
എആര്‍ റഹ്മാന്റെ പാട്ടുകള്‍ക്ക് ഡെസ്‌ക്കില്‍ താളംപിടിച്ചുകൊണ്ടാണ് അവർ തുടങ്ങിയത്. ഡ്രംസിനോട് അടങ്ങാത്ത അഭിനിവേശമുള്ളവർ. വെളിമുക്കിലെ ഈ സംഘം ഇപ്പോൾ വേറെ ലെവലാണ്. വിജയിയുടെ മാസ്റ്ററിൽ ഡ്രംസ് വായിച്ച് മിന്നിച്ചിരിക്കുകയാണ് ഇവരിപ്പോൾ.
VMK മ്യൂസിക് ബാന്‍ഡ് എന്ന കൂട്ടായ്മയാണ് മാസ്റ്ററിലെ ‘ വാത്തി കമിങ് ‘ എന്ന വൈറല്‍ ഗാനത്തിന് ഡ്രംസ് വായിച്ചിരിക്കുന്നത്.
ഏഴുവര്‍ഷം മുന്‍പ് കൗതുകം കൊണ്ടുമാത്രം തുടങ്ങിയതാണ് VMK ബാന്‍ഡ്. വെളിമുക്ക് എന്ന തങ്ങളുടെ കൊച്ചുഗ്രാമത്തിനോടുള്ള ഇഷ്ടം കൊണ്ടാണ് VMK എന്ന് അതിനെ ചുരുക്കി ബാന്‍ഡിന് പേര് നല്‍കിയത്. പ്രശസ്തരായ പല സംഗീത സംവിധായകരുടെയും ഗാനങ്ങള്‍ക്ക് മരത്തടികളിലും, പാത്രങ്ങളിലും താളം പിടിച്ചാണ് ഡ്രംസിന്റെ ലോകത്തേക്ക് കടന്നുവരുന്നത്.
തുടക്ക കാലത്ത് പൂരങ്ങളുടെ നാടായ തൃശൂരിലാണ് ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. കോളേജുകളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള ഡ്രംസ് വായിച്ചും, ബീറ്റ് നല്‍കിയും യുവാക്കള്‍ക്കിടയില്‍ ആവേശമായി മാറുകയായിരുന്നു. കോഴിക്കോട്ടെ ഒരു കോളജില്‍ അവതരിപ്പിച്ച പരിപാടിയാണ് ആദ്യം വൈറലായത്.
ചോരത്തിളപ്പിനോടൊപ്പം ചടുല താളങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ബീറ്റ്‌സ് സാമൂഹ്യമാധ്യമങ്ങളില്‍ വളരെ വേഗം വൈറലായി. 30 ലക്ഷത്തിലേറെ കാഴ്ച്ചക്കാരുള്ള വീഡിയോ ആണിപ്പോഴിത്. തുടര്‍ന്ന് പല കോളജുകളിലും പരിപാടി അവതരിപ്പിച്ചു.
സാമൂഹ്യ മാധ്യമങ്ങിലൂടെ വൈറലായ വീഡിയോകള്‍ കണ്ടാണ് മാസ്റ്ററിന്റെ സംഗീത സംവിധായകനായ അനിരുദ്ധിന്റെ വിളി വരുന്നത്. ഡ്രംസ് വായിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മാസ്റ്റര്‍ സിനിമക്കായി വായിക്കാമൊയെന്ന അദ്ദേഹത്തിന്റെ ചോദ്യം കേട്ടപ്പോള്‍ വിശ്വസിക്കാനായില്ലെന്നും ബാന്‍ഡിന് നേതൃത്വം നല്‍കുന്ന വൈശാഖ് പറഞ്ഞു.
റെക്കോര്‍ഡിങ്ങിനായി ചെന്നൈയിലേക്ക് പോവാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ ട്രെയിന്‍ മിസ്സായി. അനിരുദ്ധിനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ കൊച്ചിയിലെ തങ്ങളുടെ സ്റ്റുഡിയോയില്‍ വച്ച് റേക്കോര്‍ഡ് ചെയ്യാമെന്ന് അദ്ദേഹം പറയുകയായിരുന്നു.
ചെന്നെയില്‍ പോവാന്‍ കഴിയാത്തതു മൂലം ഇളദളപതി വിജയിയെ കാണാനുള്ള സുവര്‍ണാവസരം നഷ്ടമായ സങ്കടമുണ്ടെങ്കിലും ലോകമെമ്പാടുമുള്ള വിജയ് ആരാധകരുടെ പ്രതികരണം കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ഇവര്‍ പറയുന്നു. പരിപാടികള്‍ അവതരിപ്പിക്കാന്‍ ഇപ്പോള്‍ രാജ്യത്തിന്റെ പുറത്തു നിന്നടക്കം വിളികള്‍ വരുന്നുണ്ട്. കോവിഡിനിടയില്‍ പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും മാസ്റ്റര്‍ റിലീസായതോടെ VMK എന്ന മ്യൂസിക് ബാന്‍ഡ് കൂടുതല്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഏഴു വര്‍ഷത്തിന്റെ ഡ്രംസിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും, കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണ് ഈ യുവാക്കളുടെ നേട്ടം..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here