ഹൈറേഞ്ച് മലനിരകളിൽ തേയിലച്ചെടികൾ വളർന്നു തുടങ്ങിയ കഥ

‘ബോസ്റ്റൺ ടീ പാർട്ടി’ എന്ന് കേട്ടിട്ടുണ്ടാവുമല്ലോ, 1773 ബ്രിട്ടൺ അവരുടെ കോളനികളിൽ ഒരു തേയില നിയമം പാസാക്കി. അക്കാലത്ത് ധനപരമായി തകർന്നിരുന്ന ഈസ്റ്റിന്ത്യാ കമ്പനിക്ക് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന അവരുടെ വൻ തേയില ശേഖരം വലിയ നികുതി ചുമത്തി അമേരിക്കയിലേക്ക് കയറ്റി അയക്കാൻ അനുവദിക്കുന്നതായിരുന്നു ആ നിയമം.

ബോസ്റ്റണ്‍ ടീ പാര്‍ട്ടി

അങ്ങനെ 1773 ഡിസംബറിൽ ബ്രിട്ടനിൽ നിന്നും ചായപ്പെട്ടികളുമായി 3 കപ്പലുകൾ അന്ന് ബ്രിട്ടന്റെ കോളനിയായിരുന്ന അമേരിക്കയിലെ ബോസ്റ്റൺ തുറമുഖത്തെത്തി. കോളനിവൽക്കരണത്തെ എതിർത്തിരുന്ന അമേരിക്കയിലെ ഒരു കൂട്ടം വിപ്ലവകാരികൾ ആ കപ്പലുകളിൽ കയറിക്കൂടി അവയിലുണ്ടായിരുന്ന ചായപ്പെടികൾ കടലിലെറിഞ്ഞ് നശിപ്പിച്ചു. ഈ സംഭവമാണ് ‘ബോസ്റ്റൺ ടീ പാർട്ടി’

ഇതിവിടെ സൂചിപ്പിക്കാൻ കാരണം അക്കാലത്ത് ബ്രിട്ടന്റെയും ഈസ്റ്റിന്ത്യാ കമ്പനിയുടെയും വലിയൊരു വരുമാന സ്രോതസായിരുന്നു കോളനി രാജ്യങ്ങളിലെ തേയില കച്ചവടം.

തേയില ഉത്പാദനത്തിൽ ഒന്നാമതുള്ള ചൈനയിൽ നിന്നുമായിരുന്നു കമ്പനി തേയില വാങ്ങിയിരുന്നത്. ആദ്യഘട്ടങ്ങളിൽ ഉൽപ്പാദന രംഗത്ത് ശ്രദ്ധിക്കാതിരുന്ന കമ്പനി പിന്നീട് ഇക്കാര്യത്തിൽ ചൈനയെ ആശ്രയിക്കുന്നതവസാനിപ്പിക്കാനും നേരിട്ട് തങ്ങളുടെ കോളനി രാജ്യങ്ങളിൽ കൃഷി വ്യാപിപ്പിക്കാനും പദ്ധതിയിട്ടു. അങ്ങനെ ഇന്ത്യയിലെ അസമുൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 1830കളിൽ കമ്പനി തേയില കൃഷി ആരംഭിച്ചു.

അസമിലും മറ്റും തേയില കൃഷി ആരംഭിച്ച് പിന്നെയും നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് 1887 മാർച്ച് മാസത്തിൽ തിരുവിതാംകൂറിലെ ഏലമലകളുടെ സൂപ്രണ്ടായിരുന്ന ജോൺ ഡാനിയേൽ മൺറോ മൂന്നാറിലെത്തുന്നത്.

അടിത്തട്ടിൽ സൂര്യ പ്രകാശമെത്താത്ത മൂന്നാർ വനങ്ങളിലേക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നല്ലൊരു വേട്ടക്കാരൻ കൂടിയായിരുന്ന ആ വേട്ടക്കാരൻ സായിപ്പ് തന്റെ തോക്കുകളുമായി മല കയറിയെത്തിയതോടെയാണ് മൂന്നാറിന്റെ ചലനാത്മകമായ ചരിത്രമാരംഭിക്കുന്നത്.

യഥാർത്ഥത്തിൽ തിരുവിതാംകൂറിന്റെയും മദ്രാസ് പ്രവിശ്യയുടെയും ഹൈറേഞ്ച് പ്രദേശങ്ങളിലെ അതിർത്തി നിർണയമായിരുന്നു മൺറോയുടെ ആഗമനോദ്യേശം.

ജോണ്‍ ഡാനിയല്‍ മണ്‍റോ

ഔദ്യോഗിക ജോലികൾക്കൊപ്പം തന്നെ മൺറോ അനുയായികളുമൊത്ത് മൂന്നാറിൽ നായാട്ടിനിറങ്ങി. ഈ മലനിരകൾ ചുറ്റിനടന്നു സഞ്ചരിക്കുന്നതിനിടെ ഇവിടുത്തെ ഭൂപ്രകൃതി മൺറോയ്ക്ക് നന്നേ പിടിച്ചു. തോട്ടവിള കൃഷിക്കനുയോജ്യമായ ഭൂമിയാണെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു.

തന്റെ ഡയറിയിൽ മൺറോ അന്ന് മൂന്നാറിനെക്കുറിച്ച് ഇങ്ങനെ കുറിച്ചു,
“വടക്ക് ബ്രിട്ടീഷ് ആനമല, വടക്കുകിഴക്ക് കോയമ്പത്തൂരും നീലഗിരിയും അഞ്ചുനാടും, തെക്ക് ഏലമലക്കാടുകളും പീരുമേടും…
അമ്മ നായ്ക്കന്നൂരാണ് ഏറ്റവുമടുത്ത റെയിൽവേസ്റ്റേഷൻ. സ്റ്റേഷനിലേക്ക് വട്ടവടയിൽ നിന്നും ദേവികുളത്ത് നിന്നും 70 നാഴികയാണ് ദൂരം.

മഴ ജാസ്തിയില്ല, 70 – 80 ഇഞ്ചുണ്ടാവും. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ മുറതെറ്റാതെ മഴ ലഭിക്കും. ആ മഴ കാപ്പിക്കും ചായയ്ക്കും വളരെ നന്ന്. മണ്ണ് ഏറ്റവും മികച്ചതാണ്. ജോലിക്കാരെ കിട്ടാൻ കുറച്ചു പ്രയാസം തന്നെ, എങ്കിലും അസാദ്ധ്യമാകില്ല. ഇവിടം കൃഷി യോഗ്യമാക്കിയെടുക്കുവാൻ ആവശ്യം വേണ്ടത് മുതൽമുടക്കും അധ്വാനിക്കാനുള്ള സന്നദ്ധതയുമാണ് ”
തങ്ങളുടെ വ്യവസായങ്ങൾക്കാവശ്യമായ വിളകളുൽപ്പാദിപ്പിക്കുവാൻ ആ കറുത്ത മണ്ണ് ഉപയോഗിക്കുന്നതിനുള്ള വഴികളെക്കുറിച്ച് അദ്ദേഹം ആരാഞ്ഞു.

തിരുവിതാംകൂറിന്റെ ഭാഗമായിരുന്നെങ്കിലും അന്നത്തെ പൂഞ്ഞാർ രാജാവിൻറെ ജന്മദേശമായിരുന്നു മൂന്നാർ ഉൾപ്പെടുന്ന അന്നത്തെ ഹൈറേഞ്ച് പ്രദേശം.

അങ്ങനെ 1878 ൽ മൺറോ പൂഞ്ഞാർ രാജാവിനെ സമീപിക്കുകയും അദ്ദേഹവുമായി മൂന്നാറിൽ തോട്ടവിളകൾ ആരംഭിക്കുന്നതിനായുള്ള പാട്ടക്കരാറിൽ ഏർപ്പെടുകയും ചെയ്തു. 5000 രൂപ രൊക്കം നൽകി 3000 രൂപ വർഷംതോറും പാട്ടവും എന്ന നിലയിലാണ് കരാറുണ്ടാക്കിയത്.

കരാറിൽ ഈ മലനിരകളുടെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കിയിരുന്ന ദീർഘദർശിയായ പൂഞ്ഞാർ രാജാവ് വെച്ച ഒരു വ്യവസ്ഥ ശ്രദ്ധേയമായിരുന്നു. പുഴയുടെ തീരങ്ങളിൽ 50 വാരക്കുള്ളിലും മലമുടിയിൽ നിന്ന് താഴേക്ക് ഒന്നേകാൽ മൈൽ ദൂരം വരെയുമുള്ള വനം സംരക്ഷിക്കണം എന്നായിരുന്നു ആ വ്യവസ്ഥ.

അങ്ങനെ രാജാവുമായി മൺറോ കരാറൊപ്പിട്ടതോടെയാണ് ഒന്നാം പൂഞ്ഞാർ കൺസഷൻ യാഥാർത്ഥ്യമാകുന്നതും മൂന്നാറിൽ തോട്ടവിള കൃഷികൾക്ക് തുടക്കമാകുന്നതും.

തൊട്ടടുത്ത കൊല്ലം മദ്രാസ് പ്രവിശ്യയിലെ ഐ സി എസ് ഉദ്യോഗസ്ഥനായിരുന്ന ഹെൻട്രി ഗ്രിബ്ബിൾ ടർണറും സഹോദരൻ വില്യം ടർണറും മൂന്നാറിലെത്തുകയും മൺറോയോടൊപ്പം നാല് ലക്ഷം രൂപ മുടക്കി നോർത്ത് ട്രാവൻകൂർ ആൻഡ് പ്ലാനിങ് അഗ്രിക്കൾച്ചറൽ സൊസൈറ്റി രജിസ്റ്റർ ചെയ്യുകയും 227 ചതുരശ്രമൈൽ ഭൂമി പാട്ടത്തിന് എടുക്കുകയും ചെയ്തു.

ഇവരെ കൂടാതെ മൂന്നാറിന്റെ സാധ്യതകൾ മനസിലാക്കി കടൽ കടന്നെത്തിയ എഎച്ച് ഷാർപ്പ്, ഇ ജെ ഫൗളർ, സി ഒ മാസ്റ്റർ, ഹെന്ററി മാൻസ്ഫീൽഡ്, ടോബി മാർട്ടിൻ തുടങ്ങിയവരും തൊട്ടടുത്ത വർഷങ്ങളിൽ ഇവിടെ തോട്ട കൃഷികൾ ആരംഭിച്ചു.

ആദ്യ ഘട്ടങ്ങളിൽ മൂന്നാറിൽ തേയിലയായിരുന്നില്ല കൃഷി ചെയ്തിരുന്നത്. കാപ്പി, സിങ്കോണ, സിസൽ,ഏലം മുതലായവയായിരുന്നു തുടക്കത്തിൽ പരീക്ഷിച്ചിരുന്നത്. എന്നാൽ ഇതെല്ലാം പരാജയപ്പെടുകയായിരുന്നു. എ എച്ച് ഷാർപ്പെന്ന പ്ലാന്ററാണ് മൂന്നാർ മലകളിൽ ആദ്യമായി തേയില നടുന്നത്. 1880 ൽ പാർവതി പുത്തനാർ എസ്റ്റേറ്റിലായിരുന്നു അത്.

മൂന്നാറിലെ തണുപ്പേറിയ കാലാവസ്ഥ തേയില കൃഷിക്കാണ് യോജിച്ചതെന്ന് ഇതോടെ പ്ലാന്റർമാർ തിരിച്ചറിഞ്ഞു തുടങ്ങി. 1890 കളുടെ മധ്യത്തോടെ മറ്റു വിളകൾ പതിയെ പതിയെ പടിയിറങ്ങാനും മൂന്നാറിലാകമാനം തേയില കൃഷി വ്യാപിക്കുകയും ചെയ്തു. 1894 ആയപ്പോഴേക്കും മൂന്നാറിൽ 26 എസ്റ്റേറ്റുകളായിരുന്നു ഉണ്ടായിരുന്നത്.

ലോകത്ത് പലയിടത്തും ഏകവിള തോട്ടങ്ങൾ നടത്തി പ്രാഗൽഭ്യം തെളിയിച്ച ഫിൻലെ ആൻഡ് മ്യൂർ കമ്പനിയുടെ ഉടമ ജോൺ മ്യൂർ 1895ൽ ഈ തോട്ടങ്ങളെല്ലാം ഒരുമിച്ചു വാങ്ങുകയും കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസേഴ്സ് കമ്പനി എന്ന പേരിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ കീഴിലാക്കുകയും ചെയ്തു.

ജോൺ മ്യൂർ

ഇതോടെയാണ് മൂന്നാറിലെ തേയില കൃഷി കൂടുതൽ ശാസ്ത്രീയവും ലാഭകരവുമാകുന്നത്. ആ സമയത്ത് 5500 ഏക്കറിലായിരുന്നു കൃഷി.

1908 ആയപ്പോഴേക്കും ഫിൻലെ ആൻഡ് മ്യൂർ കമ്പനി തോട്ടങ്ങളുടെ വിസ്തൃതി 19308 ഏക്കറായി ഉയർത്തി. ഇതിൽ 11000 ഏക്കറും തേയിലയായിരുന്നു. 1950 കളിൽ മൂന്നാറിലെ 28000 ഏക്കർ പ്രദേശത്ത് തേയിലത്തോട്ടങ്ങൾ വ്യാപിച്ചു.

സ്വാതന്ത്രാനന്തരം 1976 ൽ ഫിൻലെ ആൻഡ് മ്യൂർ കമ്പനിയോടൊപ്പം ടാറ്റയും മൂന്നാറിലെ തേയില കൃഷിയിൽ പങ്കാളികളായി. പിന്നീട് 1983 ൽ മൂന്നാറിലെ തേയിലത്തോട്ടങ്ങൾ പൂർണ്ണമായും ഫിൻലെ ആൻഡ് മ്യൂർ കമ്പനിയിൽനിന്നും ടാറ്റ വാങ്ങി ടാറ്റ ടീ ലിമിറ്റഡ് എന്നപേരിൽ പ്രവർത്തനം തുടർന്നു.


2005 എത്തിയപ്പോഴേക്കും വിപണനരംഗത്ത് കൂടുതൽ ശ്രദ്ധിക്കാൻ ഉൽപ്പാദന രംഗത്ത് നിന്ന് പിൻവാങ്ങിയ ടാറ്റാ കമ്പനിയുടെ 69% ഓഹരികൾ 12700 ഓളം വരുന്ന തൊഴിലാളികൾക്ക് വിൽക്കുകയും കമ്പനിയെ കെ ഡി എച്ച് പി എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

ഇന്ന് 25000നടുത്ത് ഹെക്ടർ പ്രദേശത്താണ് മൂന്നാറിൽ തേയില കൃഷി ചെയ്യുന്നത്.കെഡിഎച്ച് പി കൂടാതെ മറ്റ് രണ്ട് കമ്പനികൾ കൂടി മൂന്നാറിലെ തേയില ഉൽപ്പാദന രംഗത്തുണ്ട്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന സുപ്രധാനമായ നാണ്യവിളകളിലൊന്നായി ഇതിനോടകം തേയില മാറി കഴിഞ്ഞു.

ഇതാണ് മൂന്നാർ കാടുകളിൽ തേയിലച്ചെടികൾ വളർന്നതിന്റെ ഏതാണ്ട് ഒന്നര നൂറ്റാണ്ടോളം ദൈർഘ്യമുള്ള ചരിത്രത്തിന്റെ ലഘു വിവരണം. ഈ പറഞ്ഞു പോയ കഥകൾക്കൊപ്പം തന്നെ വിട്ടു പോകാതെ പറയേണ്ടുന്ന മറ്റു ചില സംഗതികൾ കൂടിയുണ്ട്. തേയിലത്തോട്ടങ്ങളിൽ ഘട്ടം ഘട്ടമായുണ്ടായ ആധൂനികരണത്തിന്റെ കഥകൾ.

ലണ്ടനിൽ നിന്നുമെത്തിച്ച ആവിയന്ത്രങ്ങളും ബോഗികളും കൊരങ്ങണിയിൽ നിന്നും ഉരുക്കുവടത്തിലൂടെ വലിച്ചുകയറ്റി. ടോപ്പ് സ്റ്റേഷനിലെത്തിച്ച് നൂറ് വർഷം മുൻപ് മൂന്നാറിൽ ട്രെയിനോടിച്ചതും പ്ലാന്റേഷനുകളിൽ വൈദ്യുതോൽപ്പാദനമാരംഭിച്ചതിന്റെയുമെല്ലാം കഥകൾ അടുത്ത തവണ പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News