറത്തെത്തിച്ചു.തുടർന്ന് കോഴിക്കോട് മേഖലയിൽ വിതരണം ചെയ്യാനായി 10 ബോക്സുകളില്‍ സജ്ജമാക്കിയ 1.195ലക്ഷം ഡോസ് വാക്സിന്‍ പ്രത്യേക വാഹനത്തില്‍ റോഡ് മാര്‍ഗ്ഗം കൊണ്ടുപോയി.

എറണാകുളം മേഖലയിലേക്കുള്ള 15 ബോക്സുകള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ വാക്സിന്‍ സ്റ്റോറിലുമെത്തിച്ചു.1.80 ലക്ഷം ഡോസാണ് എറണാകുളം മേഖലക്കായി എത്തിച്ചത്. എറണാകുളത്തിനു പുറമെ ഇടുക്കി, തൃശ്ശൂര്‍, കോട്ടയം,പാലക്കാട് ജില്ലകളിലേക്കുള്ള വാക്സിന്‍ ബോട്ടിലുകളാണ് 12 മണിയോടെ ജനറലാശുപത്രിയിലെത്തിച്ചത്.

ശനിയാ‍ഴ്ച്ചക്കു മുന്‍പ് അതാത് ജില്ലകളിലെ വാക്സിനേഷന്‍ സെന്‍ററുകളിലേക്കുള്ള വിതരണം പൂര്‍ത്തിയാകും.12 വാക്സിനേഷന്‍ സെന്‍ററുകളുള്ള എറണാകുളത്താണ് ഏറ്റവും കൂടുതല്‍ പേര്‍ വാക്സിനുവേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

ഓരോ കേന്ദ്രത്തിലും ഒരു ദിവസം പരമാവധി 100 പേര്‍ക്ക് വാക്സിന്‍ കുത്തിവെയ്പ്പ് നല്‍കുന്ന രീതിയിലാണ് ക്രമീകരണം.ഘട്ടംഘട്ടമായി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here