എട്ട് വർഷങ്ങൾക്ക് മുൻപ് ഒരു സംഗീതനിശയിൽ അതിഥിയായെത്തിയ എഴുത്തുകാരി ഹണി ഭാസ്‌ക്കർ ആ പരിപാടിയിലെ തന്നെ ഗായിക സജ്‌ന വിനീഷിനെ പരിചയപ്പെടുന്നു.ആ പരിചയപ്പെടൽ,വരികൾ ഒരു ഗാനമായി മാറുന്നതുപോലെ മനോഹരമായ ഘട്ടങ്ങളിലൂടെ കടന്നുപോയി.രണ്ടു നാടുകളിലിരുന്ന് സോഷ്യൽ മീഡിയയിലെ ഇൻബോക്സിൽ പങ്കു വെച്ച തമാശകളും,വിശേഷങ്ങളും ചർച്ചകളുമൊക്കെ ഒടുവിൽ എത്തിനിൽക്കുന്നത് സോൾമേറ്റ് എന്ന് വിളിക്കാവുന്ന മനോഹരമായ ഗാനത്തിലാണ്.
സജ്നയുടെ ശബ്ദവും സംഗീതത്തെ ധ്യാനമായി കാണുന്ന മനസും ഹണി ഭാസ്‌ക്കർ എന്ന എഴുത്തുകാരിക്ക് ഏറെ പ്രിയപ്പെട്ടതായി.ഒരു വർഷത്തിലധികമായി കാത്ത് വെക്കേണ്ടി വന്ന വരികൾ സജ്നയുടെ കൈകളിലേക്ക് തന്നെ ഏൽപ്പിക്കാൻ തോന്നിയതും അതുകൊണ്ട് തന്നെയാണ് :

ഇനി ഹണി പറയും
പല തടസങ്ങൾ പല രൂപത്തിൽ മുന്നിലെത്തി.കോവിഡ് തന്നെ വലിയ തടസമായിരുന്നു.സാമ്പത്തികം മറ്റൊരു പ്രശ്നമായി.എന്നാൽ എല്ലാ പ്രശ്നങ്ങൾക്ക് മുൻപിലും സജ്‌ന എന്ന സുഹൃത് കൂടെ നിന്നു .ഷൂട്ട് തുടങ്ങിയ ശേഷം പോലും നടക്കില്ല എന്ന് എന്നെ തോന്നിപ്പിച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.എന്നാൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സജ്‌ന പകർന്ന ധൈര്യം ഇപ്പോൾ ഓർക്കുമ്പോൾ എത്ര വലുതാണ് എന്ന് തിരിച്ചറിവ് നൽകുന്നു.ഒരു സ്ത്രീ മറ്റൊരു സ്ത്രീക്ക് എത്രത്തോളം കരുത്ത് പകരും എന്നതിന്റെ പാഠം കൂടിയാണ് എനിക്ക് sayonee
എഴുത്തിൽ നിന്നും പാട്ടെഴുത്തിലേക്ക്
പാട്ടെഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും എൻ്റെ ആദ്യത്തെ ചുവടുവയ്പ്പാണ് “Sayonee”. ഇത് soulmate എന്നർത്ഥം വരുന്ന ഉറുദു വാക്കാണ്. കേട്ടു പരിചിതമല്ലാത്ത ഒരു ടൈറ്റിൽ ആവണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഈ ടൈറ്റിൽ ഉണ്ടാവുന്നത്. വരികളോടും സംഗീതത്തോടും വിഷ്വൽസിനോടും അത്ര തന്നെ ചേർന്നു നിൽക്കുന്ന ഒരു ടൈറ്റിൽ തന്നെ തിരഞ്ഞെടുത്തു.
ഗസൽ പോലെ വരിയും സംഗീതവും
പാട്ടിൻ്റെ കംപോസിംഗ് മുതൽ അതിൻ്റെ റെക്കോർഡിംഗ് കഴിയും വരെ അതിൻ്റെ ഈണത്തിലും അവതരണത്തിലും രാഗം തിരഞ്ഞെടുക്കുന്നതിലും സജ്ന സ്വന്തം സജഷൻസ് പറയുകയും എൻ്റെ അഭിപ്രായങ്ങൾ പരിഗണിക്കുകയും ചെയ്തിട്ടുണ്ട് എന്നത് വല്യ സന്തോഷം തരുന്നു. ഗസൽ മൂഡിലുള്ള വരികളുടെ ആഴം ചോർന്നു പോവാതെ പാട്ടു വരണം എന്ന് ഞങ്ങൾ രണ്ടു പേർക്കും നിർബന്ധം ഉണ്ടായിരുന്നു. ഞങ്ങൾക്കൊപ്പം പ്രോഗ്രാമിംഗ്മായി റാൽഫിൻ സ്റ്റീഫൻ കൂടി ചേർന്നതോടെ പാട്ടിൻ്റെ ഭംഗിയെ അത് കുറച്ചുകൂടി മനോഹരമാക്കി.
അഭിനയം
അഭിനയം ഒട്ടും താല്പര്യമില്ലാതിരുന്ന ആളായിരുന്നു ഞാൻ.ഇതിനുമുൻപും പല ചലച്ചിത്ര സുഹൃത്തുക്കളും അഭിനയത്തിനായി അവസരങ്ങൾ നൽകിയിട്ടുണ്ട്.എന്നാൽ കണ്ണുമടച്ച് അതെല്ലാം ഒഴിവാക്കുകയായിരുന്നു.എന്നാൽ സ്വന്തം ഗാനം ദൃശ്യവൽക്കരിച്ചപ്പോൾ അഭിനയം കൂടി ചെയ്യേണ്ടി വന്നു. കോവിഡിൻ്റെ അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ അങ്ങനൊരു റോൾ ചെയ്യേണ്ടി വന്നു. സുഹൃത്തുക്കളുടെ കൂട്ടുകെട്ടായതിനാൽ അനായാസമായ് ചെയ്യാനും പറ്റി..ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ സമ്മാനിച്ചത് ഷിനിഹാസ് അബുഎന്ന ഛായാഗ്രാഹകനാണ്
സുഹൃത്തുക്കളുടെ പ്രോത്സാഹനം
സുഹൃത്തുക്കളുടെ കൂടി ശ്രമമാണ് സയോനീ .സുഹൃത്തായ
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഹെർമിസ് ഹരിദാസ് ഒപ്പം അഭിനയിച്ചു . അദ്ദേഹത്തിൻ്റെ വൈൽഡ് ലൈഫ് ഷോട്ട്സാണ് പാട്ടിന് ജീവൻ പകർന്ന ചില ദൃശ്യങ്ങളായി ഉപയോഗിച്ച്ത്.ഹെർമിസിന്റെ ആഫ്രിക്കൻ യാത്രകളുടെ ചിത്രങ്ങൾ പാട്ടിൽ ഉപയോഗിച്ചിട്ടുണ്ട്.നിഷ എന്ന എന്റെ സുഹൃത്തിന്റെ വീട് ലൊക്കേഷനായി മാറി.ടീം നട്ടപ്പാതിര യാണ് Sayonee യുടെ പ്രൊഡക്ഷൻ. അവരില്ലായിരുന്നെങ്കിൽ ഈ പാട്ട് ആളുകളിൽ എത്തുമായിരുന്നില്ല.
പാട്ടിനെ കുറിച്ച് പറഞ്ഞപ്പോൾ ഒന്നും നോക്കാതെ മുന്നോട്ടു പോകൂ എന്നു പറഞ്ഞവർ. യു. എ. ഇ യിൽ തന്നെയുള്ള വളരെ അടുത്ത ഫ്രണ്ട്സാണവർ. സത്യത്തിൽ ഞങ്ങളുടെ ഒരു സന്തോഷത്തിനു വേണ്ടി മാത്രം ചെയ്ത പ്രൊജക്റ്റാണിത്. ഷെറി സണ്ണി ജോർജ്ജ്, മുബാറക് മുഹമ്മദാലി, അബ്ദുൾ ലത്തീഫ്, ഷിനാസ് സലാവുദ്ധീൻ, സി.കെ മാസിൻ, സിജു സോമൻ,ഷെരീഫ് സൈനുദ്ധീൻ. ക്രിയേറ്റീവ് സ്പേസിലെ എൻ്റെ കൊച്ചു സന്തോഷങ്ങൾക്കെല്ലാം പിന്നിൽ ഇപ്പോൾ അവരുടെ കയ്യൊപ്പുണ്ട്.ജിതേഷ് പുരുഷോത്തമൻ, നിഷ ഗോപാലകൃഷ്ണൻ, റിബി നൈനാൻ കൃഷ്ണൻ രാജൻ, ശരത്ത്, ആര്യ ഇവരെല്ലാം ലൊക്കേഷനിൽ പല രീതിയിൽ കൂടെ സപ്പോർട്ടു ചെയ്തു നിന്നവരാണ്. അതുപോലെ തന്നെ എഡിറ്റിംഗ് ചെയ്തവരും.
ഇനിയുമുണ്ടായേക്കാം
എഴുത്താണ് എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട മേഖല. ശേഷമേ മറ്റെന്തുമുള്ളൂ. കവിതയിൽ നിന്ന് പാട്ടെഴുത്തിലേക്കുള്ള ഈ മാറ്റം പുതിയ കുറേ അവസരങ്ങൾ തരുന്നുണ്ട്. വരും കാലങ്ങളിൽ പാട്ടെഴുത്തിൽ ആ അവസരങ്ങൾ ഉപയോഗിച്ചേക്കാം.
ഈ പാട്ടിൻ്റെ വിജയം ടീമിനുള്ളതാണ്. ഒരുപാടു പേരുടെ ആത്മാർത്ഥമായ ഇടപെടലിൻ്റെയും അകമഴിഞ്ഞ സ്നേഹത്തിൻ്റെയും വിജയം. വരും കാലങ്ങളിൽ തീർച്ചയായും നല്ല പ്രൊജക്റ്റുകൾ ചെയ്തേക്കും. അതിൽ സിനിമയെന്ന ഒരു വലിയ സ്വപ്നം കൂടി ഉണ്ട്. കാലവും അവസരങ്ങളുമതിന് അനുവദിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു.

Get real time update about this post categories directly on your device, subscribe now.